കാഷ്മീരി മാധ്യമങ്ങൾ വെന്ററിലേറ്ററിൽ കഴിയുന്ന രോഗിയെ പോലെ ഉൗർദ്ധ്വശ്വാസം വലിക്കുകയാണെന്ന് പ്രമുഖ മാധ്യമ പ്രവർത്തകയും കാഷ്മീരി ടൈംസ് എക്സിക്യൂട്ടീവ് എഡിറ്ററുമായ അനുരാധ ഭാസിൻ. ഇന്ത്യൻ മാധ്യമങ്ങളിൽ വലിയൊരുഭാഗം സർക്കാരിന്റെ പ്രചരണ ഉപാധികളായി മാറുന്പോഴാണ് ഈ സ്ഥിതീയെന്നും തൃശൂരിൽ ഒരു ചടങ്ങിൽ സംസാരിക്കവെ അവർ ചൂണ്ടിക്കാട്ടി.
ഒൗദ്യോഗിക മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തനത്തിനും നിരോധനമില്ലെങ്കിലും സർക്കാർ മാധ്യമ പ്രവർത്തനത്തിനുളള സൗകര്യങ്ങളെല്ലാം വിലക്കുകയാണ്. ഇന്റർനെറ്റ് മൗലികാവകാശമാണെന്ന് കോടതി ഉത്തരവ് നിലനിൽക്കുന്ന രാജ്യത്താണ് ഇന്റർനെറ്റ് ഉപയോഗത്തിന് പ്രത്യേക ബോണ്ട് ഏർപ്പെടുത്തിയിരിക്കുന്നത്. എൻക്രിപ്റ്റ്ഡ് ഫയൽ ഉപയോഗിച്ച് ഫോട്ടോ, വീഡിയോ അപ്ലോഡ് ചെയ്യാനോ, പ്രോക്സി, വിപിഎൻ, വൈഫൈ, യുഎസ്ബി പോർട്ടുകൾ എന്നിവ ഉപയോഗിക്കാനോ ബോണ്ടിലെ നിബന്ധനകൾ അനുവദിക്കുന്നില്ല. വാർത്തകളില്ലായ്മ സൃഷ്ടിച്ച നിശ്ബദതയും അതുണ്ടാകുന്ന ശൂന്യതയുമാണ് കാശ്മീരി മാധ്യമ പ്രവർത്തകരെ ഭരിക്കുന്നതെന്നും അവർ പറഞ്ഞു.
മാധ്യമപ്രവർത്തകർ വീട്ടുതടങ്കിലാണ്. ചിലർക്കു സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചിരിക്കുന്നു. പത്രങ്ങളുടെ എഡിറ്റോറിയൽ വരെ മാറിക്കഴിഞ്ഞു. ജനപക്ഷമായ വാർത്തകളെ പറ്റിയോ നിലപാടുകളെ പറ്റിയോ എഡിറ്റോറിയലുകൾ എഴുതാൻ കഴിയാത്ത അവസ്ഥ. പരസ്യങ്ങളുടെ നിഷേധവും മാധ്യമങ്ങളുടെ അച്ചടിയെ പോലും ബാധിക്കുന്നു. പല മാധ്യമപ്രവർത്തകരും മാധ്യമപ്രവർത്തനം നിർത്തി കൂലിപ്പണിക്കു പോകുന്ന സ്ഥിതി. നിസഹായമായ കീഴടങ്ങലിനായി കാഷ്മീരി മാധ്യമങ്ങൾ നിർബന്ധതമാകുന്ന സ്ഥിതിയാണുള്ളതെന്നും അനുരാധ ഭാസിൻ പറഞ്ഞു.
ഇന്ത്യൻ ജനാധിപത്യം അടിയന്തരാവസ്ഥയിലാണ്.. ജനാധിപത്യത്തിന്റെ മൂന്നു തൂണുകൾ ദുർബലമായി കൊണ്ടിരിക്കുന്നു. ഇവയെ നിരീക്ഷിക്കേണ്ട നാലാം തുണായ മാധ്യമങ്ങളെ നിയന്ത്രിക്കുകയും മെരുക്കുകയും ചെയ്യേണ്ടത് മുഖ്യകർമ്മമായാണ് ഭരണകൂടം കാണുന്നത്. നിരീക്ഷണം, പരിഹാസം, വിരട്ടൽ, പിരിച്ച് വിടൽ, കായികാക്രമണം, ക്രിമിനൽ കേസുകൾ തുടങ്ങി പല വിധത്തിൽ നിരവധി മാധ്യമപ്രവർത്തകർ ഇന്ത്യയിൽ ഭരണകൂടത്തിന്റെ വേട്ടയാടലുകൾക്ക് ഇരയായികൊണ്ടിരിക്കുന്നു. 2019-ലെ പത്രസ്വാതന്ത്ര്യ സൂചികയിൽ 140-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയിരിക്കുകയാണ് ഇന്ത്യ. കീഴടങ്ങലിനോ വേട്ടയാടപെടലിനോ മാധ്യമപ്രവർത്തകർ വഴങ്ങേണ്ട സ്ഥിതിയിലാണ് കാര്യങ്ങളെന്നും അവർ ചൂണ്ടിക്കാട്ടി.