സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍ക്കായുളള കാത്തിരിപ്പിലാണ് ആരാധകര്‍. നിലവില്‍ ഏആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന ദര്‍ബാറാണ് തലൈവരുടെതായി റിലീസിങ്ങിനൊരുങ്ങുന്നത്. ചിത്രം പൊങ്കല്‍ റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ദര്‍ബാറിന് പിന്നാലെ സിരുത്തൈ ശിവയ്‌ക്കൊപ്പമാണ് സൂപ്പര്‍ താരം ഒന്നിക്കുന്നത്.

തമിഴിലെ പ്രമുഖ ബാനറുകളിലൊന്നായ സണ്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ വമ്ബന്‍ താരനിര തന്നെയാണ് അണിനിരക്കുന്നത്. തലൈവര്‍ 168ല്‍ കീര്‍ത്തി സുരേഷ് നായികമാരില്‍ ഒരാളായി എത്തുമെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ കീര്‍ത്തിക്ക് പിന്നാലെ നീണ്ട ഇടവേളയ്ക്ക് ശേഷം മീന,ഖുശ്ബു തുടങ്ങിയവരും സ്‌റ്റൈല്‍മന്നനൊപ്പം എത്തുകയാണ്.

സിനിമയില്‍ രജനിയുടെ ഭാര്യയായിട്ടാണ് മീന എത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മുത്തു എന്ന സിനിമ കഴിഞ്ഞ് 24 വര്‍ഷത്തിന് ശേഷമാണ് നടി രജനിക്കൊപ്പം ഒന്നിക്കുന്നത്,. ഇവര്‍ക്കൊപ്പം പ്രകാശ് രാജും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഡി ഇമാനാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കുന്നത്.

അജിത്തിനെ നായകനാക്കിയുളള വിശ്വാസം എന്ന ചിത്രമായിരുന്നു സിരുത്തെ ശിവ ഒടുവിലായി ഒരുക്കിയത്. സിനിമ തിയ്യേറ്ററുകളില്‍ വലിയ വിജയമാവുകയും ചെയ്തിരുന്നു.