ഫ്ലോറിഡ: ‘ആഫ്രിക്കയുടെ ബില്ലി ഗ്രഹാം’ എന്നറിയപ്പെട്ടിരുന്ന സുപ്രസിദ്ധ വചന പ്രഘോഷകന്‍ റെയിന്‍ഹാര്‍ഡ് ബോങ്കെയുടെ നിര്യാണത്തില്‍ അനുശോചനവുമായി ആഗോള സമൂഹം. ഡിസംബര്‍ ഏഴിന് തന്റെ എഴുപത്തിയൊന്‍പതാമത്തെ വയസ്സില്‍ അമേരിക്കയില്‍ വെച്ചായിരുന്നു ലോകം കണ്ട ഏറ്റവും വലിയ വചന പ്രഘോഷണ ശുശ്രൂഷകള്‍ സംഘടിപ്പിച്ചിട്ടുള്ള ബോങ്കെയുടെ അന്ത്യം. ‘ആഫ്രിക്കക്കും, ലോകത്തിനുമുണ്ടായ തീരാ നഷ്ടം’ എന്നാണ് നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ്‌ ബുഹാരി ബോങ്കെയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് കുറിച്ചിരിക്കുന്നത്. പതിറ്റാണ്ടുകളോളം ആഫ്രിക്കയില്‍ നടത്തിയ സുവിശേഷവേലയിലൂടെയാണ് ബോങ്കെയെ ലോകം അറിഞ്ഞത്.

അദ്ദേഹത്തിന്റെ ശുശ്രൂഷകളുടെ ഫലമായി ഏതാണ്ട് 7.9 കോടി ആളുകള്‍ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചുവെന്ന് ബോങ്കെയുടെ മിനിസ്ട്രി വെബ്സൈറ്റിനെ ഉദ്ധരിച്ച് ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബോങ്കെ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട വാര്‍ത്ത അദ്ദേഹത്തിന്റെ കുടുംബം ഫേസ്ബുക്കിലൂടെയാണ് ലോകത്തെ അറിയിച്ചത്. ‘ക്രിസ്തു സകല ജനതകള്‍ക്കും വേണ്ടി’ (ക്രൈസ്റ്റ് ഫോര്‍ ഓള്‍ നേഷന്‍സ്) എന്ന സുവിശേഷ സംഘടനയുടെ സ്ഥാപകനായ ബോങ്കെ പതിറ്റാണ്ടുകളോളമാണ് ആഫ്രിക്കയിലെ നൈജീരിയയില്‍ വചന പ്രഘോഷണം നടത്തിയത്. രോഗശാന്തി ശുശ്രൂഷകളുടെ പേരിലും ബോങ്കെ പ്രസിദ്ധനായിരുന്നു.

1940-ല്‍ ജര്‍മ്മനിയിലെ കോനിഗ്സ്ബര്‍ഗിലാണ് ജനനം. ജര്‍മ്മന്‍ പെന്തക്കോസ്തല്‍ സഭാംഗമായിരുന്ന ബോങ്കെക്ക് തന്റെ പത്താമത്തെ വയസ്സിലാണ് സുവിശേഷ വേലക്കുള്ള ദൈവവിളി ലഭിക്കുന്നത്. 1967-ല്‍ ആരംഭിച്ച ബോങ്കെയുടെ സുവിശേഷ വേല 2017 വരെ തുടര്‍ന്നു. 1974-ലാണ് അദ്ദേഹം ‘ക്രൈസ്റ്റ് ഫോര്‍ ഓള്‍ നേഷന്‍സ്’ എന്ന സുവിശേഷ സംഘടന സ്ഥാപിക്കുന്നത്. 2000 നവംബറില്‍ നൈജീരിയയിലെ ലാഗോസില്‍ അദ്ദേഹം നടത്തിയ വചന ശുശ്രൂഷയിലെ പങ്കെടുക്കാനെത്തിയത് 16 ലക്ഷത്തോളം ആളുകളാണ്. 2017 ഒക്ടോബറില്‍ നൈജീരിയയില്‍ നടത്തിയ വിടവാങ്ങല്‍ ശുശ്രൂഷയില്‍ പങ്കെടുത്തതു 17 ലക്ഷത്തോളം പേരും.

ശുശ്രൂഷകളുടെ ഭാഗമായി കേരളം അടക്കം ഭാരതത്തിലെ വിവിധ ഭാഗങ്ങളിലും അദ്ദേഹം പര്യടനം നടത്തിയിരിന്നു. നാല്‍പ്പതോളം ഗ്രന്ഥങ്ങളും ഇദ്ദേഹത്തിന്റെ പേരിലുണ്ട്. നൈജീരിയന്‍ പ്രസിഡന്‍റ് ബുഹാരിക്ക് പുറമേ യു.എസ് പ്രസിഡന്റിന്റെ ആത്മീയ ഉപദേശകയായ പോള വൈറ്റ്-കെയിന്‍, പാസ്റ്റര്‍ ബെന്നി ഹിന്‍, ഹില്‍സോങ്ങ് ചര്‍ച്ച് ഗ്ലോബല്‍ സീനിയര്‍ പാസ്റ്റര്‍ ബ്രയാന്‍ ഹൂസ്റ്റന്‍ തുടങ്ങിയ പ്രമുഖരും ബോങ്കെയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.