തിരുവനന്തപുരം: ജനതാദള്‍ പാര്‍ട്ടികള്‍ ലയനത്തിനൊരുങ്ങുന്നു. ലോക് താന്ത്രിക് ജനതാദളും ജനതാദള്‍ എസുമാണ് ലയനത്തിന് തയ്യാറെടുക്കുന്നു. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. എല്‍.ജെ.ഡി നേതാവ് എം.പി വീരേന്ദ്രകുമാറുമായി പ്രാഥമിക ചര്‍ച്ച നടത്തിയെന്ന് ജെ.ഡി.എസ് സംസ്ഥാന അധ്യക്ഷ സി.കെ നാണു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ ഒരുമിക്കേണ്ട സമയമാണിതെന്ന് സി.കെ നാണു പറഞ്ഞു. ജനതാദള്‍ പ്രസ്താനം ഭിന്നിച്ച്‌ പോകാതെ ഒരുമിക്കണം. ഇരു പാര്‍ട്ടികള്‍ക്കും ലയനത്തില്‍ താല്‍പ്പര്യമുണ്ട്. എല്ലാവരും സന്നദ്ധരായാല്‍ കാര്യങ്ങള്‍ അനുകൂലമാകുമെന്നും സി.കെ നാണു പറഞ്ഞു. ജെ.ഡി.എസ് സംസ്ഥാന സമിതിയിലും ലയനം ചര്‍ച്ചയായിരുന്നു. ലയനത്തിന് തടസമില്ലെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി വ്യക്തമാക്കി.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുമ്ബ് ലയനം വേണമെന്നാണ് ജെ.ഡി.എസ് നിലപാട്. ലയനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എല്‍.ജെ.ഡിയിലും ഉപസമിതി രൂപീകരിച്ചിട്ടുണ്ട്. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ഖ് പി. ഹാരിസിന്റെ നേതൃത്വത്തിലാണ് സമിതി. സി.കെ നാണു, കെ. കൃഷ്ണന്‍കുട്ടി എന്നിവരാണ് ജെ.ഡി.എസില്‍ ലയനനീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.