കൊച്ചി: ഫ്ലാറ്റ് കേസില്‍ മരട് പഞ്ചായത്ത് മുന്‍ സെക്രട്ടറി മുഹമ്മദ് അഷറഫിന് ജാമ്യം ലഭിച്ചു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ 58 ദിവസത്തോളമായി ഇയാള്‍ മൂവാറ്റുപുഴ സബ് ജയിലില്‍ റിമാന്‍റിലായിരുന്നു. മരട് പഞ്ചായത്ത്‌ സമിതിയുടെ അറിവോടെയാണ് ഫ്ലാറ്റ് നിര്‍മ്മാണത്തിന് അനുമതി നല്‍കിയതെന്ന് മുഹമ്മദ്‌ അഷറഫ് നേരത്തെ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. ഇതോടെയാണ് മരട് പഞ്ചായത്ത്‌ മുന്‍ അംഗങ്ങളിലേക്കും ക്രൈം ബ്രാഞ്ച് അന്വേഷണം വ്യാപിപ്പിച്ചത്.

അതിനിടെ മരടില്‍ ഫ്ലാറ്റുകള്‍ പൊളിക്കുന്നതിന് മുന്നോടിയായുള്ള പ്രദേശവാസികള്‍ക്കായുള്ള ഇന്‍ഷുറന്‍സ് കമ്ബനിയുടെ സര്‍വ്വേ പുനരാരംഭിക്കാന്‍ തീരുമാനമായി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നേരത്തെ തടസ്സപ്പെട്ട സര്‍വ്വേയാണ് സബ് കളക്ടര്‍ ഇടപെട്ട് പുനരാരംഭിക്കുന്നത്. പ്രേദേശവാസികളുമായി സബ്‍കളക്ടര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.