ന്യൂഡല്‍ഹി:ശബരിമല സന്ദര്‍ശനത്തിന് സുരക്ഷ ആവശ്യപ്പെട്ട് രഹ്ന ഫാത്തിമ നല്കിയ റിട്ട്ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ്ഹര്ജി പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസിന് പുറമെ ബെഞ്ചില്‍ ജസ്റ്റിസുമാരായ ബി ആര് ഗവായ്, സൂര്യകാന്ത് എന്നിവരാണ് അംഗങ്ങള്‍.
രഹ്ന ഫാത്തിമയുടെ ഹര്‍ജിയില്‍ അഖില ഭാരതീയ അയ്യപ്പ ധര്‍മ്മ പ്രചാര സഭ നല്കിയ തടസ്സ ഹര്‍ജിയും സുപ്രീം കോടതി ലിസ്റ്റ് ചെയ്തിട്ടുണ്ട്. രഹ്നയുടെ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അരയ സമാജം സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. അതേസമയം ശബരിമല സന്ദര്‍ശനത്തിന് അനുമതി തേടി ബിന്ദു അമ്മിണി നല്കിയ അപേക്ഷ ഇതുവരെ വെള്ളിയാഴ്ച പരിഗണിക്കുന്ന ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. തന്ത്രി കണ്ഠരര് രാജീവര് നല്കിയ പുനഃപരിശോധനയിലാണ് ബിന്ദു അമ്മിണി അപേക്ഷ ഫയല്‍ ചെയ്തിരുന്നത്.
പുനഃപരിശോധന ഹര്‍ജിയിലെ അപേക്ഷയായതിനാല്‍ ബിന്ദുവിന്റെഹര്ജി ആദ്യം പരിഗണിച്ച ഭരണഘടന ബെഞ്ചാണ്പരിഗണിക്കേണ്ടതെന്ന് സുപ്രീം കോടതി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് ആയിരുന്ന രഞ്ജന്‍ ഗോഗോയ് വിരമിച്ച സാഹചര്യത്തില്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ പുതിയ ഒരു അംഗത്തിനെ ഉള്‍പ്പെടുത്തി ബെഞ്ച് പുനഃസംഘടിപ്പിക്കേണ്ടതുണ്ട്.
എന്നാല്‍ കഴിഞ്ഞ ആഴ്ച ബിന്ദുവിന്റെ ആവശ്യം ഇന്ദിര ജയ് സിംഗ് കോടതിയില്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഈ ആഴ്ച പരിഗണിക്കാം എന്നായിരുന്നു ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നത്. വെള്ളിയാഴ്ച പരിഗണിക്കുന്ന കേസുകളുടെ അന്തിമ പട്ടിക വ്യാഴാഴ്ച വൈകിട്ട് മാത്രമേ പുറത്ത് വരികയുള്ളു.
ശബരിമല യുവതി പ്രവേശന വിഷയത്തില്‍ 2018 ല്‍ സുപ്രീം കോടതി ഭരണഘടന ബെഞ്ച് പുറപ്പെടുവിച്ച വിധി അന്തിമ വാക്കല്ലെന്ന്കഴിഞ്ഞ ആഴ്ച ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചിരുന്നു. അതിന് പുറമെ വിഷയം ഏഴംഗ ബെഞ്ചിന്റെ പരിഗണനയിലാണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ചീഫ് ജസ്റ്റിസിനൊപ്പം രഹ്നയുടെ ഹര്‍ജി കേള്‍ക്കുന്ന ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ബി എസ് ഗവായ്, എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് നിലവില്‍ ശബരിമലയില്‍ പ്രവേശിച്ച് കൂടെ എന്ന് മറ്റൊരു ബെഞ്ചില്‍ അംഗം ആയിരിക്കെ ചോദിച്ചിരുന്നു.