തിരുവനന്തപുരം: ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്‍റെ ഇന്‍റര്‍നെറ്റ് റേഡിയോ കേരള, മുഖ്യമന്ത്രി പിണറായി വിജയന്‍ ചൊവ്വാഴ്ച വൈകുന്നേരം ആറിന് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ വെച്ച്‌ ഉദ്ഘാടനം ചെയ്യും. ലോക മലയാളികള്‍ക്ക് കേരളത്തിന്‍റെ ഭാഷ, സംസ്‌കാരം, സാഹിത്യം, സംസ്ഥാനത്ത് പ്രതിദിനമുണ്ടാകുന്ന മാറ്റങ്ങള്‍ തുടങ്ങിയവ നിരന്തരം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ റേഡിയോ കേരള തുടങ്ങുന്നത്.

പുതുമയുള്ള അന്‍പതോളം പരിപാടികളാണ് റേഡിയോ കേരളയിലൂടെ ശ്രോതാക്കള്‍ക്ക് മുന്നിലെത്തുക. ഓരോ മണിക്കൂറിലും വാര്‍ത്തകളുമുണ്ട്. www.radio.kerala.gov.in ല്‍ ഓണ്‍ലൈനായി റേഡിയോ പരിപാടികള്‍ കേള്‍ക്കാം.
വി.കെ. പ്രശാന്ത് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മുഖ്യമന്ത്രി റേഡിയോ മുദ്രാഗാനം പ്രകാശനം ചെയ്യും.

പ്രഭാവര്‍മ്മ എഴുതിയ ഗാനത്തിന് സംഗീത സംവിധായകന്‍ ഔസേപ്പച്ചനാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. പി.ആര്‍.ഡി പുറത്തിറക്കുന്ന സര്‍ക്കാര്‍ ധനസഹായ പദ്ധതികള്‍ പുസ്തകത്തിന്‍റെ പുതിയ പതിപ്പിന്‍റെ വിതരണോദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. പുസ്തകത്തിന്‍റെ കവര്‍ചിത്രം വരച്ച ഭിന്നശേഷി ചിത്രകാരി നൂര്‍ ജലീലയ്ക്ക് മുഖ്യമന്ത്രി ഉപഹാരം സമ്മാനിക്കും. പി.ആര്‍.ഡിയുടെ നവീകരിച്ച ന്യൂസ്പോര്‍ട്ടല്‍ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും.