ഹ്യൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണിന്റെ (മാഗ്) പുതിയ പ്രസിഡന്റായി ഡോ. സാം ജോസഫ് തെരഞ്ഞെടുക്കപ്പെട്ടതില്‍ മലയാളികള്‍ ആഹ്ലാദത്തിമര്‍പ്പില്‍. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ വിജയമാണ് ഡോ. സാം ജോസഫിന്റെ പാനല്‍ സ്വന്തമാക്കിയത്. ഇന്നലെ നടന്ന വിക്ടറി പാര്‍ട്ടിയില്‍ നിരവധി പേര്‍ പങ്കെടുത്തു. വാശിയേറിയ പോരാട്ടത്തിലും മലയാളികളുടെ യശസ് ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ള വിജയമാണ് ഡോ. സാം ജോസഫ് നടത്തിയതെന്ന് പരിപാടിയുടെ ഉദ്ഘാടനകനായ ശശിധരന്‍ നായര്‍ അഭിപ്രായപ്പെട്ടു. മലയാളികളെ ഒരു കുടക്കീഴീല്‍ നിര്‍ത്തിക്കൊണ്ടു മുന്നോട്ടു കൊണ്ടു പോകാന്‍ പുതിയ ഭരണസമിതിക്ക് കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

കെന്‍ മാത്യു കീനോട്ട് സ്പീക്കര്‍ ആയിരുന്നു. സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സില്‍ നിന്നും സണ്ണി കാരിക്കല്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ എം.എം എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു. വിജയികള്‍ക്ക് പുഷ്പങ്ങള്‍ നല്‍കി ആശംസകള്‍ നേരാന്‍ നിരവദി പേര്‍ എത്തിയിരുന്നു. സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രതിനിധിയും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റുമായി ഡോ. ജോര്‍ജ് എം. കാക്കനാട്ട് വിജയികള്‍ക്ക് ഹാരാര്‍പ്പണം നടത്തി. പരിപാടിയില്‍ നിരവധി പേര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ഹൂസ്റ്റണിലെ മലയാളികളുടെ വിജയമാണ് ഈ തെരഞ്ഞെടുപ്പില്‍ കണ്ടതെന്നു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോ. സാം ജോസഫ് പറഞ്ഞു. മത്സരബുദ്ധിയെന്നതിലുപരി ചിട്ടയോടു കൂടി നടത്തിയ പ്രവര്‍ത്തനമാണ് ഈ വിജയത്തിനു നിദാനമെന്നും ഇതിനു വേണ്ടി പിന്തുണയര്‍പ്പിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇനി ഹ്യൂസ്റ്റണിലുള്ള മുഴുവന്‍ മലയാളികളെയും അണിനിരത്തി കൊണ്ടു പുതിയൊരു യുഗപിറവിക്കു വേണ്ടിയുള്ള ശ്രമമാണ് ഉണ്ടാവുന്നതെന്നും അതിനു വേണ്ടിയുള്ള ഭഗീരഥപ്രയത്‌നമാണ് തുടരാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ ആരും പരാജയപ്പെട്ടിട്ടില്ല, മത്സരിച്ച് തോറ്റിട്ടുമില്ല, എല്ലാവരും ഒരേമനസ്സോടെ മുന്നോട്ടു പോകുവാനുള്ള ഒരു വേദിയായി മാഗിനെ മാറ്റിയെടുക്കുക എന്നതിനാണ് മുഖ്യപ്രാധാന്യം നല്‍കുന്നതെന്നും ഡോ. സാം ജോസഫ് നന്ദിപ്രസംഗത്തില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത മുഴുവന്‍ മലയാളി സുഹൃത്തുക്കള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. മലയാളി അസോസിയേഷന്റെ വാതില്‍ ഹൂസ്റ്റണിലെ മുഴുവന്‍ മലയാളികള്‍ക്ക് വേണ്ടി തുറന്നിടുകയാണ്. മുതിര്‍ന്നവര്‍ക്ക് വേണ്ടി പുതിയ പദ്ധതികള്‍ കൊണ്ടു വരും. മലയാളികളുടെ തറവാടായി ഇത് മാറ്റും. പുതിയ തലമുറയ്ക്ക് മലയാളത്തിന്റെ തനതു സംസ്‌ക്കാരം പഠിക്കാനുള്ള അവസരമൊരുക്കും. ഇതൊരു പുതിയ ഉദയമാണ്. അതിനു വേണ്ടിയുള്ള കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് ഇനി ഉണ്ടാവാന്‍ പോകുന്നതെന്നും സാം ജോസഫ് പറഞ്ഞു.