ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ അടുത്തയാഴ്ച നടപ്പിലാക്കാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുമ്ബോള്‍ തന്നെ കേസിലെ മറ്റൊരു പ്രതികൂടി പുനഃപരിശോധന ഹര്‍ജി നല്‍കി. വധശിക്ഷ നല്‍കിയ വിധി പുനഃപരിശോധിക്കണമെന്ന് കാട്ടി അക്ഷയ് ഠാക്കൂറെന്ന പ്രതിയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

നേരത്തെ നിര്‍ഭയ കേസ് പ്രതികളെ ഉടന്‍ തൂക്കിലേറ്റുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ബിഹാറിലെ ബക്സര്‍ ജിയിലിന് തൂക്കുകയര്‍ നിര്‍മ്മിക്കാന്‍ നിര്‍ദേശം നല്‍കിയതിനു പിന്നാലെയായിരുന്നു അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്. കഴിഞ്ഞദിവസം മറ്റൊരു പ്രതിയായ വിനയ് കുമാര്‍ സമര്‍പ്പിച്ച ദയാഹര്‍ജി തള്ളണമെന്ന് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് അക്ഷയ് ഠാക്കൂര്‍ ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. കേസിലെ മറ്റുപ്രതികളായ വിനയ് കുമാര്‍, മുകേഷ് സിങ്, പവന്‍ ഗുപ്ത എന്നിവരുടെ ഹര്‍ജികള്‍ സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു.

സുപ്രീംകോടതി അക്ഷയ് ഠാക്കൂറിന്‍റെ പുനഃപരിശോധന ഹര്‍ജി തള്ളുകയാണെങ്കില്‍ അദ്ദേഹത്തിന് രാഷ്ട്രപതിയ്ക്ക് ദയാഹര്‍ജി നല്‍കാനുള്ള അവസരമുണ്ട്. 2012 ഡിസംബര്‍ 16നായിരുന്നു നിര്‍ഭയയെ ആറുപേര്‍ ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തില്‍ ഗുരുതരമായി പരുക്കേറ്റ 23കാരി പിന്നീട് മരണപ്പെടുകയും ചെയ്തു. കേസില്‍ ആറുപ്രതികളാണുണ്ടായിരുന്നത്. ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളായിരുന്നു. മറ്റൊരു പ്രതിയായ രാം സിങ് ജിയിലില്‍ നിന്ന് തൂങ്ങിമരിക്കുകയും ചെയ്തു.

അതേസമയം, 10 തൂക്കുകയറുകള്‍ നിര്‍മ്മിച്ച്‌ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ ഇത് എവിടെ ഉപയോഗിക്കാനാണെന്ന് അറിയില്ലെന്നും ജയില്‍ സൂപ്രണ്ട് വിജയ് കുമാര്‍ അറോറ പറഞ്ഞിരുന്നു. ഡിസംബര്‍ 14നു മുന്‍പായി 10 തൂക്കുകയറുകള്‍ തയ്യാറാക്കണമെന്ന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ഇത് എവിടെ ഉപയോഗിക്കാനാണെന്ന് അറിയില്ല.