റിലീസ് ചെയ്യാന്‍ പോകുന്ന മമ്മൂട്ടി ചിത്രം മാമാങ്കത്തെ മുന്‍നിര്‍ത്തി തനിക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് വിശദമറുപടിയുമായി മുന്‍സംവിധായകന്‍ സജീവ് പിള്ള. മാമാങ്കം സിനിമയുടെ തിരക്കഥ ചര്‍ച്ച മുതല്‍ ഷൂട്ടിംഗ് ഘട്ടത്തിലും പിന്നീടും ഉണ്ടായ പ്രശ്‌നങ്ങളിലും ആരോപണങ്ങളിലും തനിക്ക് പറയാനുള്ളത് എന്ന് പറഞ്ഞാണ് സജീവ് പിള്ളയുടെ മറുപടി.

സജീവ് പിള്ളയുടെ മറുപടി താഴെ വായിക്കാം

മാഞ്ഞ് പോകാത്ത സത്യങ്ങൾ

മാമാങ്കം എന്ന നോവൽ പുറത്തിറങ്ങിയിരിക്കുന്നു. സിനിമയായി സാഷാത്കരിക്കുവാൻ ഞാൻ തയാറാക്കിയ തിരക്കഥയുടെ മൂലകൃതി. ഞാൻ ജീവിതം കൊടുത്ത എന്റെ സിനിമയിൽ​ നിന്ന് എന്നെ ചതിയിലൂടെയും വഞ്ചനയിലൂടെയും പുറത്താക്കുമ്പോൾ, യഥാർത്ഥ സൃഷ്ടിയെ അറിയാൻ ആ നോവൽ മാത്രമാണ് പോംവഴി.

കുറേ ദിവസം മുമ്പ് ഓൺലൈൻ പത്രങ്ങളിൽ പണിയെടുക്കുന്ന ചില യുവസുഹൃത്തുകൾ വിളിച്ചു. അവർ പറഞ്ഞു, മാമാങ്കം സിനിമയുടെ പ്രൊമോഷൻ ടീം ഒരു ഫെയ്സ് ബുക്ക് പോസ്റ്റ് തന്നിട്ടുണ്ട്. പ്രൊമോഷൻ ടീം തരുന്നതാണ് (അതായത് പരസ്യങ്ങൾ പോലെ പണം എറിഞ്ഞുള്ള ഏർപ്പാടാണ്) അത് ഞങ്ങൾക്ക് ഇട്ടേ പറ്റൂ. അങ്ങനെയാണ് മാമാങ്കം സിനിമയുടെ നിർമ്മാതാവിന്റെ സംഘാംഗം ഇട്ട നീണ്ട ഫെയ്സ് ബുക്ക് പോസ്റ്റ് കാണുന്നത്.

പുസ്തകം പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട ചില തിരക്കുകളായത് കൊണ്ടാണ് മറുപടി എഴുതാൻ വൈകിയത്. ഒപ്പം തന്നെ ചിത്രവുമായി ബന്ധപ്പെട്ട കള്ളക്കേസും അപകീർത്തിയും കോടതിവ്യവഹാരവും കൂടി നേരിടേണ്ടതുണ്ടായിരുന്നു.
ഒരു തത്വദീക്ഷയുമില്ലാതെ, നിരന്തരം കള്ളം പറഞ്ഞുകൊണ്ടിരുന്നാൽ സത്യം മറഞ്ഞ് പോകും എന്ന് ഞാൻ കരുതുന്നതുമില്ല. അതും ഒരേ വിഷയത്തെക്കുറിച്ച് പരസ്യമായി പല കള്ളങ്ങൾ പറഞ്ഞാൽ. എന്നാൽ ഈ കുറിപ്പുമായി വന്ന്, നിരവധി പേർ ഉത്തരം വേണമെന്ന് ശഠിച്ച്കൊണ്ട് ഇരിക്കുന്നു.
പലവട്ടം പറഞ്ഞതാണ് എങ്കിലും വീണ്ടും ഈ മറുപടി എഴുതുന്നു.

വിശ്വസിക്കാനാകാത്ത ഒരു വലിയ നഷ്ടവും പിന്നെ നീണ്ട, നമ്മളെ അങ്ങേയറ്റം ബാധിക്കുന്ന ചതികളും കയറിയിറങ്ങിയിട്ടും അവസാനിക്കാതെ പോകുന്ന കള്ളങ്ങളേയും തന്ത്രങ്ങളേയും വീണ്ടും വീണ്ടും നേരിടുന്നത് ഒട്ടും നല്ല ഒരു അനുഭവമല്ല. അതുകൊണ്ട്, പോയിന്റുകൾ മാത്രമേ പറയുന്നുള്ളൂ. പലതും പല ആവർത്തി പറഞ്ഞതാണെങ്കിലും വീണ്ടും ആവർത്തിക്കേണ്ടി വരികയാണ്.

*കോടതിയും പോലീസ് കേസുകളും

മാമാങ്കം സിനിമയുമായി ബന്ധപ്പെട്ട് ഇതുവരേയും വിചാരണ നടന്നിട്ടില്ല. തെളിവുകൾ പരിഗണിച്ച് തുടങ്ങിയിട്ടില്ല.
സിനിമയ്ക് താല്കാലിക നിരോധനം കിട്ടിയില്ല എന്നത് മാത്രം ശരിയാണ്. 50 കോടിക്ക് മേൽ മുടക്കി എന്ന് അവകാശപ്പെടുന്ന പ്രൊജക്ടിനാണ് മറ്റെന്തിനോക്കാളും ഇപ്പോൾ പ്രാധന്യം എന്നുള്ള നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ്, മറ്റ് കാര്യങ്ങൾ വിചാരണയിൽ പരിഗണിക്കാം എന്ന് കോടതി പറഞ്ഞിട്ടുള്ളത്. വിചാരണ വേണ്ടതാണെന്ന് കോടതി കൃത്യമായും വ്യക്തമാക്കിയിട്ടും ഉണ്ട്.

താല്കാലിക നിരോധനമാണ് കോടതി അനുവദിക്കാതിരുന്നത്. പൂർണ്ണമായ വിചാരണക്കും തെളിവുകളുടെ പരിഗണനക്കും ശേഷം അവസാനം നീതി ലഭിക്കും എന്ന് തന്നെയാണ് എന്റെ വിശ്വാസം.

ഈ കരാറിന്റെ തന്നെ സാധുത ചോദ്യം ചെയ്തും സ്ക്രിപ്ടിന്റെ ഉടമസ്ഥാവകാശത്തെയും അതിൽ നിന്ന് ഒരിക്കലും വിട്ട് പോകാത്ത സൃഷ്ടികർത്താവിന്റെ പേര് നീക്കിയതിനേക്കുറിച്ചും സ്ക്രിപ്ടാകെ വികലമാക്കിയതിനെക്കുറിച്ചും ഉള്ള വിഷയങ്ങൾ കോടതിയുടെ പരിഗണനയിലാണ്.

കഴിഞ്ഞ ജനുവരിയിൽ, അങ്കമാലിയിൽ നിന്ന് എകദേശം മുന്നൂറ് കിലോമീറ്റർ യാത്ര ചെയ്ത് ഒരു ഇന്നോവ കാറ് വന്ന് എന്റെ വീടും പരിസരവും നോക്കി വെയ്ച്ച് പോവുകയായിരുന്നു. എന്തിനായിരുന്നു അത്?

അന്വേഷണത്തിൽ ആ കാറ് ഇപ്പോൾ എനിക്കെതിരെ കള്ളക്കേസ് കൊടുത്ത് എന്നെ അവിക്കുള്ളിലാക്കാൻ നോക്കുന്ന എക്സിക്യുട്ടീവ് പ്രൊഡ്യൂസറുടേതാണെന്ന് മനസ്സിലാക്കി. തെളിവുകൾ സഹിതം പോലീസിൽ പരാതിപ്പെട്ടെങ്കിലും എഫ്.ഐ.ആർ. ഇടാൻ പോലീസ് തയാറായില്ല. അതേ നിങ്ങളുടെ പണവും സ്വാധീനവും വളരെ വലുതാണ്. ഇപ്പോൾ ഞാൻ സൈബർ കൊട്ടേഷൻ കൊടുത്തുവെന്നും ഫേയ്ക്ക് അക്കൌണ്ടുകളിലൂടെ സിനിമയ്ക്കെതിരെ പ്രചാരവേല ചെയ്യുന്നു എന്നും പറഞ്ഞിട്ട് നിങ്ങൾ ഒരു തെളിവുമില്ലാതെ, യാതൊരു അടിസ്ഥാനവുമില്ലാതെ കൊടുത്ത് കേസ് പോലീസ് എഫ്.ഐ.ആർ. ഇട്ടു. ഇപ്പോൾ കേസ് കൊടുത്തിരിക്കുന്ന വ്യക്തിയുടെ പേരിലുള്ള ഇന്നോവയാണ് മാസങ്ങൾക്ക് മുൻപ് എന്നെ അന്വേഷിച്ച് നാട്ടിലെത്തുന്നത്. പോലീസ് എന്റെ വീട് കേറിയിറങ്ങി പോകുന്നുണ്ട്. നിങ്ങൾ പ്രൊമോഷന്റെ പേരിൽ പണം കൊടുത്തു എല്ലായിടത്തും വലിയ വാർത്തയും വരുത്തി.

എനിക്ക് ഫേക്ക് അക്കൌണ്ടുകൾ ഇല്ല. ഞാൻ പറയാനുള്ളത് എന്റെ അക്കൌണ്ടിൽ നിന്ന് തന്നെ കൃത്യമായും വ്യക്തമായും പറഞ്ഞിട്ടുണ്ട്. നിങ്ങൾ പറയുന്നതിൽ അല്പമെങ്കിലും സത്യമുണ്ടെങ്കിൽ നിങ്ങൾ പറയുന്ന ഫേക്ക് അക്കൌണ്ടുകളെ കുറിച്ച് അന്വേഷിപ്പിക്കുണം. പ്രധാനമായും നിങ്ങൾ പറയുന്ന ഒരക്കൌണ്ട് മമ്മൂട്ടി സിനിമകൾ പ്രൊമോട്ട് ചെയ്യുന്ന ഒന്നാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് എന്ന് മനസ്സിലാക്കി, അതുവഴി ഒന്നും ചെയ്യാനാകില്ലാ എന്ന് നന്നായി അറിയാവുന്ന നിങ്ങൾ പക്ഷേ മറ്റൊരു കാര്യം ചെയ്തു. വകുപ്പ് 120 ബി ( ഗൂഢാലോചന) ഇതിനോടൊപ്പം ചേർക്കുമെന്ന് പത്രക്കുറിപ്പ് കൊടുത്തു. അതായത്, പോലീസ് എന്ത് വകുപ്പ് ചേർക്കുമെന്ന് നിങ്ങൾ തീരുമാനിക്കുകയാണ്. നിങ്ങൾക്ക് വേണ്ടി പോലീസ് അത് ചെയ്യുമെന്ന് മുൻകൂട്ടി പത്രക്കുറിപ്പ് കൊടുക്കുകയാണ്. എന്താണ് അതിനർത്ഥം? നിങ്ങളുടെ ആജ്ഞക്കനുസരിച്ചാണോ പോലീസും നിയമവും പ്രവർത്തിക്കുന്നത്?

ഇതോക്കെ ചെയ്യുമ്പോൾ, എന്നെ കരുവാക്കുമ്പോൾ, ജനം മുഴുവൻ നിങ്ങളെ പേടിച്ച് വായടക്കുമെന്നാണോ നിങ്ങൾ കരുതുന്നത്?
ജനങ്ങൾ അതേക്കുറിച്ച് പറയും. പറയുന്നവരെയെല്ലാം കേസിൽ പെടുത്തി ഒതുക്കാം എന്ന ചിന്ത വൃഥാവിലാണ്.

പിന്നെ പാട്ടും ട്രെയിലറും മററും കാണുമ്പോൾ ജനം എന്തെങ്കിലും പറഞ്ഞാൽ എന്നെ കുറ്റപ്പെടുത്തി രക്ഷപ്പെടുത്തി ഹൈപ്പ് ഉണ്ടാക്കാമെന്ന് കരുതുന്നതും വിഡ്ഢിത്തമാണ്. എപ്പിക്കാണോ വാർ മൂവി ആണോ തുണ്ടു പടമാണോ സ്പൂഫാണോ ത്രില്ലറാണോ എന്നോക്കെ ജനം തീരുമാനിക്കും.

ഒരു സിനിമയെക്കുറിച്ച് ആർക്കും അഭിപ്രായം പറയാം. ഒരു നിയമവും അത് വിലക്കുന്നില്ല. അഭിപ്രായസ്വാതന്ത്രം ഇല്ലാത്ത, വായ്മൂടിക്കെട്ടിയ ഒരു പ്രദേശമായി നിങ്ങൾ കേരളത്തെ മാറ്റാൻ പോവുകയാണോ? അങ്ങനെ ധരിക്കരുത്!

*സിനിമയിൽ ഒരു അനുഭവപരിജ്ഞാനവുമില്ലാത്ത നിർമ്മാതാവിന്റെ സംഘം

ഞാൻ ഈ നിർമ്മാതാവിനെ കണ്ട് കഥ പറയുന്നത് മുതൽ നിമ്മാതാവിനൊപ്പം ഉണ്ടെന്ന് അവകാശപ്പെടുന്ന ഒരാളാണ് ഏറ്റവും പുതിയ പോസ്റ്റ് എഴുതിയിരിക്കുന്നത്.
സംശയമില്ല. കൊട്ടിഗ്ഘോഷിച്ച്, വമ്പൻ പണച്ചെലവിൽ കർണ്ണൻ എന്നൊരു സിനിമ പ്രൊഡ്യൂസർ വിളംബരം നടത്തിയിരുന്നു. അപ്പോഴും ഈ വ്യക്തി കൂടെ ഉണ്ടായിരുന്നു. അതിനു് എന്ത് സംഭവിച്ചു എന്നത് ആലോചിക്കുന്നതും രസകരമായിരിക്കും.

നിങ്ങൾ പറയുന്നത്രയും കോടികൾ മുടക്കിയപ്പോഴും, തുടങ്ങുന്നതിന് മുമ്പേ നിറുത്തിപോയപ്പോഴും പ്രൊഡ്യൂസറുടെ ഒപ്പം ഉണ്ടായിരുന്ന ആളാണല്ലോ? പറ്റുമെങ്കിൽ അതിന്റെ കാരണം കൂടി ഒന്ന് പറയണം.
വിമലിന് ആ കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ പറ്റി. ഞാൻ കുരുങ്ങിപ്പോയി. ഇതാണ് യാഥാർത്ഥ്യം!

സുഹൃത്താണെന്നും വലിയ സഹായി ആയിരിക്കുമെന്നും ഡയറക്ഷൻ ടീമിലേക്ക് എടുക്കണമെന്നും പറഞ്ഞ് പ്രൊഡ്യൂസർ കൊണ്ടുവന്ന ആളാണ്. ഒരു സിനിമയിലും പ്രവർത്തിച്ച് പരിചയമില്ല. ഇത്രയും വലിയ സിനിമ ആയതുകൊണ്ട്, രണ്ടിൽ കൂടുതൽ സിനിമകളിൽ പ്രവർത്തിച്ച് പരിചയമുള്ളവരെ മാത്രമേ എടുക്കാനാകൂ എന്നതായിരുന്നു എന്റെ തീരുമാനം. അങ്ങനെ ഒരാളിനെ അസോസിയേറ്റ് ആക്കി വയ്ക്കണമെന്നായിരുന്നു നിർമ്മാതാവിന്റെ നിർദ്ദേശം.
വഴിയേ, തനിക്ക് കഴിയില്ലെന്ന് മനസ്സിലാക്കി, അയാൾ സ്വയം തന്നെ നിർമ്മാണത്തിന്റെ കണക്ക് നോക്കലിലേക്ക് കടന്നു. പ്രൊഫഷണലായ മലയാള സിനിമാ പ്രവർത്തകരെ നിഷ്ക്രീയരാക്കി, പിന്നെ അയാൾ സിനിമയുടെ താക്കോൽ സ്ഥാനത്തെത്തിയിരിക്കുകയാണിപ്പോൾ. (പ്രൊഡ്യൂസറെ വിശേഷിപ്പിച്ച് പുള്ളിക്കാരൻ ഇടുന്ന പോസ്റ്റുകൾ വായിക്കേണ്ടത് തന്നെയാണ്!)

പ്രൊഡ്യൂസറിന്റെ കോർ ടീമായി നിൽക്കുന്ന, അതും പ്രൊഫഷണലായ മലയാള സിനിമായിലെ പ്രൊഡക്ഷൻ സംവിധാനത്തെയെല്ലാം നിഷ്ക്രീയമായി, കാര്യങ്ങൾ നിയന്ത്രിക്കുന്ന ടീമിന് വലിയ സിനിമകൾ ചെയ്ത് പരിചയമില്ലായെന്നത് പോട്ടേ, ഒരു തരം സിനിമാപ്രൊഡക്ഷനുമായും ഒരു ബന്ധവും ഇല്ലാത്തവരായീരുന്നു. ഏറാൻമൂളലും ബന്ധുത്വവും സൗഹൃദവും മാത്രമായിരുന്നു എല്ലാറ്റിനും മാനദണ്ഡം.

*സ്കിപ്ടിനെക്കുറിച്ചുള്ള കഥകൾ

ഇപ്പോൾ പരിഹാസപൂർവ്വം പ്രചരിപ്പിക്കുന്ന മറ്റൊരു കാര്യമാണ് ഇത് അഞ്ച് മണിക്കൂർ നീണ്ട, നോവൽ പോലെയുള്ള ഒരു സക്രിപ്ടായിരുന്നു എന്നത്.

സത്യമാണ്. രണ്ടര മണിക്കൂർ ഷൂട്ടിംഗ് സ്ക്രിപ്ട് ആയിരുന്നില്ല. രണ്ട് പാർട്ടായി ചെയ്യാനിരുന്ന വലിയ ഒരു സിനിമയുടെ സ്ക്രിപ്ടായിരുന്നു. അതിൽ സാധാരണ കാണാറില്ലാത്തത്രയും വിശദാംശങ്ങളും ഉണ്ടായിരുന്നു. കലാസംവിധാനത്തിനും മറ്റ് ഘടകങ്ങൾക്കും, അഭിനയം ഉൾപ്പടെ, സഹായകമാകുമെന്നുള്ള കണക്ക് കൂട്ടലിലാണ് അത്രയും വിശദവിവരങ്ങൾ ഉൾപ്പെടുത്തിയതും. അതാത് മേഖലകളിൽ പ്രവർത്തിച്ച ടെക്നീഷ്യൻമാരോട് ചോദിച്ചാൽ അവർ അതേക്കുറിച്ച് പറയുകയും ചെയ്യും. അതിനെയൊക്കെ വാ തോരാതെ പുകഴ്ത്തിയവരാണ് ഇപ്പോൾ ഇങ്ങനെ പറയുന്നത് എന്നതിൽ പ്രത്യേകിച്ച് അത്ഭുതവുമില്ല.

ഈ നോവൽ എന്നു നിങ്ങൾ പറയുന്ന സ്ക്രിപ്ടിനെ പുകഴ്ത്തിയ അനേകരിൽ രണ്ടുപേരാണ് മമ്മൂട്ടിയും റസൂൽ പൂക്കുട്ടിയും. പ്രധാന കഥാപാത്രം ചെയ്യുന്ന മമ്മൂക്കയ്ക്ക് സ്ക്രിപ്ട് വായിച്ച് വിലയിരുത്താനുള്ള കഴിവ് ഇല്ല എന്നാണോ ഉദ്ദേശിക്കുന്നത്? ആ ഫെയ്സ്ബുക്ക് പോസ്റ്റ് (ഒക്ടോബർ പതിനാറ് 2017) ഒന്നുകൂടി വായിച്ച് നോക്കുമോ?

ഒറ്റ പാർട്ട് മതി എന്ന തീരുമാനത്തിന് ശേഷം ഞാൻ തന്നെ രണ്ടേമുക്കാൽ മണിക്കൂർ ആക്കി കുറച്ച സ്ക്രിപ്ടും കൈയിലുണ്ടാവില്ലേ?

ഓരോ ഷെഡ്യൂളിനും ഷൂട്ടിംഗ് സ്ക്രിപ്ടും സ്റ്റോറീ ബോഡും തയറാക്കിയതും കൈയിൽ കാണില്ലേ?

മറ്റൊരു പരിഹാസം ആണ് ചുരുക്കാത്ത സ്ക്രിപ്ടിൽ അര മണിക്കൂറോളം യൂറോപ്യൻ ഭാഗങ്ങളുണ്ടായിരുന്നു എന്നത്.
വളരെ ശരിയാണ്. ഒറിജിനൽ സ്ക്രിപ്ടിൽ ഉണ്ട്. അതും കേട്ട് ആവേശം കൊണ്ട് എവിടെവിടെയെല്ലാം ഷൂട്ട് ചെയ്യണം എന്നൊക്കെ വലിയ പ്ലാൻ ആയതുമല്ലേ? പിന്നെ എന്തായിരുന്നു അത് വേണ്ടായെന്ന് വെയ്ക്കാൻ കാരണം?

ഇത് ലോക സിനിമയാകും നമ്മൾ വലിയ സ്കെയിലിൽ യൂറോപ്യൻ ഭാഗം ഷൂട്ട് ചെയ്യും എന്നൊക്കെ പറഞ്ഞിട്ട് ഇപ്പോൾ പരിഹാസമായി വരികയാണ്!

പ്രൊഡ്യൂസർ കഥ കേൾക്കുക മാത്രമല്ല, സ്ക്രിപ്ട് വായിച്ചിട്ടുമാണ് ഇതിലേക്ക് വരുന്നത്.
പ്രൊഡ്യൂസർ എന്നോട് മാത്രമല്ല, പലരോടും പറഞ്ഞിട്ടുള്ളത് ഇരുപത്തിയഞ്ചിലേറേ തവണ വായിച്ചെന്നും,. ഓരോ വരിയും കാണാതാറിയാമെന്നും ഒക്കെയാണ്. പിന്നെ എപ്പോൾ എന്താണ് സംഭവിച്ചത്. പ്രൊഡ്യൂസറുടെ തന്നെ വാക്കൂകൾ നോക്കുക.

ഒരു ചോദ്യത്തിന് തന്നെ പലപ്പോഴായി നൽകിയ ഉത്തരങ്ങൾ.

ചോദ്യം: മാമാങ്കം എന്ന സിനിമ എങ്ങനെയാണ് സംഭവിക്കുന്നത്?
അതിന് അദ്ദേഹം രണ്ട് സ്ഥലത്ത് രണ്ട് ഉത്തരങ്ങൾ നൽകുന്നു.

2017 ഒക്ടോബറിൽ ദുബായിലെ എഫ് എം നോട് പറഞ്ഞത്:
“…..സജീവ് പിള്ള എന്നൊരാളാണ്. പുള്ളി എകദേശം ഒരു പത്തു വർഷത്തിന് മുമ്പ് തന്നെ സ്റ്റോറി ഡെവലപ് ചെയ്തിരുന്നതാണ്. അതിന് വേണ്ടി മാമാങ്കം നടന്ന സ്ഥലങ്ങളിലൊക്കെ പോവുകുയും വളരെയധികം ഇതിനെക്കുറിച്ച് റിസർച്ച് ചെയ്യുകയും ചെയ്തു. (അല്ലാതെ) വെറുതെയൊന്നും ചെയ്തിരിക്കുന്നതല്ല. വളരെയധികം പഠനങ്ങൾ നടത്തിക്കഴിഞ്ഞിട്ട് ചെയ്തിരിക്കുന്നതാണ്. സിനിമ കാണുമ്പോൾ മനസ്സിലാകും എങ്ങനെ ഇതുപോലെ ഒരു സ്ക്രിപ്ടായെന്ന്. (എന്നെ കാണുമ്പോൾ) 100% ഒരു പെർഫെക്ട് പ്രിന്റഡ് സ്ക്രിപ്ട് പുള്ളിയുടെ അടുത്തുണ്ടായിരുന്നു. പുള്ളി അത് ബോംബെയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടായിരന്നു, 2010ൽ. പുള്ളി അതുമായി പല പ്രൊഡ്യൂസേഴ്സിനേയും സമീപിച്ചിരുന്നു.”

2019 ഡിസംബർ ആദ്യലക്കം മനോരമ ആഴ്ചപ്പതിപ്പ്: (മനോരമയിൽ നിന്ന് അതേപടി)

“എക്സികുട്ടീവ് വഴിയാണ് മാമാങ്കം എന്ന സിനിമയെ കുറിച്ച് പറഞ്ഞത്. ശങ്കർ രാമകൃഷ്ണന്റെ കയ്യിൽ ഒരു തിരക്കഥയുണ്ട് എന്നും കേട്ടപ്പോൾ എനിക്കതിൽ താല്പര്യം തോന്നി. അങ്ങനെയാണ് മാമാങ്കം എന്ന സിനിമ ഉണ്ടായത്.”

പരസ്യമായി കൊടുത്തിരിക്കുന്ന രണ്ട് അഭിമുഖങ്ങളിൽ നിർമ്മാതാവ് പറഞ്ഞതാണ്. തികച്ചും വിരുദ്ധമായ സംഗതികൾ!

ഇതിൽ കൂടുതൽ ഈ നിർമ്മാതാവിനെ കുറിച്ച് പറയേണ്ടതില്ലെന്നാണ് എനിക്ക് തോന്നുന്നത്.

സംവിധാനം പോയപ്പോൾ സ്ക്രിപ്ടിലുള്ള കോൺഫിഡൻസും പോയോ? സ്ക്രിപ്ടിനെ വാനോളം പുകഴ്ത്തിയിട്ട്, പിന്നെ പടം തുടങ്ങിയപ്പോൾ ആ സ്ക്രിപ്ട് വളരെ മോശമായി. അതും കഴിഞ്ഞപ്പോൾ അഡോപ്ടറ്റഡ് സ്ക്രീൻപ്ലേയും ഡയലോഗുമായി പുതിയ ആളിന്റെ പേര് വന്നു. എന്തിനെ ഉപജീവിച്ചാണ് അതെഴുതിയതെന്ന് പോലും പറയാതെ സൃഷ്ടാവിനെ നാമാവശേഷമാക്കി. പിന്നെ ഇപ്പോഴോ, ഏറ്റവും പുതിയ മനോരമ ആഴ്ചപ്പതിപ്പിൽ അങ്ങനെ ഒരാളെ കണ്ടിട്ടേയില്ല! എങ്ങനെയായി കാര്യങ്ങൾ!!

*തിരക്കഥയുടെ വില

അമ്പത് കോടിയിൽ കൂടുതൽ ബജറ്റ് ഉണ്ടെന്ന് പറയുന്ന തിരക്കഥയ്ക്ക് മൂന്ന് ലക്ഷം എന്നുള്ളത് ഒരു തരത്തിലും ഒരിടത്തും ഒരിക്കലും നിലനിൽക്കാത്ത അനുപാതമാണ്. മിനിമം ഒരു ശതമാനമെങ്കിലും വരണ്ടേ? ഒരു സാധാരണ മമ്മൂട്ടിപ്പടത്തിന് തിരക്കഥയ്ക് പോലും ഇതിലും എത്രയോ ഇരട്ടി മൂല്യം ഉണ്ടാകം! അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സിനിമയുടെ തിരക്കഥയ്ക്ക് അപ്പോൾ എത്ര വരണം? മൂന്ന് ലക്ഷം എന്നത് എന്തുകൊണ്ട് ഞാൻ സമ്മതിച്ചു?

അതും തിരക്കഥ മാത്രമല്ല! താരത്തിന്റെ ഡേറ്റുൾപ്പടെ പൂർണ്ണമായും തയാറായ ഒരു പ്രൊജക്ടായിരുന്നു എന്റേത്.
മൊത്തം ലാഭത്തിന്റെ മൂന്ന് ശതമാനം കൂടെ തരാമെന്ന് പറഞ്ഞണ് കരാർ വച്ചത്. അതുകൊണ്ടാണ്, ഞാൻ അത് സമ്മതിച്ചത്. ഞാൻ സംവിധാനം ചെയ്യുന്നത് കൊണ്ടും പ്രൊഫിറ്റ് ഷെയർ ഉള്ളത് കൊണ്ടും മാത്രമായിരുന്നു അതിന് ഞാൻ നിന്നത്. പക്ഷേ തന്ത്രപരമായി അതിൽ പെർഫോമൻസ് ബോണസ് എന്ന് ഞാനറിയാതെ ഒളിപ്പിച്ചു. പണത്തിന്റെ കണക്കുകൾ പറഞ്ഞ്, ഈ വലിയ ചതിയെ പുകമൂടി ന്യായീകരിക്കാൻ ശ്രമിക്കുകയാണ് ഇപ്പോൾ.

പതിമൂന്ന് ലക്ഷം രൂപയും മറ്റു ചെലവുകൾക്കായി എട്ട് ലക്ഷം രൂപയുമാണ് നിങ്ങൾ ആകെ തന്നിരിക്കുന്നത്. ചെലവിനായി ഉള്ള പൈസയുൾപ്പടെ എല്ലാം നിങ്ങൾ ശമ്പളമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം ചേർത്ത് കോടതിയിൽ കൊടുത്ത തുക 21.75 ലക്ഷം ആയിരുന്നു. ഒടുവിൽ നിങ്ങൾ പറയുന്നത് 26 ലക്ഷവും പിന്നെ കൃത്യമാക്കാതെയുള്ള വലിയ സംഖ്യയും.
ഇതൊക്കെ സത്യമാണെന്ന് പറഞ്ഞാൽ പോലും, ഇതിന്റെ എത്രയോ ഇരട്ടി സ്ക്രിപ്ടിന് മാത്രമായി എനിക്ക് വാഗ്ദാനങ്ങൾ വന്നതാണ്. അതെല്ലാം ഞാൻ ഒഴിവാക്കിയത് നിങ്ങൾക്ക് അറിയാവുന്നതുമാണ്.

കോടതിയെ കുറിച്ചും വലിയ കള്ളങ്ങൾ ആണ് ഇപ്പോൾ പറയുന്നത്.
“പണം കിട്ടിയില്ലെന്ന പച്ചകള്ളം പണം കൊടുത്ത തെളിവുകൾ നിരത്തിയപ്പോൾ പൊളിഞ്ഞു” എന്ന് പറഞ്ഞിരിക്കുന്നു. ഏത് കോടതിയിലാണ്? ആ കോടതി ഉത്തരവ് ഒന്ന് ഹാജരാക്കണം! ഒരു കോടതിയിലും ഞാൻ അങ്ങനെ പറഞ്ഞിട്ടുമില്ല, ഞാൻ പറഞ്ഞത് കോടതി അത് തെറ്റാണെന്ന് കണ്ടെത്തിയിട്ടുമില്ല. താല്കാലിക നിരോധനം മാത്രമാണ് ഇപ്പോൾ നിഷേധിക്കപ്പെട്ടിരിക്കുന്നത്.

മറ്റൊരു കാര്യം നിങ്ങൾ ഓർക്കേണ്ടത്, ഇത്രയും വലിയ ഷൂട്ട് എറണാകുളത്ത് നടക്കുമ്പോൾ പോലും ഞാൻ താമസിച്ചത് എന്റെ ചെലവിലാണ്. ഒരു പൈസ പോലും എനിക്ക് തന്നിട്ടില്ല. വളരെ ചെറിയ പ്രൊഡ്യൂസർമാരു പോലും അങ്ങനെ ചെയ്യില്ല!

*ഷൂട്ടിംഗ് ഷെഡ്യൂളുകൾ

മംഗലാപുരത്ത് ആദ്യഷെഡ്യൂൾ തുടങ്ങുമ്പോൾ, കൃത്യമായ പ്ലാനിങ്ങോടുകൂടി കാര്യങ്ങൾ പോവുകയായിരുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച നിരയിൽ​ പെടുന്ന സാങ്കേതിക വിദഗ്ദരായിരുന്നു ഒപ്പം. സ്റ്റോറീബോഡും ആക്ഷന് ലൈവ് പ്രിവിസും.
എന്നാൽ പ്രൊഡ്യൂസറിനൊപ്പമുള്ള ടീമിന്റെ ഇടപെടലും പ്രായോഗികമായ അറിവില്ലാത്തത് മൂലം അവർ അടിച്ചേല്പിച്ച വ്യവസ്ഥകൾ കാരണവും ഇടതവില്ലാതെ ഷൂട്ട് ചെയ്യേണ്ടി വന്നു. അത് മാത്രമായിരുന്നു ബജറ്റ് കൂടുവാനുള്ള കാരണം.

ഇപ്പോൾ പെരുപ്പിച്ച് കാണിക്കുന്ന, ഈ അഞ്ച് കോടിയിൽ മമ്മൂക്കയുള്ളവരുടെയും ടെക്നീഷ്യരുടേയും ശമ്പളവും അഡ്വാൻസുകളും ഉണ്ട്. കൃത്യമായ കണക്കുകൾ പരിശോധിക്കേണ്ടതും ആണ്.
ആദ്യം ഷൂട്ട് ചെയ്ത 32 മിനുട്ടിന്റെ കാര്യം:
32 മിനുട്ട് എന്നത് അസംബിൾഡ് ഫൂട്ടേജ് ആണ്. ( മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് നേരത്തേ പ്രൊഡ്യൂസർ പറഞ്ഞ്കൊണ്ടിരുന്നത്, എത്രയോ ഹാർഡ് ഡിസ്കുകൾ നിറച്ചും ഷൂട്ട് ചെയ്തെന്നതായിരുന്നു. ഇപ്പോൾ അത് 32 മിനുട്ട് മാത്രം ആയി കുറഞ്ഞിട്ടുണ്ട്.)

അതിൽ നിന്ന് ഇരുപതോളം മിനിട്ടിനടുത്തായിരിക്കും ഫൈനൽ കട്ടിലുണ്ടാവുക എന്ന് പല പ്രാവശ്യം പറഞ്ഞതാണ്. 22 മിനുട്ടിന്റെ റഫ് കട്ട് ചെയ്തതുമാണ്. അതിൽ രണ്ട് വലിയ ഫൈറ്റുകളും ഒരു ചെറിയ ഫൈറ്റും ഉണ്ട്. അത് ചെയ്തിരിക്കുന്നത് വിഖ്യാതമായ ജൈക്ക സ്റ്റണ്ട് ടീമാണ്. അതും റിഹേഴ്സലുൾപ്പടെയുള്ള മുന്നൊരുക്കത്തോടെയാണ് ഷൂട്ടിലേക്ക് പോകുന്നത്. കൂടാതെ കോഴിക്കോട് സി വി എൻ കളരിക്കാരും കേരളത്തിൽ നിന്നുള്ള ഫൈറ്റേഴ്സും. എന്തിനാണ് ജൈക്ക സ്റ്റണ്ടും, ഇൻഡ്യയിലെ മികച്ച നിരയിലുള്ള ടെക്നീഷ്യൻമാരും വലിയ സിനിമകളുൽ പ്രവൃത്തിച്ചിട്ടുള്ള വി.എഫ്.എക്സ്. സൂപ്പർവൈസറും ഉൾപ്പടെയുള്ള ടീം ഇത്രയും പരിതാപകരമായ ഫൂട്ടേജ് ഉണ്ടാക്കിയത്? ഒരിക്കലും വിശ്വസിക്കാനാകാത്ത കാര്യങ്ങളാണ് ഫൂട്ടേജിനെ കുറിച്ച് ഇവർ പറയുന്നതിന്റെ ഉദാഹരണമാണിത്.

ആദ്യ ഷെഡ്യൂളിന്റെ റഫ് കട്ട് നിർമ്മാതാവ് കാണുന്നത് മദ്രാസിൽ ആണ്. ആ ദിവസം ആരോപണങ്ങൾ ഉന്നയിച്ച വ്യക്തി കൊച്ചിയിലാണ്. അപ്പോൾ കൊച്ചിയിലിരുന്ന് “ഒരു വാക്ക് പോലും മിണ്ടാതെ” മദ്രാസിലിരിക്കുന്ന പ്രൊഡ്യൂസറുടെ മുഖം എങ്ങനെയാണാവോ ഓർമ്മിക്കുന്നത്!

*എന്താണ് എഡിറ്റർ പറഞ്ഞത്?

പലകുറി ആവർത്തിച്ചതാണ്. (വിശദമായി വീഡിയോ ഇന്റർവ്യുകളിൽ ഉണ്ട്). താൻ പറയാത്ത കാര്യമാണ് തന്റെ തലയിൽ പ്രൊഡ്യൂസറും എക്സികുട്ടീവ് പ്രൊഡ്യൂസറും വെയ്ക്കുന്നതെന്നും എക്സ്കുട്ടീവ് പ്രൊഡ്യൂസറെ ഇതിന്റെ പേരിൽ ശക്തമായി ശകാരിച്ചെന്നും അയാൾ നിറുത്തില്ലാതെ മാപ്പ് പറഞ്ഞതായൂം ശ്രീകർ പ്രസാദ് സർ എന്നോട് പറഞ്ഞതാണ്. സജീവിനെ നിയന്ത്രിക്കാൻ അതല്ലാതെ മറ്റൊരു മാർഗ്ഗമില്ലായിരുന്നു എന്നാണ് ന്യായമായി എക്സികുട്ടീവ് പ്രൊഡ്യൂസർ ആവർത്തിച്ചതത്രേ!

രണ്ടാമത്തെ ഷെഡ്യൂൾ കഴിഞ്ഞപ്പോൾ ശ്രീകർ പ്രസാദ് സർ നിങ്ങളുടെ ആദ്യനാടകത്തെ കുറിച്ച് എന്നോട് പറയുകയും വീണ്ടും ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്തു. എഡിറ്ററെ മാറ്റി നിറുത്തി സംസാരിച്ച് എന്നെ സമ്മർദ്ദത്തിലാക്കാനുള്ള നിങ്ങളുടെ തന്ത്രം നടന്നില്ല. സജീവിനൊപ്പം സംസാരിച്ചാൽ മതി എന്ന എഡിറ്ററുടെ വാക്കുകൾ നിങ്ങളുടെ നാടകം പൊളിച്ചു. അപ്പോഴാണ് നിങ്ങൾ പറയുന്നത്, എഡിറ്ററല്ല, പണം മുടക്കുന്നവനാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന്. എന്നിട്ടും അദ്ദേഹത്തിന്റെ പേര് ഉപയോഗിക്കുവാൻ നിങ്ങൾ കഴിയുന്നത്രയും ശ്രമിച്ചു. അതിനും അദ്ദേഹം വഴങ്ങിയില്ല. എന്നു മാത്രവുമല്ല, സജീവിന് ഒപ്പം മാത്രമേ ഈ പ്രോജക്ട് ചെയ്യൂവെന്നും ശ്രീകർ പ്രസാദ് സർ തറപ്പിച്ചു പറഞ്ഞു. നിർമ്മാതാവും ആൾക്കാരും അദ്ദേഹത്തെ പ്രൊജക്ടിലേക്ക് പിന്നെയും എത്തിക്കാനായി കിണഞ്ഞ് ശ്രമിച്ചിരുന്നു. അദ്ദേഹം നിലപാടിൽ ഉറച്ച് നിന്നു. ആർക്കും സാറിനോട് നേരിട്ട് സംസാരിച്ച് കാര്യങ്ങൾ അന്വേഷിക്കാവുന്നതാണ്.

എഡിറ്ററെ കാണാൻ പോകുന്നതിനും വളരെ മുമ്പേ പ്രശ്നങ്ങൾ രൂക്ഷമായിരുന്നു. തണ്ണീർത്തടത്തിൽ സെറ്റുണ്ടാക്കാൻ തുടങ്ങുമ്പോൾ ഉണ്ടായതായിരുന്നു ആദ്യ പ്രശ്നങ്ങൾ. പാരിസ്ഥിതകവും സാമ്പത്തികവുമായി അതുണ്ടാക്കുന്ന പ്രശ്നങ്ങളെ കുറിച്ച് ഞാൻ സംസാരിച്ചപ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. ഞാനും ടീമും ബംബ്രാണയിലെ ലോക്കേഷനിൽ ഉറച്ച് നിന്നതാണ്. വേറേയും ലോക്കേഷനുകൾ കണ്ടു. അത് ചെലവും നന്നായി കുറച്ചേനേ.
സെറ്റിനെ കുറിച്ചും സിനിമയുടെ വലിപ്പത്തെകുറിച്ചും ക്ലൈമാക്സിനെ കുറിച്ചും ഉള്ള പുതിയ നിബന്ധനകൾ ഞാൻ അംഗീകരിക്കാതിരുന്നത് പ്രശ്നങ്ങൾ രൂക്ഷമാക്കി. അപ്പോഴാണ്, ചെന്നൈയിലെ നാടകം വരുന്നത്. ആദ്യം ദൈർഘ്യം മാത്രമായിരുന്നു പ്രശ്നമെങ്കിൽ, പിന്നെ സിനിമയുടെ വലിപ്പവും ഗ്രാഫിക്സും കഥയും എല്ലാം പ്രശ്നമായി മാറി.

ആദ്യ ഷെഡ്യൂളിലെ എന്റെ ടീമിനെ ഞാനൊരിക്കലും തള്ളി പറഞ്ഞിട്ടില്ല.

എന്നെ നിയന്ത്രിക്കാനായി പ്രൊഡ്യൂസർ കൊണ്ടുവന്ന ആൾക്കാർ ഞാനുമായി നല്ല ബന്ധത്തിൽ, എനിക്ക് സപ്പോർട്ടായി നിന്നിടത്തായിരുന്നു പ്രശ്നം. എല്ലാവരും മലയാള സിനിമയിൽ പ്രവർത്തിച്ച് നല്ല പരിചയം ഉള്ളവരും ആയിരുന്നു. നിർമ്മാതാവിന്റെ നേതൃത്വത്തിൽ തന്നെ കൊണ്ടുവന്ന എട്ടുപേരെ ഒറ്റയടിക്ക് മാറ്റുകയാണ് ചെയ്തത്. അത് ശരിയല്ലായെന്ന് രേഖാമൂലം കൂടി ഞാൻ പറഞ്ഞിട്ടുള്ളതാണ്. അദ്യമായി ഒരുമിച്ച് തൊഴിലെടുക്കുന്നവരായിട്ട് കൂടി, ഞങ്ങൾ ഒറ്റക്കെട്ടായാണ് നിന്നത്. കോർ പ്രൊഡക്ഷൻ ടീമിന്റെ തെറ്റായ നിർബന്ധങ്ങൾ കാരണം 18/20 മണിക്കൂറുകൾ വർക്ക് ചെയ്യേണ്ടി വന്നപ്പോൾ പോലും വളരെ ഊഷ്മളമായാണ് ഞങ്ങൾ പിരിടിഞ്ഞിട്ടുള്ളതും. നിർമ്മാതാവിന്റെ ടീമിനോട് മാത്രമായിരുന്നു അവർക്ക് പ്രശ്നം. ആരെയും വിളിച്ച് അന്വേഷിക്കാവുന്നതാണ്. നിർബന്ധബുദ്ധിയോടെ എല്ലാവരേയും ഒഴിവാക്കി. സിനിമാ സംഘടനകളും അവരെ തുണച്ചില്ല. കുറച്ച് പേരെയെങ്കിലും നിലനിറുത്താൻ ഞാൻ പരമാവധി ശ്രമിച്ചു. പക്ഷേ നടന്നില്ല. എന്നു മാത്രമല്ല ഇപ്പോൾ, ഈ ആരോപണങ്ങൾ കണ്ട്, ഒഴിവാക്കപ്പെട്ടവരിൽ ചിലർ എഴുതിയ ആളിനെ വിളിക്കാൻ ശ്രമിച്ചപ്പോൾ ഫോൺ എടുക്കാൻ പോലും ആ വ്യക്തി തയാറായില്ല.

*രണ്ടാമത്തെ ഷെഡ്യൂൾ

ഷെഡ്യൂൾ തുടങ്ങുന്നതിന്റെ തലേ ദിവസം രാത്രിയിലും എക്സികുട്ടീവ് പ്രൊഡ്യൂസർ പറഞ്ഞത്, ഞങ്ങൾ പത്മകുമാറിനെ കൊണ്ടുവരും എന്നെ ഒതുക്കുമെന്നാണ്. നിയമപരമായി കാര്യങ്ങൾ നിങ്ങൾ​ നേരിടുമെന്നാണ്.

ഒരു വലിയ സെറ്റ് ഉണ്ടാക്കിയെന്നതിന് അപ്പുറം, വേണ്ടുന്ന ഒരു കാര്യവും കിട്ടുന്നുണ്ടായിരുന്നില്ല. എന്നും രാത്രിയേറെ വൈകിയും മാനസികമായി എന്നെ തളർത്താനുള്ള മീറ്റിങ്ങുകളായിരുന്നു.
അതും ആരാണ് അഭിപ്രായം പറയുന്നുത്? സിനിമയും ആയി ഒരു ബന്ധവുമില്ലാത്ത കരാറുകാരും റിയൽ എസ്റ്റേറ്റുകാരും. (ഒരു തരകൻ ക്ലോസ്സപ്പ് പോരാ വൈഡ് ഷോട്ടുവേണമായിരുന്നു എന്ന് കലാസംവിധായകനോട് പറയുന്നത്, സെറ്റിലെ തമാശയായിരുന്നു.)
അങ്ങനെ നിരന്തരം സമ്മർദ്ദത്തിലായ ഞാൻ ഇരുപത്തിയാറ് ദിവസത്തെ ഷൂട്ട് ചെയ്തത്. എന്റെ ടീമിന്റെ (ടെക്നീഷ്യൻമാരും അഭിനേതാക്കളും യൂണിറ്റ്കാരും. പ്രൊഡ്യൂസറുടെ ആൾക്കാരൊഴികെ, എല്ലാവരും) എന്നോടും കാണിച്ച സ്നേഹാദരങ്ങൾ കൊണ്ടു മാത്രമാണ്. അതിന് അവർ എപ്പോഴും സാക്ഷ്യം പറയും.

നിങ്ങൾ ​പുറത്ത് നിന്ന് കൊണ്ട് വന്ന ആൾക്കാരായിരുന്നു പ്രൊഡക്ഷനെ അമച്വർ ആക്കാൻ ശ്രമിച്ചത്. (ക്ലോസ്സപ്പും മറ്റും വേണ്ട, നല്ല റെസല്യൂഷനാണ്. അതുകൊണ്ട് നമുക്ക് സൂം ചെയ്ത് എഡിറ്റ് ചെയ്താൽ മതി എന്നായിരുന്നു പുറത്ത് നിന്ന് വന്ന അസോസിയേറ്റിന്റെ കണ്ടു പിടുത്തം!) നിങ്ങൾ കിണഞ്ഞ് ശ്രമിച്ചിട്ടും ഒരാൾ പോലും എനിക്കെതിരായി വന്നില്ല.

മഴയും വെള്ളക്കെട്ടുകളും ഉണ്ടായിരുന്നിട്ട് കൂടി അവിടെ പുതുതായി ഉയർത്തിയ സെറ്റിൽ എല്ലാം പ്ലാൻ ചെയ്തത് പോലെ, ഇരുപത്താറ് ദിവസങ്ങൾക്കുള്ളിൽ തീർത്തു.

ഇരുപത്തിയാറ് ദിവസങ്ങൾക്ക് ശേഷം ഉണ്ടായിരുന്ന ഷൂട്ട് പ്ലാനിൽ, മറ്റൊരു ലോക്കേഷനിൽ വി.എഫ്.എക്സ്. ഓറിയന്റഡ് ഷോട്ടുകൾ ആയിരുന്നു പ്രധാനമായും. അതും വളരെ ഹെവിയായ പാർട്ടിക്കൾ അനിമേഷനും മറ്റും, ആയിരുന്നു ചെയ്യേണ്ടിയിരുന്നത്. അത് വേണ്ട എന്നത് കൊണ്ട് മാത്രാണ് നിർമ്മാതാവ് ആ സീനുകൾ ഷൂട്ട് ചെയ്യേണ്ട എന്ന നിർബന്ധം പിടിച്ചത്. തർക്കങ്ങൾക്ക് ശേഷം, അത് തുടർന്ന് വരുന്ന ഷെഡ്യൂളിൽ ഷൂട്ട് ചെയ്യാമെന്നായി. അന്ന് പ്ലാൻ ചെയ്ത ഷോട്ടുകൾ ഇപ്പോഴത്തെ നിങ്ങളുടെ മാറ്റിയ സ്ക്രിപ്ടിലുണ്ടോ? നിങ്ങളത് പിന്നെ ഷൂട്ട് ചെയ്തോ?

ഞാൻ പ്ലാൻ ചെയ്തതനുസരിച്ച് മാമാങ്കം വളരെയധികം വിഷ്വൽ എഫക്ട് ഉള്ള പടമാണ്. ഇത്രയും വലിയ ക്യാൻവാസും ഇത്രയും വലിയ ആക്ഷനും വിഷ്വൽ എഫക്ട് ഇല്ലാതെ അവതിരപ്പിക്കാൻ പറ്റില്ല. വലിയ ജനക്കൂട്ടങ്ങളും വലിയ പ്രദേശങ്ങളും സമുച്ചയങ്ങളും ഒക്കെ വേണം. അതുപോലെ സാധാരണമല്ലാത്ത വലിയ ഫൈറ്റുകളാണ്. രണ്ടിനും വിഷ്വൽ​ എഫക്ട്സ് കൂടിയേ തീരു. പക്ഷേ നിങ്ങൾ പറയുന്നത്, വിഷ്വൽ എഫക്ട് ഇല്ലാത്ത റിയലിസ്റ്റിക് പടമാണെന്നാണ്. അതേസമയം അവതാരപ്പിറവിയാണെന്നൊക്കെ പറയുകയും ചെയ്യുന്നു.
അവതാരപ്പിറവിയുടെ റിയലിസം എന്നൊക്കെ പറയുന്നത് എനിക്ക് മനസ്സിലാവില്ലെങ്കിലും മറ്റുള്ളവർക്ക് മനസ്സിലാകുമായിരിക്കും.

മറ്റൊരു കാര്യം. ഒരു കൂസലും ഇല്ലാതെ ഞാൻ ഷൂട്ട് ചെയ്ത ഭാഗങ്ങളിലെ ഇമേജുകൾ ഇപ്പോഴും ധാരാളമായി പരസ്യത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്! അത് മാത്രമല്ല, രണ്ടാമത്തെ ഷെഡ്യൂളിൽ ഞാൻ ഷൂട്ട് ചെയ്ത സീനിൽ നിന്നുള്ള ചിത്രമാണ് വനിതയുടെ കവർ ആയിട്ട് വന്നിരിക്കുന്നത്. ഇപ്പോഴത് നിങ്ങളുടെ ഒഫിഷ്യൽ പേജിലും വരുന്നു. നൂറ് ദിവസം ബ്രഹ്മാണ്ട ഷൂട്ടൊക്കെ നടത്തിയിട്ടും നല്ല് സ്റ്റില്ല് വേണമെങ്കിൽ ഒഴിവാക്കിയ ഫൂട്ടേജിൽ നിന്ന് എടുക്കേണ്ടി വരുന്ന അവസ്ഥയെയാണ് പരിതാപകരം എന്ന് പറയേണ്ടത്.

ആദ്യ രണ്ടു ഷെഡ്യൂളകളിൽ നിന്നും നിർബന്ധമായും 60 മിനിറ്റുകൾ ഉപയോഗിക്കണം എന്നും നിങ്ങൾ നിർബന്ധം പിടിച്ചതാണ്. എല്ലാം പെട്ടെന്നങ്ങ് മറക്കരുത്.
അനിവാര്യമായി വേണ്ടുന്ന വിഷ്വൽ എഫക്ട്സും സൌണ്ട് വർക്കും ചേർത്ത്‌ ആ ഞാൻ ചെയ്ത ഫൂട്ടേജ്‌ കണ്ട്‌ നോക്കുക. അങ്ങനെ കണ്ടാൽ മാത്രമേ നിങ്ങൾ‍ക്കും പൊതുജനത്തിനും അതിന്റെ മൂല്യം മനസ്സിലാകൂ.

*സംഘടനകളിലേക്ക്

എഡിറ്ററോ പ്രധാന നടനോ പറഞ്ഞത് പോലും കേൾക്കാൻ നിങ്ങൾ തയാറായില്ല. അങ്ങനെയാണ് നിങ്ങൾ​ തന്നെ അസോസിയേഷനെ സമീപിക്കുന്നത്. ഞാനല്ല.

പടം നടക്കാൻ വേണ്ടി വിട്ടൂവീഴ്ചകൾ ചെയ്യണം എന്ന് എല്ലായിടത്ത് നിന്നും സമ്മർദ്ദം വന്നപ്പോഴാണ്, എക്സിക്യൂഷന് ഒരാളെ കൂടി വയ്ക്കാം എന്ന നിർദ്ദേശം ഞാൻ സമ്മതിക്കുന്നത്. അപ്പോഴും എല്ലാ ക്രിയേറ്റീവ് ഡിസിഷനും എന്റേത് തന്നെയായിരിക്കും എന്നാണ് ഉറപ്പ്. കാര്യങ്ങൾ എല്ലാം പരിഹരിച്ചു എന്ന് അസോസിയേഷനുകൾ പറഞ്ഞു പിരിഞ്ഞതാണ്. എന്നാൽ അന്നു വൈകുന്നേരം ഞാൻ അറിയുന്നത്, പ്രായോഗികമായി ഞാൻ എന്റെ പ്രൊജക്ടിൽ നിന്ന് പുറത്തായി എന്നാണ്.

അവിടെ നിങ്ങൾ വിജയിച്ചു.
സിനിമാ സംഘടനകൾക്ക് ഞാൻ കൊടുക്കുന്ന പരാതിയിൽ പ്രധാനമായും ഞാൻ ഉന്നയിച്ച് ആവശ്യം ഷൂട്ട് ചെയ്ത് ഭാഗങ്ങൾ വിദഗ്ധരായ ടെക്നീഷ്യൻസ് ഇരുന്ന് കണ്ട് വിലയിരുത്തണം എന്നുള്ളതായിരുന്നു.

ഇതേ വരേയും അത് ചെയ്തതായി എനിക്ക് ഒരിടത്ത് നിന്നും അറിവ് കിട്ടിയിട്ടില്ല. എന്നു മാത്രമല്ല, ഒത്തുതീർപ്പുണ്ടാക്കിയ ദിവസം എനിക്കെതിരെ സംസാരിച്ചവർ പോലും പിന്നീട് അത് കണ്ടിട്ടില്ലായിരുന്നു എന്ന് പറയുകയും ചെയ്തു. ഞാൻ ഈ ഫുട്ടേജ് ഇൻഡ്യിയിലെ ഏറ്റവും മികച്ച ടെക്നീഷ്യൻമാരിൽ ചിലരെ കാണിക്കുകയും ചെയ്തിട്ടുണ്ട്. അവരുടെ വാക്കുകൾ എനിക്ക് ചെറുതല്ലാത്ത ആത്മവിശ്വാസം നൽകി.

പക്ഷേ, ആ ഒത്തുതീർപ്പിന് ശേഷം നടന്നതൊന്നും എന്റെ അറിവോടെയല്ല! ഈ പ്രൊജക്ടിലേക്ക് പത്മകുമാർ, എക്സിക്യൂഷന് സഹായമായി വരട്ടേ എന്ന് എന്നോട് നിരന്തരം പറഞ്ഞ് എന്നെ സമ്മതിപ്പിച്ചവരും അമിതവിനയത്തോടെയുള്ള പത്മകുമാറിന്റെ പെരുമാറ്റവും ഞാൻ വിശ്വസിച്ചു. പിന്നെ എന്റെ സമ്മതമില്ലാതെ എല്ലാം മാറിമാറഞ്ഞു. നിർമ്മാതാവിന്റെ നിർദ്ദേശം പോലെ കാര്യങ്ങൾ വന്നു. ആദ്യം ധ്രുവൻ പോയി.

*എന്തിനാണ് ധ്രുവനെ മാറ്റിയത്?

നിങ്ങൾ രേഖാമുലം ധ്രുവന് സമ്മതം കൊടുത്തിട്ടാണ് അയാൾ വേറൊരു പടത്തിലേക്ക് പോയത്. പ്രൊഡ്യൂസറിനെ ലോകത്തെ ഏറ്റവും വലിയ യൂണിവേഴ്സിറ്റി എന്ന് നിരന്തരം വിളിച്ച് പുകഴ്ത്തുന്ന, എനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച വ്യക്തി ധ്രുവനോട് പറഞ്ഞത്, നീയിനി മലയാളസിനിമയിൽ കാണില്ല എന്നാണ്. ഒരു സിനിമയിൽ പോലും വർക്ക് ചെയ്തിട്ടില്ലാത്ത ഇയാൾ എത്രയോ വർഷമായി ജീവിതം സിനിമയ്ക്ക് കൊടുത്ത ഒരു നടനോട് പറഞ്ഞതാണ്. ധ്രുവൻ ചെയ്ത് തെറ്റ് താൻ ഒപ്പിട്ട കരാറിന്റെ പകർപ്പ് ചോദിച്ചതാണ്. പകർപ്പ് കൊടുക്കാൻ തയാറാകാതിരുന്നപ്പോൾ, കരാറിന്റെ ഇമേജ് ഫോണിലെടുക്കാൻ ശ്രമിച്ചു. അത് കൈയാങ്കളിയിലേക്ക് എത്തുമെന്നായി. മറ്റ് പലരേയും പേടിച്ച്, ജീവിതം സിനിമയിൽ തന്നെ കരുപ്പിടിപ്പിക്കണം എന്ന് കരുതി നടക്കുന്ന യുവനടൻ പരാതികൾ പറഞ്ഞില്ല. അന്നത്തെ കയ്യാങ്കളിയിൽ നിന്ന് രക്ഷപ്പെട്ടത് ധ്രുവന്റെ ക്ഷമ കാരണം മാത്രമാണ്. ഈ ധാർഷ്ട്യത്തിന് എന്താണ് അടിസ്ഥാനം?

അങ്ങനെ ഒരോരുത്തരെയായി മാറ്റി. എനിക്കൊഴികെ ആർക്കും ഒപ്പിട്ട കരാറിന്റെ കോപ്പി പോലും കിട്ടിയിരുന്നില്ല. ആർക്കും കരാറിന്റെ പകർപ്പ് കൊടുക്കാത്തത് വളരെ വിചിത്രമായി തന്നെ നിൽക്കുന്നു. രണ്ടാമത് പടം തുടങ്ങുമ്പോൾ പലരുടേയും കാലാവധി കഴിഞ്ഞിട്ടുമുണ്ടായിരുന്നില്ല. അവരുടെ ഒക്കെ ജീവിതത്തിലെ ഏറ്റവും നല്ല വർക്ക് ചെയ്യുന്നതെന്ന് ബോധ്യം ഉണ്ടായിരുന്നത് കൊണ്ട് എല്ലാവരും തുടരാനും തയാറായിരുന്നു. പലരും മറ്റ് പ്രോജക്ടുകൾ ഒന്നും എടുത്തിരുന്നുമില്ല. സജീവ് പൂർണ്ണമായും ഇല്ല എന്ന് അറിയുന്നിടത്താണ് ചിലരൊക്കെ മാറാൻ തയാറാകുന്നത്. മറ്റ് പലരേയും നിങ്ങൾ​ ഉദ്ദേശിക്കുന്ന ക്വാളിറ്റിയിൽ വർക്ക് ചെയ്യില്ല എന്ന് തിരിച്ചറിഞ്ഞ് നിങ്ങൾ തന്നെ ഒഴിവാക്കുകയും ചെയ്തു. അങ്ങനെ അഭിനേതാക്കളേയും സാങ്കേതികവിദഗ്ദ്ധരേയും പൂർണ്ണമായും മാറ്റി, കഥയിലും എല്ലാറ്റിലും എന്തൊക്കയോ ചെയ്ത് നിങ്ങൾ വീണ്ടും പുനരാരംഭിക്കുകയായിരുന്നു. ഈ തിരക്കഥ തനിക്ക് സംവിധാനം ചെയ്യാനായി തരണമെന്ന് എന്നോട് അഭ്യർത്ഥിച്ച ശങ്കർ രാമകൃഷ്ണനെ നിങ്ങൾ എന്റെ തിരക്കഥ ഏൽപ്പിച്ചു.

*പെൺകൊടി

ഞാൻ ആദ്യമായി ഷൂട്ട് ചെയ്ത് തുടങ്ങിയ പേഴ്സണൽ​ സിനിമയാണ് പെൺകൊടി. പെൺകൊടി ഷൂട്ട് ചെയ്ത്തത് യശ്ശശരീരനായ ശ്രീ എം.ജെ.രാധാകൃഷ്ണനാണ്. അതിന്റെ സൊണ്ട് എഡിറ്റിംഗും മിക്സിംഗും മറ്റും ചെയ്യുന്നത് അരുൺ വർമ്മയും പ്രമോദ് തോമസ്സും ആണ്. (യന്തിരൻ മിക്സ് ചെയ്ത ആളാണ് പ്രമോദ്.) വിപണിമൂല്യമുള്ള താരങ്ങളൊന്നും ഇല്ലെങ്കിലും നൂറോളം പേർ എല്ലാ ദിവസങ്ങളിലും അതുമായി സഹകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അത് ഗോപ്യമായി ഷൂട്ട് ചെയ്ത പടമല്ല. അത് തികച്ചും പേഴ്സണൽ സിനിമാ സ്വഭാവമുള്ള ഒരു ശുദ്ധമായ ആർട്ടിസ്റ്റിക് സിനിമയാണ്. അത് പൂർത്തിയാകാറായ സന്ദർഭത്തിലാണ് മാമാങ്കം തുടങ്ങുന്നത്. മാമാങ്കത്തിന്റെ ആദ്യ കഥാവിവരണവേളയിൽ​ തന്നെ എന്റെ പോർട്ട്ഫോളിയോ കാണിക്കുന്നതിനൊപ്പം ഇതേക്കുറിച്ചും ചർച്ച ചെയ്തതാണ്. പെൺകൊടിയെക്കുറിച്ച് എക്സിക്യുട്ടീവ് പ്രൊഡ്യൂസറിന് വളരെ നന്നായി അറിയാവുന്നതാണ്. പ്രൊഡ്യൂസറിനുൾപ്പടെ എല്ലാവരെയും അതേക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്ന് മാത്രമല്ല, അതിന്റെ ടീസർ കാണാത്തവരും കൂട്ടത്തിൽ ആരുമുണ്ടാകില്ല.

ഒരു കലാസിനിമയുടെ പൂർത്തീകരണത്തിനുള്ള ചില സാമ്പത്തിക കടമ്പകൾ അതിനുമുണ്ടായിരുന്നു. ഞാൻ എന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ നിർമ്മിച്ചതാണ് ആ പടം. വർക്ക് ഇൻ പ്രോഗ്രസ്സ് സ്റ്റേജിൽ ഫിനിഷിങ് ഫണ്ടിനായും ആ ആവസ്ഥയിൽ എടുക്കുന്ന ചില ഫെസ്റ്റിവലുകളിലേക്കും അത് അയച്ചിട്ടുമുണ്ട്. ചിലയിടങ്ങളിൽ അത് അയക്കാനായി കൂടെ ഉണ്ടായിരുന്നവർക്കൊപ്പെ ആരോപണം ഉന്നയിച്ച വ്യക്തിയും ഒപ്പമുണ്ടായിരുന്നു. സിനിമ തുടങ്ങുന്നതിന് മുൻപേയാണ് അതൊക്കെ. എന്നിട്ടും ഇപ്പോൾ പറയുന്നത് ഞാൻ അതേക്കുറിച്ച് അറിയിച്ചിട്ടില്ലെന്നാണ്.

അത് വേറോരു സെൻസിബിലിറ്റി ആവശ്യപ്പെടുന്ന പടമാണെന്നും മാർക്കറ്റിൽ പ്രശ്നമാകുമെന്നും മാമാങ്കം ഇറങ്ങുന്നതുവരേയും അത് പുറത്തിറക്കരുതെന്നുമുള്ള പ്രൊഡ്യൂസറുടെ നിർബന്ധപ്രകാരം, ഞാൻ ഭാരിച്ച സാമ്പത്തിക ബാധ്യതയിൽ ആയിട്ടും ആ നിലയിൽ അവിടെ നിറുത്തി. ആ സിനിമയുടെ റഫ് കട്ട കണ്ട പ്രശസ്ത സൗണ്ട് എഞ്ചിനിയറായ ശ്രീ.കൃഷ്ണനുണ്ണി സറിന്റെ വാക്കുകൾ : ‘Sajeev is an excellent filmmaker. He showed me the rough cut of his film Penkodi which is not yet completed and I was wonderstruck at his craft.’

ഒരു സ്ഥലത്ത്, നിങ്ങൾ മാമാങ്കം രണ്ട് വർഷം കൊണ്ടെഴുതിയതാണെന്നും എന്നാൽ മറ്റൊരു വശത്ത് ഇത് എഴുതാൻ ജീവിതത്തിന്റെ കാൽഭാഗം പാഴാക്കിയെന്നും പറയുന്നു. ഒപ്പം തന്നെ എല്ലാം ഉദയയുടെ മാമാങ്കത്തിലെ കഥാപാത്രങ്ങളാണെന്നും പറയുന്നു.
ഉദയയിലെ മാമാങ്കത്തിലെ കഥാപാത്രങ്ങൾ ആണ് എല്ലാമെങ്കിൽ​, ആ പടത്തിന്റെ റൈറ്റ് വാങ്ങിയാൽ പോരായിരുന്നോ? എന്റെ സ്ക്രിപ്ടിനെക്കുറിച്ച് ഈ ഗീർവ്വാണമൊക്കെ വിടണമായിരുന്നോ?

പിന്നെ, ഉദയയുടെ മാമാങ്കത്തിലെ കഥാപാത്രങ്ങളാണ് എല്ലാം എന്നതിൽ നിർമ്മാതാവ് കോടതിയിലും ഉറച്ച് നിൽക്കുമോ?

ആയുസ്സിന്റെ കാൽഭാഗം എടുത്തിട്ടും പൂർത്തിയാകാത്ത ഒരു ഷൂട്ടിങ് സ്ക്രിപ്ടിനെ നിങ്ങൾ പരിഹസിക്കുന്നു. ആ വാക്കുകൾക്ക് പിന്നിലെ ധാർഷ്ട്യത്തിൽ അടങ്ങിയിരിക്കുന്ന സംസ്കാരമില്ലായ്മയെക്കുറിച്ച് ഞാൻ ഒന്നും പറയുന്നില്ല.

ജീവിതം ക്രിയേറ്റീവ് ആയ ശ്രമങ്ങൾക്ക് വേണ്ടി കൊടുക്കുന്നത് ഒരു തമാശയായി ഞാൻ കാണുന്നുമില്ല. മുഴുവൻ ശമ്പളം കൈപ്പറ്റി പടത്തിന് വേണ്ടി ഒരു വർഷത്തെ ജീവിതം കളയുന്നു എന്ന് പറയുന്ന നിങ്ങളെ പോലുള്ളവർക്ക് ഇതൊന്നും മനസ്സിലാവില്ല.

ഞാൻ എന്റെ ജീവിതം കൊടുത്ത് സൃഷ്ടിച്ച സിനിമയെ സംസ്കാരവും മനുഷ്യത്വവും തൊട്ടുതീണ്ടിയില്ലാത്ത ചതിയിലൂടെ തട്ടിയെടുക്കയും എനിക്കെതിരെ നിരന്തരം കള്ളം പറയുകയും മാത്രമല്ല നിങ്ങൾ ചെയ്യുന്നത്, കള്ളക്കേസുകളും ഭീഷണികളും കൂടിയുണ്ട്.

സൃഷ്ടാവിന്റെ കയ്യിൽ നിന്നും സൃഷ്ടി അടിച്ച് മാറ്റി എന്ന് മാത്രവുമല്ല, അങ്ങനെ ഒരാൾ ഭൂലോകത്ത് ജീവിച്ചിരുന്നിട്ടേയില്ല എന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്ന നിങ്ങളെയും നിങ്ങളെ പിന്തുണയ്ക്കുുന്നവരേയും ലോകം മനസ്സിലാക്കാതെ പോകില്ല.
അത് പറയാതെ പോകുന്നത്രയും മരവിച്ച മനസ്സാക്ഷിയല്ല മലയാളിക്ക്. ഈ കൊടും ചതിക്ക് കൂട്ട് നിൽക്കന്നവരേയും തിരിച്ചറിയുക തന്നെ ചെയ്യും. ഭയപ്പെടുത്തി എല്ലാം മൂടിക്കെട്ടാൻ കഴിയില്ല.

മാമാങ്ക നിർമ്മാതാവിന്റെ സംഘാംഗങ്ങൾ ഓരോരുത്തരായി പഴയ ചോദ്യങ്ങളുടെ ആവർത്തനവുമായി ദയവായി ഇനിയും വരരുത്‌. മറുപടിയ്ക്ക്‌ പുതുമയില്ലാതാവും. അനാവർത്തനങ്ങളായ ചോദ്യങ്ങളേ ദയവായി ഉന്നയിക്കാവൂ.