കര്‍ണാടക ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ ജനങ്ങളോട് നന്ദിയറിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാഷ്ട്രീയമായ സ്ഥിരതയെ കുറിച്ച്‌ രാജ്യം എങ്ങനെ ചിന്തിക്കുന്നുവെന്നും അതിനായി രാജ്യം എത്രത്തോളം ബിജെപിയില്‍ വിശ്വസിക്കുന്നുവെന്നുമുള്ളതിന് മികച്ച ഉദാഹരണമാണ് കര്‍ണാടകയിലെ വിജയമെന്ന് മോഡി പറഞ്ഞു.

ജാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയായിരുന്നു മോഡിയുടെ പരാമര്‍ശം. ശക്തവും സുസ്ഥിരവുമായ ഒരു സര്‍ക്കാരിനാണ് ജനങ്ങള്‍ കരുത്ത് പകര്‍ന്നതെന്നും, ബിജെപിക്ക് തന്ന വിജയത്തില്‍ കര്‍ണാടകയിലെ ജനങ്ങളോട് താന്‍ നന്ദിയറിയിക്കുന്നതായും മോഡി പറഞ്ഞു.

‘ഇന്ന് കര്‍ണാടകയിലെ ജനങ്ങള്‍ കോണ്‍ഗ്രസിനും ജെഡിഎസിനും ഇനി തങ്ങളെ വഞ്ചിക്കാന്‍ കഴിയില്ലെന്ന് ഉറപ്പുവരുത്തി. അസ്ഥിരമായ സര്‍ക്കാരുകളിലേക്ക് നയിക്കുന്ന നീക്കുപോക്കുകള്‍ ഇനിമേല്‍ ഉണ്ടാകില്ല. ശക്തവും സുസ്ഥിരവുമായ ഒരു സര്‍ക്കാരിനാണ് ജനങ്ങള്‍ കരുത്ത് പകര്‍ന്നിരിക്കുന്നത്’- മോഡി കൂട്ടിച്ചേര്‍ത്തു.

കര്‍ണാടകയിലെ 15 നിയമസഭ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി 12 സീറ്റിലും മികച്ച വിജയം നേടിയിരുന്നു. കോണ്‍ഗ്രസ് രണ്ട് സീറ്റില്‍ വിജയിച്ചപ്പോള് ജെഡിഎസിന് ഒരു സീറ്റ് പോലും നേടാനായില്ല. ഒരു സീറ്റില്‍ സ്വതന്ത്രനാണ് ജയിച്ചത്. സര്‍ക്കാരിനെ നിലനിര്‍ത്താന്‍ ബിജെപിക്ക് കുറഞ്ഞത് ആറ് സീറ്റിലെങ്കിലും വിജയം ആവശ്യമായിരുന്ന സാഹചര്യത്തിലാണ് 12 സീറ്റുകളിലുള്ള നേട്ടം.