ജിസിസി യോഗം സൗദി തലസ്ഥാനമായ റിയാദില്‍ ആരംഭിക്കാനിരിക്കെ ഖത്തര്‍ അമീര്‍ റുവാണ്ടയിലേക്ക്. ജിസിസി യോഗത്തിലേക്ക് സൗദി രാജാവ് സല്‍മാന്‍ ഖത്തര്‍ അമീറിനെയും ക്ഷണിച്ചിരുന്നു. ഇരുനേതാക്കളും ചര്‍ച്ച നടത്തുന്നതിലൂടെ ഗള്‍ഫിലെ പ്രതിസന്ധി തീരുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് പ്രതിസന്ധി ഉടന്‍ തീര്‍ന്നേക്കുമെന്ന് കഴിഞ്ഞദിവസം സൂചിപ്പിച്ചിരുന്നു. എന്നാല്‍ ചൊവ്വാഴ്ച ജിസിസി യോഗം നടക്കാനിരിക്കെയാണ് തിങ്കളാഴ്ച ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി മധ്യ ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയിലേക്ക് പോകുന്നത്. ബ്ലൂംബെര്‍ഗ് ന്യൂസ് ആണ് ഖത്തര്‍ അമീറിന്റെ യാത്ര സംബന്ധിച്ച വിശദാംശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്…

റുവാണ്ടന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഖത്തര്‍ അമീര്‍ ആഫ്രിക്കയില്‍ നിന്ന് ഗള്‍ഫിലേക്ക് തന്നെ ചൊവ്വാഴ്ച തിരിച്ചെത്തുമോ എന്ന് വ്യക്തമല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജിസിസി യോഗത്തില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കുമോ? അല്ലെങ്കില്‍ മറ്റാരെങ്കിലും ഖത്തര്‍ പ്രതിനിധിയായി സൗദിയിലെത്തുമോ എന്നീ കാര്യങ്ങള്‍ അറിവായിട്ടില്ല.

റുവാണ്ടയിലേക്ക് പോകുന്നത് എന്തിന്

ഖത്തര്‍ അമീറിന്റെ പേരിലുള്ള അന്താരാഷ്ട്ര അഴിമതി വിരുദ്ധ പുരസ്‌കാരം വിതരണം ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം റുവാണ്ടയിലേക്ക് പോകുന്നതെന്ന് ഖത്തര്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. റുവാണ്ടന്‍ തലസ്ഥാനമായ കിഗാലിയിലാണ് ചടങ്ങ്.

സൗദി രാജാവ് ക്ഷണിച്ചിരുന്നു

ഖത്തര്‍ അമീറിനെ ജിസിസി യോഗത്തില്‍ പങ്കെടുക്കാന്‍ സൗദിയിലെ സല്‍മാന്‍ രാജാവ് കഴിഞ്ഞദിവസം ക്ഷണിച്ചിരുന്നു. 30 മാസമായി ഖത്തറും സൗദിയും തമ്മില്‍ തുടരുന്ന ഭിന്നത പരിഹരിക്കപ്പെടാന്‍ സാധ്യതയുണ്ട് എന്ന റിപ്പോര്‍ട്ടുകള്‍ക്കിടയാക്കുന്നതായിരുന്നു സൗദി രാജാവിന്റെ നീക്കം.

ഖത്തര്‍ മന്ത്രിയുടെ പ്രതികരണം

ഖത്തറും സൗദിയും തമ്മില്‍ പ്രശ്‌നപരിഹാര ചര്‍ച്ച നടക്കുന്നുണ്ട് എന്ന് കഴിഞ്ഞ ദിവസം ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് അല്‍ത്താനി പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം, വിദേശകാര്യ മന്ത്രി അടുത്തിടെ റിയാദില്‍ എത്തിയിരുന്നു എന്ന റിപ്പോര്‍ട്ട് സംബന്ധിച്ച് അദ്ദേഹം പ്രതികരിച്ചില്ല.

ചൊവ്വാഴ്ച ആരംഭിക്കും

ജിസിസി വാര്‍ഷിക ഉച്ചകോടി ചൊവ്വാഴ്ച റിയാദിലാണ് ഇത്തവണ നടക്കുന്നത്. യുഎഇയില്‍ നടക്കേണ്ടിയിരുന്ന ഉച്ചകോടി റിയാദിലേക്ക് മാറ്റുകയായിരുന്നു. ഇതിന് കാരണം വ്യക്തമല്ല. സൗദി രാജാവ് സല്‍മാന്‍ ഖത്തര്‍ അമീറിനെ ക്ഷണിച്ച് അയച്ച കത്ത് ലഭിച്ചുവെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

സെക്രട്ടറി ജനറല്‍ മുഖേന

വിദേശകാര്യ മന്ത്രാലയമാണ് സൗദി രാജാവിന്റെ കത്ത് സ്വീകരിച്ചത്. ജിസിസി സെക്രട്ടറി ജനറല്‍ അബ്ദുല്‍ ലത്തീഫ് ബിന്‍ റാശിദ് അല്‍ സയാനി മുഖേനയാണ് കത്ത് അയച്ചത്. ഖത്തര്‍ അമീര്‍ ശൈഖ് തമീം ക്ഷണം സ്വീകരിച്ച് സൗദിയിലേക്ക് പോകുമോ എന്ന് വ്യക്തമല്ല. ജിസിസിയിലെ ആറ് രാഷ്ട്ര നേതാക്കളും ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മഞ്ഞുരുക്കം വേഗത്തില്‍

ഖത്തര്‍ അമീര്‍ സൗദിയിലെ ഉച്ചകോടിയില്‍ പങ്കെടുത്താല്‍ ഗള്‍ഫ് മേഖലയില്‍ മഞ്ഞുരുക്കം വേഗത്തിലാകുമെന്ന് പ്രതീക്ഷിക്കാം. കഴിഞ്ഞ ഉച്ചകോടിക്ക് ഖത്തര്‍ അമീര്‍ പങ്കെടുത്തിരുന്നില്ല. പ്രധാനമന്ത്രിയെ അയക്കുകയായിരുന്നു. 2017ല്‍ കുവൈത്തിലെ ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുത്തെങ്കിലും കാര്യമായ തീരുമാനങ്ങളുണ്ടായിരുന്നില്ല.

സമവായ ഭാഷയില്‍ ഇറാനും

അതേസമയം, സൗദിയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞു. സൗദിയുമായി ബന്ധം പുനരാരംഭിക്കുന്നതില്‍ ഇറാന് തടസമില്ല. എല്ലാ അയല്‍രാജ്യങ്ങളുമായും ഇറാന്‍ നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും റൂഹാനി പറഞ്ഞു. ഒമാന്‍ വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവിയോടാണ് ഹസന്‍ റൂഹാനി തന്റെ നിലപാട് വ്യക്തമാക്കിയത്.