കല്‍പ്പറ്റ: കന്യാസ്ത്രീയെ വിദേശത്ത് പ്രവര്‍ത്തിക്കുന്ന മഠം ഉപേക്ഷിച്ചതായാണ് പരാതി.
ബനഡിക്റ്റണ്‍ കോണ്‍ഗ്രിഗേഷനെതിരെ കന്യാസ്ത്രീയുടെ കുടുംബമാണ് രംഗത്തെത്തിയിരിക്കുന്നത്. പീഡനങ്ങളാല്‍ മകള്‍ മാനസികരോഗിയായെന്നും ചികിത്സപോലും ലഭിക്കാതെ ഇംഗ്ലണ്ടില്‍ ദുരിതത്തിലാണെന്നും മാതാപിതാക്കള്‍ പറയുന്നു.
വയനാട് നിരവില്‍പ്പുഴ കല്ലറ ജോസ് തങ്കമ്മ ദമ്ബതികളുടെ മകള്‍ ദീപയെ തിരിച്ചയക്കണമെന്നാവശ്യപ്പെട്ട് സമരത്തിനൊരുങ്ങുകയാണ് കുടുംബം.
വയനാട് നിരവില്‍പ്പുഴ സ്വദേശിയായ സിസ്റ്റര്‍ ദീപ 18 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇഗ്ലണ്ടിലെ ഗ്ലാസ്സ്‌റ്റെഷേറില്‍ സേവനത്തിനായി പോവുന്നത്.
ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ മഠത്തിലെ സഹപ്രവര്‍ത്തകരില്‍ നിന്നും വൈദികരില്‍ നിന്നുമുണ്ടായി. ലൈംഗികാക്രമണങ്ങള്‍ ചെറുത്തതോടെ മഠത്തില്‍ ഒറ്റപ്പെട്ടു. പീഡനങ്ങള്‍ സഹിക്കാനാവാതെയായതോടെ മഠത്തില്‍ നിന്ന് പുറത്തുനില്‍ക്കേണ്ട സാഹചര്യമുണ്ടായി.
ഇതിനിടെ മാനസിക രോഗിയാക്കി ചിത്രീകരിച്ച് മരുന്ന് നല്‍കിതുടങ്ങിയിരുന്നതായി കുടുംബം പറയുന്നു. കടുത്ത മാനസികാസ്വാസ്ഥ്യമാണ് ഇപ്പോള്‍ പ്രകടിപ്പിക്കുന്നത്. മറ്റൊരിടത്ത് സഹായത്തിന് ആരുമില്ലാതെ കഴിയുകയാണ് സിസ്റ്റര്‍ ദീപ. പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാണു ഫോണില്‍ സംസാരിക്കുന്നത്.
ഇംഗ്ലണ്ട് പൗരത്വമുള്ള സിസ്റ്റര്‍ ദീപയെ അടിയന്തിരമായി തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് സഭാ നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. മഠം വിട്ടതോ രോഗവിവരമോ അധികൃതര്‍ കുടുംബത്തെ അറിയിച്ചില്ലെന്നും കുടുംബം പറയുന്നു. കന്യാസ്ത്രീക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ല. രണ്ടര വര്‍ഷം മുന്‍പാണ് ഒടുവില്‍ വീട്ടില്‍ വന്നത്.
കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു അപ്പോള്‍ ദീപ. ഫോണില്‍ ഇടക്ക് സംസാരിക്കാറുണ്ടെങ്കിലും നിലവിലെ അവസ്ഥകളെക്കുറിച്ച് കുടുംബത്തിന് അറിയില്ല. സന്ന്യാസസഭയുടെ മാനന്തവാടി മഠത്തില്‍ കുത്തിയിരിപ്പടക്കം നടത്തിയിട്ടുണ്ട് സിസ്റ്റര്‍ ദീപയുടെ കുടുംബം. 7 വര്‍ഷം മുന്‍പ് സിസ്റ്റര്‍ മഠം വിട്ടുപോയെന്നാണ് സഭാ അധികൃതരുടെ വിശദീകരണം.