കൊച്ചി: സുരക്ഷയ്ക്കായി നിയോഗിച്ച ഉദ്യോഗസ്ഥരെ പിന്‍വലിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്‌ ജസ്റ്റിസ് ബി കെമാല്‍ പാഷ. സര്‍ക്കാര്‍ മൂഢന്മാരുടെ സ്വര്‍ഗത്തിലാണെന്നും താന്‍ പിന്നോക്കം പോകില്ലെന്നും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കെമാല്‍ പാഷ വ്യക്തമാക്കി. ശബ്ദമില്ലാത്തവര്‍ക്ക് വേണ്ടി ഇനിയും ശബ്ദിക്കും. താന്‍ ആവശ്യപ്പെട്ടിട്ടല്ല പോലീസ് സുരക്ഷയൊരുക്കിയതെന്നും കെമാല്‍ പാഷ വ്യക്തമാക്കി.

പോലീസ് അസോസിയേഷന്റെ സമ്മര്‍ദ്ദം മൂലമാണ് സുരക്ഷ പിന്‍വലിച്ചത് എന്നും കെമാല്‍ പാഷ ആരോപിച്ചു. കൂടത്തായി കേസ് നല്ലത് പോലെ അന്വേഷിച്ച പോലീസ് വാളയാര്‍ കേസില്‍ ഏറ്റവും മോശം അന്വേഷണമാണ് നടത്തിയത്. മാവോയിസ്റ്റുകളെ വെടിവെച്ച്‌ കൊല്ലാന്‍ നിയമത്തില്‍ പറയുന്നില്ല. സര്‍ക്കാരിന് ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ അല്ല താന്‍ പറയുന്നത് എന്നത് പ്രകോപിപ്പിച്ചിട്ടുണ്ടാകുമെന്നും കെമാല്‍ പാഷ പറഞ്ഞു.

തന്നെ ഇപ്പോള്‍ ആര്‍ക്കും എന്തും ചെയ്യാം. എന്നാല്‍ ഇതുകൊണ്ടൊന്നും നിര്‍ത്തില്ല. പറയാനുളളത് ഇനിയും പറയുമെന്നും കെമാല്‍ പാഷ പറഞ്ഞു. പ്രതികരിക്കരുത് എന്ന് പറഞ്ഞാല്‍ അത് സാധ്യമല്ല. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണ് എന്നും ജ. കെമാല്‍ പാഷ തുറന്നടിച്ചു. പ്രതികരണ ശേഷി ഇല്ലാത്തവന്‍ പൗരനാണെന്ന് പറയാനാവില്ല.

ഇവിടെ സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പാടില്ല എന്ന അവസ്ഥയാണ്. സത്യങ്ങള്‍ വിളിച്ച്‌ പറയരുത്. സത്യം വിളിച്ച്‌ പറയുന്നവരുടെ വായടപ്പിക്കാനാണ് ശ്രമിക്കുന്നത്. വാളയാര്‍ പെണ്‍കുട്ടികള്‍ മരിച്ചത് എങ്ങനെയെന്ന് ഇതുവരെ കണ്ടെത്താത്തത് പോലീസിന്റെ വീഴ്ചയാണ്. സമൂഹം പ്രതികരിക്കാന്‍ തുടങ്ങിയാല്‍ ഒരു ഭരണകൂടത്തിനും പിടിച്ച്‌ നില്‍ക്കാനാവില്ലെന്നും ജ. കെമാല്‍ പാഷ വ്യക്തമാക്കി.