ഇന്ത്യന്‍ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന സിനിമയാണ് മാമാങ്കം. ഡിസംബര്‍ 12 ന് ചിത്രം തിയേറ്ററുകളിലെത്തും. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ബോളിവുഡിലുമായിട്ടാണ് മാമാങ്കം റിലീസ് ചെയ്യുന്നത്. നിലവില്‍ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികള്‍ തകൃതിയായി നടന്നുകൊണ്ടിരിയ്ക്കുകയാണ്.

മുംബൈയില്‍ വച്ച്‌ കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രമോഷന്‍ നടന്നിരുന്നു, മമ്മൂട്ടിയ്ക്കും സംവിധായകന്‍ പദ്മകുമാറിനുമൊപ്പം ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്ന ഉണ്ണി മുകുന്ദന്‍, ഇനിയ, സുദേവ് നായര്‍, പ്രാഞ്ചി തെല്‍ഹാന്‍ എന്നിവരും പങ്കെടുത്തിരുന്നു. ചടങ്ങില്‍ വച്ച്‌ സുദേവിനെ മമ്മൂട്ടി പ്രശംസിയ്ക്കുകയുണ്ടായി.

മുംബൈയിലെ മാമാങ്കം ആരാധകര്‍ക്ക് സുദേവ് നായര്‍ സ്വയം പരിചയപ്പെടുത്തുകയായിരുന്നു. ‘ഹായ്, ഞാന്‍ സുദേവ് നായര്‍. ഈ സിനിമയുടെ ഒരു ചെറിയ ഭാഗമായി ഞാനുമുണ്ട്’ എന്നായിരുന്നു സുദേവ് പറഞ്ഞത്. എന്നാല്‍ മമ്മൂട്ടി അത് തിരുത്തി. സുദേവ് അംഗീകരിക്കപ്പെട്ട നടനാണ്. രണ്ട് വര്‍ഷം മുന്‍പ് കേരള സംസ്ഥാന സര്‍ക്കാറിന്റെ മികച്ച നടനുള്ള അവാര്‍ഡ് വാങ്ങിയിട്ടുണ്ട്. അത്ര ചെറിയ പുള്ളിയൊന്നുമല്ല, വലിയ പുള്ളിയാണ്- എന്ന് മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടി തന്റെ സ്വപ്‌നം സഫലീകരിച്ചു എന്ന് പറഞ്ഞുകൊണ്ട് ഇക്കാര്യം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത് സുദേവ് നായര്‍ തന്നെയാണ്. ഇതിനെക്കാള്‍ ഉയര്‍ച്ച തനിയ്ക്ക് എന്ത് വേണം എന്നാണ് സുദേവ് ചോദിയ്ക്കുന്നത്.