ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍ കുട്ടികളെ അന്യ സംസ്ഥാനത്തേക്ക് കടത്തിയ കേസില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. അതേസമയം, തൂക്കുപാലം മേഖലയില്‍ നിന്നും കാണാതായ രണ്ടു പെണ്‍കുട്ടികളെയും നാട്ടില്‍ എത്തിച്ചു. ഒഡീഷയില്‍ നിന്നു കണ്ടെത്തിയ പെണ്‍കുട്ടിയെ ഇന്നലെ നെടുങ്കണ്ടത്ത് എത്തിച്ചു. രണ്ടാമത്തെ പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം തമിഴ്‌നാട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു. ജില്ലാ പോലീസ് മേധാവി ടി നാരായണന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡാണ് കേസ് അന്വേഷിക്കുന്നത്.

പെണ്‍കടത്ത് കേസില്‍ അന്‍വര്‍, അന്‍ഷാദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. 2016ല്‍ എറണാകുളത്ത് നിന്നും യുവതിയെ കടത്തിയ കേസിലും പ്രതിയാണ് അന്‍ഷാദ്. തമിഴ്‌നാട്ടിലെ കരൂരിലേക്കാണ് അന്‍വര്‍ പെണ്‍കുട്ടിയെ കൊണ്ടുപോയത്. ഒഡീഷയിസെ ഖണ്ഡഗിരിയില്‍ നിന്നുമാണ് അന്‍ഷാദിനെ പിടികൂടിയത്. ഒഡീഷയില്‍ ബ്യൂട്ടി ഷോപ്പ് തുടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു അന്‍ഷാദ്.