കോഴിക്കോട്: കഴിഞ്ഞ കുറച്ച്‌ നാളുകളായി സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ് ടൂറിസ്റ്റ് ബസുകള്‍. കഴിഞ്ഞ ദിവസം വിനോദയാത്രയ്ക്കിടെ അപകടകരമായ രീതിയില്‍ വാഹനമോടിച്ച ഡ്രൈവര്‍ക്കെതിരെ നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ് രംഗത്ത് എത്തിയിരുന്നു. സംഭവത്തില്‍ വയനാട് സ്വദേശി എം ഷാജി എന്നയാളുടെ ലൈസന്‍സ് ആറു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഈ അടുത്തടെ നിരവധി വാര്‍ത്തകളാണ് ടൂറിസ്റ്റ് ബസ്സുകള്‍ക്കെതിരെ വന്നത്.

ഇപ്പോഴിതാ താമരശ്ശേരിയില്‍ വിനോദ സഞ്ചാരത്തിന് പോയ വിദ്യാര്‍ത്ഥികള്‍ പിറന്നാള്‍ ആഘോഷിച്ചത് അപകടം വിളിച്ച്‌ വരുത്തിക്കൊണ്ടാണ്. ടൂറിസ്റ്റ് ബസ്സിന് മുകളില്‍ കയറി പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചുമാണ് പിറന്നാള്‍ ആഘോഷിച്ചത്.

ഈ ആഘോഷങ്ങളുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കോരങ്ങാട് ഗവണ്‍മെന്റ് വോക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും ടൂര്‍ പോയ +2 വിദ്യാര്‍ത്ഥികളുടെതാണ് ഈ ആഘോഷം. ഡിസംബര്‍ ഒന്നിന് ബംഗളൂരിലേക്ക് പോയ സംഘത്തിന്റേതായിരുന്നു ആഘോഷം.