ന്യൂഡല്‍ഹി: സ്മ്യതി ഇറാനിക്കെതിരായ പ്രതിഷേധത്തില്‍ മാപ്പ് പറയാത്ത സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള ഡീന്‍ കുര്യാക്കോസിനെയും ടിഎന്‍ പ്രതാപനെയും ഇന്ന് ലോക്‌സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യും. സ്മ്യതി ഇറാനിക്കെതിരായ പ്രതിഷേധത്തിന് മാപ്പ് പറയാത്ത സാഹചര്യത്തില്‍ ബിജെപി ഇരുവരെയും സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശിക്കുന്ന പ്രമേയം ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും.

രണ്ട് പേരും സഭയില്‍ മാപ്പ് പറയണം എന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. സ്മ്യതി ഇറാനിക്ക് എതിരായി നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ച വിഷയത്തില്‍ ഭരണപക്ഷം കേരളത്തില്‍ നിന്നുള്ള രണ്ട് എംപിമാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ മാപ്പ് പറയാന്‍ തയാറല്ലെന്ന എംപിമാരുടെയും കോണ്‍ഗ്രസിന്റെയും നിലപാടില്‍ പ്രതിഷേധിച്ചാണ് നടപടി. ശേഷിക്കുന്ന സമ്മേളന കാലത്തേയ്ക്കാകും സസ്‌പെന്‍ഷന്‍. പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഇതു സമ്ബന്ധിച്ച പ്രമേയം സഭയില്‍ അവതരിപ്പിക്കുക. ബിജെപിയുടെ പ്രമേയത്തെ ശക്തമായി സഭയില്‍ എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. ഇത് പ്രക്ഷുബ്ദമായ രംഗങ്ങളിലേക്കാകും സഭയെ നയിക്കുക.

സുപ്രധാന നിയമ ഭേഭഗതിയായ പൗരത്വ ഭേഭഗതി ബില്ലും ഇന്ന് ലോക്‌സഭ അജണ്ടയില്‍ കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൗരത്വ ഭേഭഗതി ബില്ലിനെ നേരിടുന്ന കാര്യത്തില്‍ അതേസമയം കോണ്‍ഗ്രസ് അടക്കം ഉള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഇതുവരെയും എകാഭിപ്രായം ഉണ്ടായിട്ടില്ല. അഫ്ഗാന്‍, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കുടിയേറിയ മുസ്ലിം ഇതരമതസ്ഥര്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കാന്‍ നിര്‍ദേശിക്കുന്നതാണ് ബില്‍.