ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്‍ (മാഗ്) ഇലക്ഷനില്‍ ഡോ. സാം ജോസഫിന്റെ പാനല്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു. 652 വോട്ട് നേടിയ ഡോ. സാം ജോസഫ് ആണ്‌ പ്രസിഡന്റ്. എതിര്‍സ്ഥാനാര്‍ത്ഥി ജോസഫ് കെന്നഡിക്കു ലഭിച്ചതു 359 വോട്ടാണ്.

ട്രസ്റ്റി ബോര്‍ഡിലേക്ക് മാര്‍ട്ടിന്‍ ജോണ്‍ (685), ജോണ്‍ കുന്നക്കാട്ട് (647) എന്നിവര്‍ വിജയിച്ചു. വിമന്‍സ്‌ഫോറം അംഗങ്ങളായി ലിറ്റി പുല്ലോക്കാരന്‍ (545), ഷിബി റോയി (526) എന്നിവര്‍ വിജയിച്ചു.

ഡയറക്ടര്‍ ബോര്‍ഡിലേക്ക് മോന്‍സി കുര്യാക്കോസ് (655), മാത്യുസ് മുണ്ടക്കല്‍ (603), റെജി കോട്ടയം (601), ഏബ്രഹാം തോമസ് (599), മൈസൂര്‍ തമ്പി (596), ജോജി ജോസഫ് (577), അലമോ ബാബു (570), ബോബി കണ്ടത്തില്‍ (546), ജോസ് കെ. ജോണ്‍ (490), ഫിലിപ്പ് സെബാസ്റ്റ്യന്‍ (481), അക്കു സി. കോശി (475) എന്നിവരും ജയിച്ചു കയറി. ഡോ. സാം ജോസഫിന്റെ പാനലിലുള്ളവരാണു ജയിച്ചവരില്‍ കൂടുതല്‍. മൈസൂര്‍ തമ്പി (തോമസ് വര്‍ക്കി), ബാബു ചാക്കോ എന്നിവര്‍ മാത്രമാണു കെന്നഡിയുടെ പാനലില്‍ നിന്നു ജയിച്ചത്

പ്രവാസി സമൂഹത്തിനു വേണ്ടി എപ്പോഴും കര്‍മ്മനിരതനായിരിക്കുന്ന ഹോമിയോ ഡോക്ടര്‍ കൂടിയായ ഡോ. സാം ജോസഫ് ജനമനസുകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ്. 2017-18 കാലയളവില്‍ കേരള ഹൗസ് പുനര്‍നിര്‍മ്മിക്കാനും കഴിഞ്ഞവര്‍ഷം പുതിയ കെട്ടിടം പണിയുവാനും അതിന്റെ കോര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിച്ചു. ജന്മസ്ഥലമായ ഗൂഡല്ലൂരില്‍ പബ്ലിക്ക് പ്രൈവറ്റ് ഇന്‍ഡോര്‍ ബാഡ്മിന്റണ്‍ സ്‌റ്റേഡിയം നിര്‍മ്മിച്ചിട്ടുള്ള ഇദ്ദേഹം ഇവിടെയും യുവജനങ്ങളെ കോര്‍ത്തിണക്കി വോളിബോളും ബാഡ്മിന്റണും നേതൃത്വം നല്‍കുന്നു. ഊര്‍ജസ്വലനായ കായികതാരമെന്നതിലുപരി മറ്റുള്ളവരില്‍ കായികക്ഷമത വര്‍ദ്ധിപ്പിക്കുന്നതിലാണ് അദ്ദേഹത്തിന്റെ കര്‍മോത്സുകത ഉയര്‍ന്നു നില്‍ക്കുന്നത്.

സ്‌റ്റേജ് പെര്‍ഫോമര്‍ കൂടിയായ അദ്ദേഹം മികവുറ്റ ഒരു സ്‌ക്രിപ്റ്റ് റൈറ്റര്‍ എന്ന നിലയില്‍ പേരെടുത്തിട്ടുണ്ട്. മികച്ച പരിപാടികള്‍ സംവിധാനം ചെയ്യുകയും പലതവണ സാമൂഹികസാംസ്‌കാരിക സ്‌റ്റേജ് പ്രോഗ്രാമുകളില്‍ പങ്കാളിയാവുകയും ചെയ്തു. 1994 സിംഗപ്പൂരില്‍ നടന്ന ഏഷ്യ പസഫിക്ക് കണ്‍വന്‍ഷനില്‍ ജേസീസിനെ പ്രതിനിധാനം ചെയ്യുകയുമുണ്ടായി.

ഇതിനു പുറമേ, ടൂറിസം വികസന പ്രസിഡന്റായും നീലഗിരി സ്‌പോര്‍ട്‌സ് വികസന കൗണ്‍സില്‍ സെക്രട്ടറിയായി പലതവണ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2017ല്‍ ഹാര്‍വി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ടീം കോര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിച്ചു.

1994ല്‍ ജൂണിയര്‍ ചേംബര്‍ ഇന്റര്‍നാഷണലിന്റെ പ്രസിഡന്റായിരുന്നു. ഗൂഡല്ലൂര്‍ മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാനായി 1996 മുതല്‍ 2001 വരെ പ്രവര്‍ത്തിച്ചു. ഗൂഡല്ലൂരില്‍ റോക്ക് ഗാര്‍ഡന്‍സ് ഹോളിഡേ റിസോര്‍ട്‌സിന്റെയും സ്‌കൂളിന്റെയും ഉടമയായ ഇദ്ദേഹം പിതാവ് റവ. ഫാ. ജെ. ജോസഫിന്റെ (മര്‍ത്തോമ സഭയിലെ മികവുറ്റ പുരോഹിതനും ആറന്മുള സ്വദേശിയും) സ്മരണയ്ക്കായി പോസ്റ്റ് ഓഫീസ് പ്രവര്‍ത്തിക്കുവാനായി ഒരു കെട്ടിടം നിര്‍മ്മിച്ച് സംഭാവന ചെയ്യുകയുണ്ടായി.

കുഞ്ഞമ്മ ജോസഫാണ് മാതാവ്. ഭാര്യ ജെസ്സി. മൂന്നു മക്കള്‍. ആഷ്‌ലി, സാറ ആല്‍വിന്‍. ലേക്ക്‌ഷോര്‍ ഹാര്‍ബറില്‍ താമസിക്കുന്നു. ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സാംസ്‌ക്കാരിക സദസുകളിലുമൊക്കെ മാനവീകമായ ചടുലതയോടെ മുന്നില്‍ നില്‍ക്കുന്ന ഡോ. സാം ജോസഫിന്റെ നേതൃമികവില്‍ മാഗും കൂടുതല്‍ ഉയരങ്ങളാണ് ലക്ഷ്യം വെക്കുന്നത്.