ഉമ്മുല്‍ഖുവൈന്‍(ദുബായ്): യു.എ.ഇയില്‍ മലയാളി വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്നു വീണ് മരിച്ചു. ഇന്ന് രാവിലെ അഞ്ചരയോടെയായിരുന്നു സംഭവം. കണ്ണൂര്‍ സ്വദേശികളായ ഫിറോസിന്റെയും ഷര്‍മിനാസിന്റെയും മകള്‍ മെഹക് ഫിറോസ്(15)ആണ് മരിച്ചത്. ഉമ്മുല്‍ഖുവൈന്‍ ഇംഗ്ലീഷ് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു മെഹക്.

ഇവര്‍ താമസിക്കുന്ന ഉമ്മുല്‍ഖുവൈന്‍ കിങ് ഫൈസല്‍ സ്ട്രീറ്റിലെ നാഷണല്‍ ബാങ്ക് ഓഫ് ഉമ്മുല്‍ഖുവൈന്‍ സമീപമുള്ള എന്‍.ബി.24 ജിം എന്ന ആറുനില കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്നാണ് മെഹക് വീണത്. സംഭവം അറിഞ്ഞ ഉടനെ ബോധരഹിതയായി മാതാവിനെ ആശുപത്രിയില്‍ എത്തിച്ചു. മെഹകിന്റെ പിതാവ് ഇപ്പോള്‍ നാട്ടിലാണ്. മെഹകിന് രണ്ട് സഹോദരങ്ങളാണുള്ളത്. പഠിക്കാന്‍ മിടുക്കിയായിരുന്ന മെഹകിന്റെ മരണകാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.