കൊച്ചി : നടന്‍ ഷെയ്ന്‍ നിഗമിനെ നിര്‍മ്മാതാക്കള്‍ വിലക്കിയ നടപടി ഒത്തുതീര്‍ക്കാന്‍ താരസംഘടനയായ അമ്മ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് നിര്‍വാഹക സമിതി അംഗം ഉണ്ണി ശിവപാല്‍. പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍ അടക്കമുള്ള സംഘടനകളെ ഒരുമിച്ചിരുത്തി ചര്‍ച്ച ചെയ്താണ് പ്രശ്നം പരിഹരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
‘പ്രശ്നം രമ്യമായി പരിഹരിക്കപ്പെടണം എന്നാണ് അമ്മ അംഗമെന്ന നിലയില്‍ ആഗ്രഹിക്കുന്നത്. അമ്മ ഈ വിഷയത്തില്‍ ഒരു പരിഹാരത്തില്‍ എത്തിയിട്ടില്ല. ഒത്തുതീര്‍പ്പിന് ‘അമ്മ’ ആരെയും ഔദ്യോഗികമായി നിയോഗിച്ചിട്ടില്ല. പ്രശ്നം പ്രൊഡ്യൂസഴ്സ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള സംഘടനകളെ ഒരുമിച്ചിരുത്തി ചര്‍ച്ച ചെയ്ത് പരിഹരിക്കണം. പ്രശ്‌നത്തിന് തീര്‍പ്പുണ്ടാക്കേണ്ടത് ‘അമ്മ’ മാത്രമല്ല, പ്രൊഡ്യൂസഴ്സ് അസോസിയേഷനും കൂടി ചേര്‍ന്നാണ്.’
‘വിലക്ക് മാറി ഷെയ്ന്‍ സിനിമയില്‍ തിരിച്ചെത്തണം എന്ന് തന്നെയാണ് ആഗ്രഹം. അമ്മയുടെ കമ്മിറ്റിയില്‍ പ്രശ്നം ചര്‍ച്ച ചെയ്യണം. കമ്മിറ്റിയില്‍ തീരുമാനം എടുത്താല്‍ മാത്രമാണ് അത് അമ്മയുടെ ഔദ്യോഗിക തീരുമാനമാവുക. കഴിഞ്ഞ ദിവസം നടന്‍ സിദ്ദിഖിന്റെ വീട്ടില്‍ നടന്നത് അമ്മയുടെ ഒദ്യോഗിക ചര്‍ച്ചയല്ല,’ എന്നും ഉണ്ണി ശിവപാല്‍ പ്രതികരിച്ചു.