സുല്‍ത്താന്‍ ബത്തേരി സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനി ഷഹ്‌ല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തെത്തുടര്‍ന്ന് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വിശദമായ ശുപാര്‍ശകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചതായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ പി. സുരേഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രക്ഷകര്‍ത്താവ് വരുന്നതുവരെ കാത്തിരുന്ന ടീച്ചര്‍മാരുടെ നടപടി ശരിയായില്ലെങ്കിലും ടീച്ചര്‍മാരുടെ ഭാഗത്തുനിന്ന് വന്ന വീഴ്ചയില്‍ വകുപ്പുതല നടപടികളോ ക്രിമിനല്‍ നടപടികളോ എടുക്കേണ്ടതില്ല. പരിശോധനാ ഫലം പോസിറ്റീവ് ആയിരുന്നിട്ടും അഭിഭാഷകനായ അച്ഛന്‍ ആവര്‍ത്തിച്ച് ആന്‍റിവെനം നല്‍കാന്‍ പറഞ്ഞിട്ടും ഡോക്ടര്‍ നല്‍കാതിരുന്നതിന് ന്യായീകരണമില്ല. ഇക്കാര്യത്തില്‍ പോലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ വിശദ അന്വേഷണം നടത്തി ഡോക്ടര്‍ക്കെതിരെ നിയമനടപടികളും വകുപ്പുതല നടപടികളും സ്വീകരിക്കണം.
ഇത്തരം അപകടങ്ങളില്‍ നഷ്ടപരിഹാരം നല്‍കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിന് ഉണ്ടെന്നും, കുടുംബത്തിന് അടിയന്തരസഹായമായി പത്തുലക്ഷം രൂപ അനുവദിച്ച സര്‍ക്കാര്‍ നടപടി അഭിനന്ദനാര്‍ഹമാണെന്നും കമ്മീഷന്‍ നിരീക്ഷിച്ചു.
ക്ലാസ്‌റൂമിലെ കുഴി അടയ്ക്കാത്തത് പരിശോധിക്കാതെ ഫിറ്റ്‌നസ് നല്‍കിയ ഉദ്യോഗസ്ഥനെതിരെ ശക്തമായ വകുപ്പുതല നടപടിയെടുക്കണമെന്നും കമ്മീഷന്‍ വിലയിരുത്തുന്നു. ആന്‍റിവെനം ലഭ്യമായിട്ടും കുട്ടിക്ക് ചികിത്‌സ നിഷേധിക്കുകയും മരിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ഒഴിവാക്കാന്‍ ആരോഗ്യവകുപ്പ് സെക്രട്ടറി നടപടി സ്വീകരിക്കണം. കുട്ടി മരിക്കാനിടയായ സംഭവത്തില്‍ പോലീസ് അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കാനുള്ള നടപടി സംസ്ഥാന പോലീസ് മേധാവി സ്വീകരിക്കണം.
കേസിനാസ്പദ സംഭവത്തില്‍ വിവിധതല ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയതായി കമ്മീഷന്‍ നിരീക്ഷിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാ വകുപ്പുതല സംവിധാനങ്ങളിലെയും ഉദ്യോഗസ്ഥര്‍ കൃത്യതയോടെയും സമയനിഷ്ഠയോടെയും ജോലി ചെയ്യുന്നെന്ന് ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കണം.
സ്‌കൂള്‍ അന്തരീക്ഷത്തില്‍ കുട്ടികള്‍ക്ക് അപകടമോ രോഗാവസ്ഥയോ ഉണ്ടായാല്‍ രക്ഷിതാവ് വരുന്നതുവരെ കാത്തുനില്‍ക്കാതെ കുട്ടിക്ക് ചികിത്സ ലഭ്യമാക്കാന്‍ പ്രധാനാധ്യാപകന്‍ നടപടി സ്വീകരിക്കണം. ഇതിന് പൊതുവിദ്യാഭ്യാസ സെക്രട്ടറി നിര്‍ദേശം നല്‍കണം. എല്ലാ സ്‌കൂളുകളിലെയും കുട്ടികള്‍ക്ക് ക്ലാസ്മുറിയില്‍ ചെരുപ്പ് ഉപയോഗിക്കാന്‍ തടസ്സമില്ലെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി ഉത്തരവ് പുറപ്പെടുവിക്കണം. ഇത്തരത്തില്‍ 15 ഓളം ശുപാര്‍ശകളാണ് കമ്മീഷന്‍ സമര്‍പ്പിച്ചത്.