ഉന്നാവോയ്ക്ക് പിന്നാലെ രാജ്യത്തെ നടുക്കി ത്രിപുരയിലും കൂട്ടബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. ത്രിപുരയിലെ ശാന്തിര്‍ ബസാറിലാണ് സംഭവം. കാമുകനും അമ്മയും ചേര്‍ന്നാണ് പെണ്‍കുട്ടിയെ തീ കൊളുത്തിയത്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
17 വയസ്സുള്ള പെണ്‍കുട്ടിയെയാണ് കാമുകനും അമ്മയും ചേര്‍ന്ന് തീ കൊളുത്തിയത്. നവമാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ, യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നു. തടങ്കലിലാക്കി കാമുകന്‍ പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചു. കുട്ടിയെ കൂട്ടുകാര്‍ക്ക് കാഴ്ചവെക്കുകയും ചെയ്തു.
ഇതിന് ശേഷം പെണ്‍കുട്ടിയെ വിട്ടുനല്‍കാന്‍ പണം നല്‍കണമെന്നും ഇവര്‍ പെണ്‍കുട്ടിയുടെ വീട്ടുകാരോട് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. ഇതിനിടെയാണ് ഇന്നലെ കാമുകനും അമ്മയും ചേര്‍ന്ന് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്. നിലവിളി കേട്ടെത്തിയ അയല്‍ക്കാരാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.