ഖത്തര്‍: താലിബാന്‍ യു എസിന്റെ നിബന്ധനകള്‍ അംഗീകരിച്ചതായി സൂചന. യുഎസ്-താലിബാന്‍ സമാധാന ചര്‍ച്ച പുനരാംരഭിച്ചു. ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍വെച്ചാണ് ചര്‍ച്ച നടക്കുന്നത്. താലിബാന്‍ വക്താവ് സുഹൈല്‍ ഷാഹീന്‍ ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്. നേരത്തെ, സമാധാന ചര്‍ച്ചയ്ക്കിടെ യുഎസ് സൈനികനെ താലിബാന്‍ വധിച്ചതോടെയാണ് അമേരിക്ക ചര്‍ച്ചയില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറിയത്.

അഫ്ഗാനിസ്ഥാന്റെ സുരക്ഷാ ഉപാധികള്‍ മുന്നോട്ട് വെച്ച്‌ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കന്‍ സേനയെ അഫ്ഗാനില്‍ നിന്നും പിന്‍വലിക്കാനും നേരത്തെ ധാരണയിലെത്തിയതാണ്. അതിനിടെയാണ് താലിബാന്‍ യുഎസ് സൈനികര്‍ക്ക് നേരെ ആക്രമണം നടത്തിയത്. ഇതോടെ വീണ്ടും കൂടുതല്‍ സെന്യത്തെ വിന്യസിക്കുകയായിരുന്നു. താലിബാന്‍ നിബന്ധനകള്‍ അംഗീകരിക്കാന്‍ തയ്യാറായാല്‍ മാത്രമെ ചര്‍ച്ച ആരംഭിക്കുകയുള്ളുവെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.

യുദ്ധം അവസാനിപ്പിച്ച്‌ സമാധാന കരാറില്‍ ഒപ്പുവെക്കാന്‍ താലിബാന്‍ താത്പര്യപ്പെടുന്നുണ്ടെങ്കില്‍ വെടി നിര്‍ത്തല്‍ കരാര്‍ അംഗീകരിക്കുക, അഫ്ഗാനിസ്ഥാന് പുറത്തുള്ള തീവ്രവാദ താവളങ്ങള്‍ പൊളിച്ചു നീക്കുക തുടങ്ങിയ കാര്യങ്ങള്‍ കൂടി അംഗീകരിക്കണമെന്ന് അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷറഫ് ഘാനി പറഞ്ഞു.