ഫ്ളോറിഡയിലെ പെൻസകോള നാവികത്താവളത്തിൽ ഇന്നലെ രാവിലെ ഉണ്ടായ വെടിവയ്പിൽ മൂന്നു പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമിയെ സുരക്ഷാസൈനികർ വെടിവച്ചുകൊന്നു. ഹാവായിയിലെ ചരിത്രപ്രസിദ്ധമായ പേൾ ഹാർബറിലെ ഷിപ്പ്യാർഡിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ വെടിവയ്പു നടന്നു രണ്ടുദിവസത്തിനകമാണ് പെൻസകോള നേവൽബേസിലും ആക്രമണം നടന്നത്. പേൾ ഹാർബറിൽ ബുധനാഴ്ച രണ്ടു സിവിലിയൻ ജീവനക്കാരെ വെടിവച്ചുകൊന്ന നാവികൻ ഗബ്രിയേൽ റോമറോ സ്വയം വെടിവച്ചു ജീവനൊടുക്കുകയായിരുന്നു.
പെൻസകോള നാവികത്താവളത്തിലെ വെടിവയ്പിൽ പരിക്കേറ്റ എട്ടുപേരെ ബാപ്റ്റിസ്റ്റ് ഹെൽത്ത് കെയർ സെന്ററിൽ പ്രവേശിപ്പിച്ചു. കൂടുതൽ പേർക്കു പരിക്കേറ്റിട്ടുണ്ടെന്നാണു റിപ്പോർട്ട്. വെടിവയ്പിന്റെ വിവരങ്ങൾ പ്രസിഡന്റ് ട്രംപിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്നും വൈറ്റ്ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി ജുഡ് ഡീർ പറഞ്ഞു.
ഫ്ളോറിഡയിലെ പെൻസ കോള നാവികത്താവളത്തിൽ പതിനാറായിരം സൈനികരാണുള്ളത്. ഏഴായിരത്തോളം സിവിലിയന്മാരും ഇവിടെ ജോലി ചെയ്യുന്നു. നാവികസേനയിലെ പൈലറ്റുമാർക്കു പരിശീലനം നൽകുന്ന താവളംകൂടിയാണിത്.