വാഷിംഗ്ടണ്‍, ഡി.സി: എച്ച്-1 ബി വിസ ലഭിക്കുവാന്‍ അടുത്ത വര്‍ഷം മുതല്‍ ആദ്യം ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യണമെന്നു യു.എസ്. സിറ്റിസന്‍ഷിപ്പ് ആന്‍ഡ് ഇമ്മിഗ്രേഷന്‍ സര്‍വീസസ് അറിയിച്ചു.

ഇതനുസരിച്ച് 10 ഡോളര്‍ രജിസ്റ്റ്രേഷന്‍ ഫീ നല്കി തൊഴിലുടമയും വിസ അപേക്ഷകനും അവരുടെ അത്യാവശ്യ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. അടുത്ത മാര്‍ച്ച് 1 മുതല്‍ 20 വരെ ഇതിനു സമയം നല്‍കും.

പ്രതിവര്‍ഷം നല്‍കുന്ന എച്ച്-1 ബി ക്വാട്ടക്കും (65,000) അമേരിക്കയില്‍ നിന്നു ഉന്നത ബിരുദം നേടിയിട്ടുള്ളവര്‍ക്കുള്ള ക്വാട്ടയിലും (20,000) അപേക്ഷിക്കാന്‍ രജിസ്റ്റര്‍ ചെയ്യണം.

ക്വാട്ടയില്‍ കൂടുതല്‍ പേര്‍ അപേക്ഷിച്ചാല്‍ അവരെ കമ്പ്യൂട്ടര്‍ ലോട്ടറി വഴി തെരെഞ്ഞെടുക്കും.

തെരെഞ്ഞെടുക്കപ്പെട്ടവര്‍ മാത്രം വിശദമായ അപേക്ഷ നല്കിയാല്‍ മതി. ഒട്ടേറേ സമയവും പണവും ലാഭിക്കാന്‍ പുതിയ രീതി സഹായകമാകുമെന്നു യു.എസ്.ഐ.എസ്. അവകാശപ്പെടുന്നു.