സര്‍ക്കാര്‍ സഹായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ വൊഡാഫോണ്‍ ഐഡിയ അടച്ചുപൂട്ടേണ്ടിവരുമെന്ന് ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ള. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ലീഡര്‍ഷിപ്പ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ആശ്വാസ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കമ്ബനി എങ്ങനെ മുന്നോട്ട് പോകും എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കുമാര്‍ ബിര്‍ള.

സര്‍ക്കാര്‍ സഹായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കൂടുതല്‍ പണം കമ്ബനിയില്‍ നിക്ഷേപിക്കില്ലെന്നും ബിര്‍ള സൂചിപ്പിച്ചു. സര്‍ക്കാരിന്റെ ഉത്തേജന നടപടികളുടെ അഭാവത്തില്‍ കമ്ബനിയ്ക്ക് പാപ്പരത്ത നടപടികള്‍ തിരഞ്ഞെടുക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരില്‍ നിന്ന് അടിയന്തര സഹായം തേടി ബിര്‍ളയും വോഡഫോണ്‍ ഐഡിയയിലെ മുതിര്‍ന്ന എക്സിക്യൂട്ടീവുകളും കഴിഞ്ഞയാഴ്ച ഉന്നത ഉദ്യോഗസ്ഥരെ സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

കമ്ബനികള്‍ ടെലികോം ഇതര വരുമാനങ്ങള്‍ കൂടി കണക്കിലെടുത്ത് മൊത്തം വരുമാനത്തിന്റെ നിശ്ചിത ശതമാനം സര്‍ക്കാരിന് ഫീസായി നല്‍കണമെന്ന സുപ്രീം കോടതി വിധി വന്നതോടെയാണ് വൊഡാഫോണ്‍ ഐഡിയ, എയര്‍ടെല്‍ തുടങ്ങിയ കമ്ബനികള്‍ കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുന്നത്. .കുടിശികയും അതിനുള്ള പിഴയും പലിശയും ചേര്‍ത്ത് 81,000 കോടി രൂപയാണ് വൊഡാഫോണ്‍ ഐഡിയയ്ക്ക് അടയേക്കേണ്ടി വരുന്നത്.

സെപ്റ്റംബര്‍ പാദത്തില്‍ വോഡഫോണ്‍ ഐഡിയ 50,921 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എജിആര്‍ വിധിയെത്തുടര്‍ന്ന് വൊഡാഫോണ്‍ ഐഡിയയുടെ ഓഹരി വില കുത്തനെ ഇടിഞ്ഞു. എജിആര്‍ കുടിശ്ശിക സംബന്ധിച്ച സുപ്രീം കോടതിയുടെ ഒക്ടോബര്‍ 24 ലെ വിധിക്കെതിരെ കമ്ബനി ഒരു അവലോകന ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്