ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതി വിനയ് ശര്‍മ സമര്‍പ്പിച്ച ദയാഹര്‍ജി തള്ളണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശുപാര്‍ശ നല്കി. ദയാഹര്‍ജി ലഭിച്ച സമയത്ത് രാഷ്ട്രപതി ഡല്‍ഹി സര്‍ക്കാരിനോടും കേന്ദ്രസര്‍ക്കാരിനോടും കേസിന്റെ വിശദാംശങ്ങള്‍ അന്വേഷിച്ചിരുന്നു.
ഡല്‍ഹി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രതിയുടെ ദയാഹര്‍ജി തള്ളിയിരുന്നു. ഡല്‍ഹി സര്‍ക്കാരിന്റെ ശുപാശ അംഗീകരിച്ച് കേന്ദ്രസര്‍ക്കാരും സമാന നിലപാടെടുത്തിരുന്നു. അടുത്ത തിങ്കളാഴ്ചയാണ് പ്രതികളുടെ ദയാഹര്‍ജിയുമായി ബന്ധപ്പെട്ടുള്ള കേസ് പരിഗണിക്കുന്നത്.
വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുറ്റവാളികള്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നല്കിയ അപ്പീല്‍ നേരത്തേ തള്ളിയിരുന്നു. പ്രതികളില്‍ വിനയ് ശര്‍മ്മ മാത്രമാണ് രാഷ്ട്രപതിക്കു ദയാഹര്‍ജി നല്കാന് തയ്യാറായത്. രാഷ്ട്രപതി ദയാഹര്‍ജി തള്ളുന്ന സാഹചര്യമുണ്ടായാല്‍ കോടതി വധശിക്ഷ നടപ്പാക്കാന്‍ അനുമതി നല്കി ‘ബ്ലാക്ക് വാറണ്ട്’ പുറപ്പെടുവിക്കുന്നതാണ് അടുത്ത ഘട്ടം.
2012ലാണ് ഡല്‍ഹി നിര്‍ഭയ കൂട്ട ബലാത്സംഗം നടന്നത്.രാംസിംഗ്, മുകേഷ് സിംഗ്, വിനയ് ശര്‍മ, പവന് ഗുപ്ത, അക്ഷയ് താക്കൂര്‍, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. ഇതില്‍ വിചാരണക്കാലയളവില്‍ രാംസിംഗ് ആത്മഹത്യ ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പ്രതി 2015ല്‍ മോചിതനായി. മറ്റ് നാല് പേര്‍ക്കുമാണ് കോടതി വധശിക്ഷ വിധിച്ചിട്ടുള്ളത്. അതേസമയം പോക്സോ കേസ് പ്രതികള്‍ക്ക് ദയാഹര്‍ജിക്ക് അവസരം അനുവദിക്കേണ്ട ആവശ്യമില്ലെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജസ്ഥാനില്‍ സംസാരിക്കവേ വ്യക്തമാക്കിയിരുന്നു.