ചൈനക്കാരായ പുരുഷന്മാരുടെ ഭാര്യമാരാകാന്‍ പാകിസ്ഥാനില്‍ നിന്നും 629 പെണ്‍കുട്ടികളെ വിറ്റതായി ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. പാകിസ്ഥാനിലെ മാധ്യമങ്ങളുടെ സഹായത്തോടെ അസ്സോസിയേറ്റ് പ്രസ്സ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് വിവരങ്ങളുള്ളത്. 2018 മുതല്‍ നടന്ന മനുഷ്യകടത്തിലെ വിവരങ്ങളാണ് അസ്സോസിയേറ്റ് പ്രസ്സ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

സാമ്ബത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളെയാണ് വിവാഹ മാഫിയ ലക്ഷ്യമിടുന്നത്. പാകിസ്ഥാനിലെ ന്യൂനപക്ഷമായ ക്രിസ്ത്യന്‍ പെണ്‍കുട്ടികളാണ് വിവാഹമാഫിയ ലക്ഷ്യമിടുന്നവരില്‍ ഏറെയും. ഇത്തരത്തില്‍ ചൈനയിലേക്ക് വിവാഹത്തിലൂടെ കടത്തപ്പെടുന്ന പെണ്‍കുട്ടികള്‍ പിന്നീട് തടവറകളില്‍ അടക്കപ്പെടുകയോ,വേശ്യാവ്രുത്തിയിലേക്ക് തള്ളപെടുകയോ ആണ് പതിവ്. അത്തരത്തില്‍ പീഡനമേറ്റ് തിരിച്ചുവന്നവരിലൂടെയാണ് വിവരങ്ങള്‍ പുറംലോകം അറിയുന്നത്.

ഇത്തരത്തില്‍ വിവാഹങ്ങള്‍ നടത്താന്‍ പാകിസ്ഥാനിലും ചൈനയിലും നിരവധി ഇടനിലക്കാരുമുണ്ട്. ഇവര്‍ 40 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയാണ് ചൈനീസ് വരന്റെ കയ്യില്‍ നിന്നും വിവാഹത്തിനായി കൈപറ്റുന്നത്. എന്നാല്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് കിട്ടുന്നത്
വെറും 2 ലക്ഷം രൂപയോളമാണ്.

അതേസമയം മനുഷ്യകടത്ത് നടക്കുന്നതായുള്ള വിവരങ്ങളെ തുടര്‍ന്നുള്ള അന്വേഷണം പാക് അധികൃതര്‍ നിര്‍ത്തിവെച്ചതായും റിപ്പോര്‍ട്ടുണ്ട്. ചൈനയുമായുള്ള ഉഭയകക്ഷി ബന്ധം മോശമാകുമെന്ന് കണ്ടാണ് പാക് അധികൃതര്‍ അന്വേഷണം തടയുന്നത്