നെടുമ്ബാശ്ശേരി: ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് പറന്ന വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് മസ്കറ്റില്‍ ലാന്‍ഡ് ചെയ്തു . ദുബായില്‍നിന്ന് കൊച്ചിയിലെത്തിയ ശേഷം തുടര്‍ന്ന് ചെന്നൈയിലേക്ക് പോകേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനമാണ് തകരാറിനെ തുടര്‍ന്ന് യാത്രാമധ്യേ മസ്കറ്റില്‍ ഇറക്കിയത്. ഈ വിമാനം മസ്കറ്റില്‍ കുടുങ്ങിയതിനാല്‍ കൊച്ചിയിലേക്കുള്ള സര്‍വീസ് മണിക്കൂറുകളോളം വൈകി. തന്മൂലം കൊച്ചിയില്‍ നിന്ന് ചെന്നൈയിലേക്കുള്ള തുടര്‍ സര്‍വീസും ഉണ്ടായില്ല.
സര്‍വീസ് മുടങ്ങിയതിനാല്‍ ചെന്നൈക്ക് പോകേണ്ടിയിരുന്ന യാത്രക്കാര്‍ വിമാനത്താവളത്തില്‍ ബഹളം വെച്ചു. അതിനാല്‍ അധികൃതര്‍ ഏതാനും യാത്രക്കാരെ ഇതര വിമാനങ്ങളില്‍ കയറ്റിവിട്ടു. ബാക്കിയുള്ള യാത്രക്കാരെ വ്യാഴാഴ്ചത്തെ വിമാനത്തിലയയ്ക്കും. മസ്കറ്റില്‍ ഇറക്കിയ വിമാനം സാങ്കേതിക തകരാര്‍ പരിഹരിച്ച് വൈകീട്ട് കൊച്ചിയില്‍ മടങ്ങിയെത്തി.