ന്യൂഡല്‍ഹി : ഡല്‍ഹി നിര്‍ഭയക്കേസിലെ പ്രതി വിനയ് ശര്‍മയുടെ ദയാഹര്‍ജി തള്ളണമെന്ന് രാഷ്ട്രപതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ ശിപാര്‍ശ. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതു സംബന്ധിച്ച ശിപാര്‍ശ രാഷ്ട്രപതി ഭവന് കൈമാറിയത്. ഉടന്‍ തന്നെ രാഷ്ട്രപതി ഹര്‍ജി പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വധശിക്ഷ കാത്ത് കഴിയുന്ന നാലുപ്രതികളില്‍ വിനയ് ശര്‍മ മാത്രമാണ് ദയാഹര്‍ജി നല്‍കിയത്.
ഡിസംബര്‍ 16ന് സംഭവമുണ്ടായി ഏഴ് വര്‍ഷം പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ രാഷ്ട്രപതി ദയാഹര്‍ജിയില്‍ എന്ത് തീരുമാനം എടുക്കുമെന്ന ആകാംക്ഷയിലാണ് രാജ്യം.ഡല്‍ഹി സര്‍ക്കാര്‍ നിലപാട് അറിയിക്കാന്‍ വൈകിയതാണ് ദയാഹര്‍ജിയില്‍ തീരുമാനം നീളാന്‍ കാരണമായത്. ദയാഹര്‍ജി തള്ളണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തതോടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും പ്രതിയുടെ വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
പോക്സോ കേസുകളില്‍ ദയാഹര്‍ജി ഒഴിവാക്കണമെന്നും ബലാത്സംഗക്കേസ് പ്രതികളോട് ദയ പാടില്ലെന്നും രാഷ്ട്രപതി റാം നാഥ് കോവിന്ദ് വെള്ളിയാഴ്ച രാജസ്ഥാനിലെ സിരോഹിയില്‍ നടന്ന പരിപാടിയില്‍ പറഞ്ഞു. സ്ത്രീ സുരക്ഷ ഗൗരവകരമായ വിഷയമാണ്. പോക്സോ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതികള്‍ക്കു ദയാഹര്‍ജി നല്കാന് അവകാശമില്ല. ദയാഹര്‍ജികള്‍ വിലയിരുത്താന്‍ പാര്‍ലമെന്റ് തയാറാകണം. സ്ത്രീകള്‍ക്കു നേരേയുള്ള ആക്രണങ്ങള്‍ രാജ്യമനഃസാക്ഷിയെ പിടിച്ചുലയ്ക്കുന്നതായും രാഷ്ട്രപതി പറഞ്ഞു.