ഹൈദരാബാദ്; ഹൈദരാബാദില്‍ യുവ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ പോലീസ് വെടിവെച്ച്‌ കൊന്ന സംഭവത്തില്‍ പ്രതികരണവുമായി പ്രതികളിലൊരാളുടെ ഭാര്യ. ഭര്‍ത്താവ് മരിച്ച സ്ഥലത്ത് വെച്ച്‌ തന്നെയും വെടിവെച്ച്‌ വീഴ്ത്തണമെന്ന് യുവതി പറഞ്ഞു.

കേസിലെ പ്രതികളിലൊരാളായ ചിന്നകേശവലുവിന്റെ ഭാര്യയാണ് പ്രതികരണം അറിയാനെത്തിയ മാധ്യമങ്ങള്‍ക്ക് മുമ്ബില്‍ വികാരഭരിതയായത്. ഇവര്‍ ഇപ്പോള്‍ ഗര്‍ഭിണിയാണ്. ഒരു വര്‍ഷം മുമ്ബായിരുന്നു ചിന്നകേശവലുവുമായി ഇവരുടെ വിവാഹം കഴിഞ്ഞത്.

ഹൈദരാബാദില്‍ ഇന്ന് പുലര്‍ച്ചെയാണ് പ്രതികള്‍ കൊല്ലപ്പെട്ടത്. അന്വേഷണത്തിന്റെ ഭാഗമായി കൊലപാതകം പുനരാവിഷ്‌കരിക്കുന്നതിനിടയിലാണ് സംഭവം. തെളിവെടുപ്പിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവയ്‌ക്കേണ്ടി വന്നതെന്ന് പോലീസ് വ്യക്തമാക്കി. നാല് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചുവെന്ന് പോലീസ് പറഞ്ഞു.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഹൈദരാബാദിലെ ഔട്ടര്‍ റിങ് റോഡിലെ അടിപ്പാതയിലാണ് ഡോക്ടറുടെ മൃതദേഹം കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലയാളികള്‍ പോലീസിന്റെ പിടിയിലായത്. തെലങ്കാനയിലെ നാരായണ്‍പേട്ട് ജില്ലക്കാരനായ ട്രക്ക് ഡ്രൈവറും സഹായികളായ ഇരുപതുകാരായ മൂന്ന് യുവാക്കളുമാണ് കേസിലെ പ്രതികള്‍.