വാഷിങ്ടണ്‍: അധികാര ദുര്‍വിനിയോഗം നടത്തിയതിന് യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഇംപീച്ച്‌മെന്‍റ് നടപടിക്ക് വിധേയനാകണമെന്ന് സ്പീക്കര്‍ നാന്‍സി പെലോസി. ഇംപീച്ച്‌മെന്‍റ് നടപടിയുടെ വ്യവസ്ഥകള്‍ തയാറാക്കാന്‍ ജനപ്രതിനിധി സഭയായ കോണ്‍ഗ്രസിന്‍റെ ജുഡീഷ്യറി സമിതിക്ക് സ്പീക്കര്‍ നിര്‍ദേശിച്ചു.

കോണ്‍ഗ്രസ് ഇന്‍റലിജന്‍സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രണ്ടാഴ്ച നീണ്ട തെളിവെടുപ്പിന് ശേഷമാണ് സ്പീക്കറുടെ നടപടി. ഇംപീച്ച്‌മെന്‍റ് നടപടിയില്‍ ഡിസംബര്‍ 25ന് മുമ്ബുതന്നെ കോണ്‍ഗ്രസില്‍ വോട്ടെടുപ്പ് നടക്കും. തുടര്‍ന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റിലേക്ക് ഇംപീച്ച്‌മെന്‍റ് നടപടികള്‍ നീങ്ങും.

അതേസമയം, ഇംപീച്ച്‌മെന്‍റ് നടപടിയെ പ്രതിരോധിച്ച്‌ ട്രംപ് വീണ്ടും രംഗത്തെത്തി. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ അന്വേഷണം നടത്താന്‍ യുക്രെയ്ന് മേല്‍ സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്ന് ട്രംപ് വ്യക്തമാക്കി.