ഹൈദരാബാദ്: സ്ത്രീകള്‍ കൈവശം കോണ്ടം കരുതണമെന്നും ബലാത്സംഗം ചെയ്യുന്നവരുമായി സഹകരിച്ചാല്‍ അക്രമം ഒഴിവാക്കാമെന്ന ഉപദേശം നല്‍കിയ സംവിധായകന്‍ ഡാനിയേല്‍ ശ്രാവണിനെതിരെ അമ്മ രംഗത്ത്. തന്റെ മകന്റെ പ്രവര്‍ത്തിയില്‍ ലജ്ജ തോന്നുവെന്ന് ശ്രാവണിന്റെ അമ്മ പറയുന്നു.

തെലങ്കാനയില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഡാനിയല്‍ വിവാദ പരാമര്‍ശം നടത്തിയത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്. ബലാത്സംഗം നേരിടാന്‍ സ്ത്രീകളെടുക്കേണ്ട മുന്‍കരുതലുകള്‍ എന്ന മുഖവുരയോടെയാണ് സംവിധായകന്‍ തന്റെ അഭിപ്രായം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. വനിതാ സംഘടനകളും സമൂഹവും മാത്രമാണ് ഈ ക്രൂരമായ കൊലപാതകങ്ങളുടെ കാരണക്കാരെന്നും ഡാനിയേല്‍ പറയുന്നുണ്ട്.

ബലാത്സംഗം ചെയ്യുന്നവരെ സമൂഹവും കോടതിയും വെറുതെ വിട്ടാല്‍ കൊലപാതകമെന്ന ക്രൂരകൃത്യത്തില്‍ നിന്നും സ്ത്രീകള്‍ക്ക് രക്ഷപ്പെടാമെന്ന അഭിപ്രായവും ഇദ്ദേഹം മുന്‍പോട്ടു വെയ്ക്കുന്നുണ്ട്. അക്രമമില്ലാത്ത ബലാത്സംഗം സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കണമെന്നും ഇയാള്‍ പറയുന്നുണ്ട്. ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തിയ ഒരു സംഘം സ്ത്രീകളോടാണ് അമ്മയുടെ രോഷ പ്രതികരണം. സ്ത്രീകളെ അവഹേളിക്കുന്ന രീതിയില്‍ പരാമര്‍ശം നടത്തിയതിന് എല്ലാ സ്ത്രീകളോടും മാപ്പപേക്ഷിക്കണമെന്നും ഇവര്‍ മകനോട് ആവശ്യപ്പെട്ടു. ഇവര്‍ സ്ത്രീകളുമായി ഇവര്‍ സംസാരിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഡാനിയേല്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ;

ബലാത്സംഗം എന്ന് പറയുന്നത് അത്ര വലിയ കാര്യമല്ല. പക്ഷേ ബലാത്സംഗത്തിന് ശേഷമുള്ള കൊലപാതകം ഒഴിവാക്കേണ്ടതാണ്. സമൂഹവും വനിതാ സംഘടനകളുമാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതിന്റെ പ്രധാനകാരണക്കാര്‍. ബലാത്സംഗം ചെയ്യുന്ന ആള്‍ക്ക് നിയമം ഇളവ് നല്‍കിയാല്‍ കൊലപാതകമെന്ന ചിന്ത ഇത്തരക്കാരുടെ മനസില്‍ വരില്ല. വനിതാ സംഘടനകളും സമൂഹവും മാത്രമാണ് ഈ ക്രൂരമായ കൊലപാതകങ്ങളുടെ കാരണക്കാര്‍. ബലാത്സംഗം ചെയ്യുന്നവരെ സമൂഹവും കോടതിയും വെറുതെ വിട്ടാല്‍ കൊലപാതകമെന്ന ക്രൂരകൃത്യത്തില്‍ നിന്നും സ്ത്രീകള്‍ക്ക് രക്ഷപ്പെടാം.

അക്രമമില്ലാത്ത ബലാത്സംഗം സര്‍ക്കാര്‍ നിയമവിധേയമാക്കണം. 18 വയസിന് മുകളില്‍ പ്രായമുള്ള പെണ്‍കുട്ടികളെ ബലാത്സംഗത്തെ കുറിച്ച്‌ ബോധവതികളാക്കണം ( പെണ്‍കുട്ടികള്‍ പുരുഷന്‍മാരുടെ ലൈംഗികാഭിലാഷത്തെ വിലക്കാന്‍ പാടില്ല). എന്നാല്‍ മാത്രമേ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കൂ. വീരപ്പനെ കൊന്നാല്‍ കള്ളക്കടത്ത് ഇല്ലാതാവുമെന്ന് കരുതുന്നത് മണ്ടത്തരമാണ്. ലാദനെ കൊന്നാല്‍ തീവ്രവാദം ഇല്ലാതാവില്ല. ഇതുപോലെ തന്നെയാണ് നിര്‍ഭയ ആക്‌ട് കൊണ്ട് ബലാത്സംഗമോ ലൈംഗികാതിക്രമമോ തടയാന്‍ സാധിക്കില്ല.

ഇന്ത്യയിലെ പെണ്‍കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കുക. 18 വയസ് കഴിഞ്ഞവര്‍ കോണ്ടവും ഡെന്റല്‍ ഡാമുകളും കൈവശം വെയ്ക്കുക…ലൈംഗികാഭിലാഷം പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഒരു പുരുഷനും ഒരു സ്ത്രീയേയും കൊലപ്പെടുത്തില്ല. ഇത്തരത്തിലുള്ള എന്തെങ്കിലുമൊരു പദ്ധതി സര്‍ക്കാര്‍ പാസ്സാക്കേണ്ടിയിരിക്കുന്നു.