പത്തനംതിട്ട: അയോധ്യ കേസിലെ വിധിയ്ക്ക് ശേഷമുള്ള ആദ്യത്തെ ബാബറി മസ്ജിദ് ദിനമായ ഇന്ന് ശബരിമലയിലും പരിസര പ്രദേശത്തും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രാജ്യമെങ്ങും ഇന്ന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കോടതി ശരിവെച്ച നിലപാടുകളെ ചൊല്ലി മതേതരവിശ്വാസികളും മുസ്ലിം സംഘടനകകളും ഇന്ന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രകടനങ്ങള്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളെ ശിക്ഷിക്കണമെന്ന ആവശ്യവുമായി വിവിധ സംഘടനകള്‍ ഇന്ന് ഡല്‍ഹിയില്‍ പ്രകടനം നടത്തും. ഉച്ചക്ക് 2 മണിക്ക് മണ്‍ഡി ഹൗസില്‍ നിന്നും ജന്തര്‍ മന്ദറിലേക്കാണ് മാര്‍ച്ച്‌ നടത്തുക എന്നാണ് റിപ്പോര്‍ട്ട്.

അയോധ്യാ വിധിയ്ക്ക് ശേഷമുള്ള ആദ്യ തീര്‍ഥാടനകാലമാണ് ശബരിമലയില്‍. അതുകൊണ്ടുതന്നെ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സന്നിധാനത്തെ വിവിധ മേഖലകളായി തിരിച്ചാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്.

ഓരോ മേഖലയുടെയും ചുമതല ഓരോ ഡിവൈ.എസ്പി.മാര്‍ക്കാണ് നല്‍കിയിരിക്കുന്നത്. അതീവ സുരക്ഷാ മേഖലകളില്‍ കൂടുതല്‍ മെറ്റല്‍ ഡിറ്റക്ടറുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

ബോംബ് കണ്ടെത്താനും നിര്‍വീര്യമാക്കാനും പ്രത്യേകം പരിശീലനം ലഭിച്ച ടീം എല്ലായിടത്തും ജാഗ്രത പുലര്‍ത്തും. ബാഗുകള്‍ പരിശോധിക്കാന്‍ കൂടുതല്‍ സ്‌കാനറുകള്‍ എത്തിയിട്ടുണ്ട്. സംസ്ഥാന പോലീസിന്‍റെ 25 കമാന്‍ഡോകളെയാണ് സന്നിധാനത്ത് വിന്യസിച്ചിട്ടുള്ളത്.

സംസ്ഥാന പോലീസ്, രഹസ്യാന്യേഷണ ഉദ്യോഗസ്ഥര്‍ കൂടാതെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള പോലീസിനേയും രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരേയും നിയോഗിച്ചിട്ടുണ്ട്.

ഇന്നലെ പൊലീസ്, വനപാലകര്‍, കേന്ദ്രദ്രുതകര്‍മ സേന, ദുരന്ത നിവാരണ സേന എന്നിവരുടെ നേതൃത്വത്തില്‍ സന്നിധാനത്തും ചേര്‍ന്നുള്ള വനപ്രദേശങ്ങളിലും പരിശോധന നടത്തിയിരുന്നു.

വലിയ കെട്ടിടങ്ങള്‍, ജലസംഭരണികള്‍, ഡീസല്‍ ടാങ്കുകള്‍, ഗ്യാസ് ഗോഡൗണുകള്‍, ശുദ്ധജലവിതരണ ഉറവിടമായ കുന്നാര്‍ അണക്കെട്ട് മേഖല, ഇലക്‌ട്രിസിറ്റി ഓഫീസ്, ബിഎസ്‌എന്‍എല്‍ ഓഫീസ്, ജനറേറ്റര്‍ റൂം, അരവണ പ്ലാന്റ് എന്നിവിടങ്ങളില്‍ പ്രത്യേക സുരക്ഷ ഒരുക്കിയിട്ടുണ്ട്.