ടൂറിസ്റ്റ് ബസുകള്‍ക്ക് (കോണ്‍ട്രാക്‌ട് ക്യാരേജുകള്‍) ഏകീകൃത നിറം ഏര്‍പ്പെടുത്താനുള്ള നീക്കം സംസ്ഥാന സര്‍ക്കാറിന്റെ പരിഗണനയില്‍. ഈ നിര്‍ദേശമടങ്ങിയ അജന്‍ഡ ഉടന്‍ചേരുന്ന സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (എസ്.ടി.എ) പരിഗണിക്കും. വിനോദയാത്രയ്ക്ക് ഉപയോഗിക്കുന്ന ബസുകളിലെ ചിത്രപ്പണികളും ചമയങ്ങളും പരിധി ലംഘിച്ചതിനെ തുടര്‍ന്നാണിത്.

വിനോദയാത്രയ്ക്കുള്ള ബസുകളുപയോഗിച്ച്‌ അഭ്യാസപ്രകടനം നടത്തിയതും ലേസര്‍ലൈറ്റുകള്‍വരെ ഘടിപ്പിച്ച്‌ ഉള്ളില്‍ ഡാന്‍സ് ഫ്‌ളോറുകള്‍ സജ്ജീകരിച്ചതും പരാതിക്കിടയാക്കിയിരുന്നു. ടൂര്‍ ഓപ്പറേറ്റര്‍മാര്‍ തമ്മിലുള്ള അനാരോഗ്യകരമായ മത്സരമായിരുന്നു ഇതിനു കാരണം. ബസ്സുടമകളുടെ സംഘടനതന്നെ ഏകീകൃത നിറം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്ക് നിവേദനം നല്‍കിയിരുന്നു.

കോണ്‍ട്രാക്‌ട് ക്യാരേജ് വിഭാഗത്തില്‍ ഒരു നിറമാണ് പരിഗണിക്കുന്നത്. പഴയ ബസുകള്‍ പുതിയ നിറത്തിലേക്കു മാറാന്‍ സാവകാശം നല്‍കും. പുതിയ ബസുകള്‍ നിഷ്‌കര്‍ഷിക്കുന്ന നിറത്തില്‍ ഇറക്കണം.