ബംഗളൂരു: കര്‍ണാടകത്തിലെ 15 നിയമസഭാ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി എട്ടുമുതല്‍ 12 സീറ്റുകള്‍ നേടുമെന്ന് എക്‌സിറ്റ്‌പോള്‍. കോണ്‍ഗ്രസ് ആറ് മുതല്‍ എട്ടുസീറ്റുകള്‍ വരെ നേടിയേക്കാം. ജനതാദള്‍ സെക്യുലറിന് ഒരു സീറ്റ് ലഭിച്ചേക്കുമെന്നാണ് എക്‌സിറ്റ് പോള്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത്.പവര്‍ ടിവി, പബ്ലിക് ടിവി ബി ടിവി എന്നിവരുടെ എക്‌സിറ്റുപോളുകളാണ് പുറത്തുവന്നത്.

224 അംഗ സഭയില്‍ ഏഴ് സീറ്റെങ്കിലും വിജയിയിച്ചാല്‍ മാത്രമെ ബിജെപിക്ക് ഭരണം നിലനിര്‍ത്താനാകൂ. സ്വതന്ത്രനടക്കം 106 അംഗങ്ങളുടെ പിന്തുണയാണ് സര്‍ക്കാരിന്. കോണ്‍ഗ്രസിന് 66ഉം ജനതാദളിന് 34ഉം അംഗങ്ങളുണ്ട്. അയോഗ്യരാക്കിയ 16 കോണ്‍ഗ്രസ്, ജനതാദള്‍ എംഎല്‍എമാരില്‍ 13 പേരും നിലവിലെ മണ്ഡലത്തില്‍നിന്ന് ബിജെപി സ്ഥാനാര്‍ഥികളായാണ് മത്സരിച്ചത്.

ഇവയെല്ലാം കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും സിറ്റിങ് സീറ്റുകളാണ്. കോണ്‍ഗ്രസ് സഖ്യസര്‍ക്കാരില്‍നിന്ന് 17 എംഎല്‍എമാര്‍ രാജിവച്ചതാണ് തെരഞ്ഞെടുപ്പിന് കളമൊരുക്കിയത്. ഇവരില്‍ 14 പേരും ബിജെപിയില്‍ ചേര്‍ന്നു.

കൂട്ടുകക്ഷി സര്‍ക്കാര്‍ വീണ ശേഷം ജെഡിഎസ് കോണ്‍ഗ്രസ് സഖ്യം തകര്‍ന്നിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും മത്സരിക്കുന്നത് ഒറ്റക്കൊറ്റക്കാണ്. ഭൂരിപക്ഷം കിട്ടില്ലെന്ന് മനസിലാക്കി കൂടുതല്‍ എംഎല്‍എമാരുടെ രാജിയ്ക്ക് ബിജെപി ശ്രമിക്കുന്നതായാണ് കോണ്‍ഗ്രസ് ആരോപണം. എന്നാല്‍, 12 സീറ്റെങ്കിലും ജയിക്കുമെന്നാണ് യെദ്യൂരപ്പ അവകാശപ്പെടുന്നു.