മലപ്പുറം : ( 05.12.2019) വയനാട് എംപി രാഹുല്‍ ഗാന്ധി മലപ്പുറം കരുവാരക്കുണ്ട് ഹൈസ്‌കൂളില്‍ നടത്തിയ പ്രസംഗം പരിഭാഷ ചെയ്ത അതേ സ്‌കൂളിലെ പ്ലസ് ടു സയന്‍സ് വിദ്യാര്‍ത്ഥി സഫ സെബിന് അഭിന്ദന പ്രവാഹം. കരുവാരക്കുണ്ട് ഹൈസ്‌കൂളിലെ സയന്‍സ് ലാബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

ഇതിനിടെ സാധാരണയില്‍ നിന്നും വിപരീതമായി കൂടിനിന്നിരുന്ന കുട്ടികളോട് തന്റെ പ്രസംഗം മലയാളത്തിലേക്ക് പരിഭാഷ ചെയ്യാമോ എന്ന് രാഹുല്‍ ചോദിക്കുകയായിരുന്നു. ഇതോടെ യാതൊരു പതര്‍ച്ചയുമില്ലാതെ എഴുന്നേറ്റ സഫയെ രാഹുല്‍ വേദിയിലേക്ക് വിളിപ്പിക്കുകയായിരുന്നു. പരിചയ സമ്ബന്നരായ ആളുകള്‍ക്ക് പോലും പരിഭാഷപ്പെടുത്തുമ്ബോള്‍ അല്‍പം സങ്കോചം ഉണ്ടാകാറുണ്ട്. എന്നാല്‍ സഫയെ സംബന്ധിച്ചിടത്തോളം അതൊന്നും ഉണ്ടായില്ല.

അതേസമയം രാഹുല്‍ഗാന്ധിലൂടെ പ്രസംഗം തര്‍ജമ ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് സഫ സെബിന്‍ മാധ്യമങ്ങളോട് പറഞ്ഞു. രാഹുല്‍ ഗാന്ധിയെ കാണാനും ഒപ്പം നിന്ന് ഒരു പടമെടുക്കാനും ഒരുപാട് ആഗ്രഹിച്ചിരുന്നുവെന്നും ഇപ്പോള്‍ അത് നടപ്പായെന്നും സഫ പറഞ്ഞു.

വ്യാഴാഴ്ച മലപ്പുറത്ത് രണ്ടു പരിപാടികളിലാണ് രാഹുല്‍ഗാന്ധി പങ്കെടുക്കുന്നത്. വയനാട് എം പി രാഹുല്‍ ഗാന്ധി മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായാണ് കേരളത്തിലെത്തിയത്. വയനാട്ടിലെ സര്‍വജന സ്‌കൂളില്‍ പാമ്ബുകടിയേറ്റു മരിച്ച ഷെഹ് ല ഷെറിന്റെ വീടും സര്‍വജന സ്‌കൂളും രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച സന്ദര്‍ശിക്കും.