തിരുവനന്തപുരത്ത് ഇന്ദിരാ ഭവനില്‍ കൂടിയ മഹിളാ കോണ്‍ഗ്രസ് യോഗത്തില്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്റ് ലീല മാരേട്ടിനെ മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് ലതികാ സുഭാഷ് ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ദേശീയ പ്രസിഡന്റ് ലതിക സുഭാഷ്, ബിന്ദു കൃഷ്ണ, ശ്യാമള, റോസ് രാജന്‍ എന്നീ മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്റ് ഒരു വനിത ആയതിന്റെ സന്തോഷം പ്രകടിപ്പിക്കുകയും, നിയമനത്തില്‍ അഭിമാനംകൊള്ളുന്നുവെന്നും പ്രസ്താവിച്ചു.

കേരളത്തില്‍ ആണെങ്കിലും കൂടുതല്‍ വനിതകള്‍ പൊതുരംഗത്ത് വരികയും, തെരഞ്ഞെടുപ്പിലൂടെ പഞ്ചായത്ത് പ്രസിഡന്റുമാര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍, കളക്ടര്‍മാര്‍ എന്നീ രംഗങ്ങളില്‍ ശക്തമായ കര്‍മ്മപരിപാടികളിലൂടെ തങ്ങളുടെ പ്രാഗത്ഭ്യം തെളിയിച്ചുവരുന്നു. കേരളം നേരിട്ട പ്രളയക്കെടുതിയില്‍ വനിതാ കളക്ടര്‍മാരുടെ സേവനം അതി പ്രശംസനീയമായിരുന്നുവെന്നു അഭിപ്രായപ്പെട്ടു.

അരൂരില്‍ നിന്നു നിയമസഭയിലേക്ക് ജയിച്ച ഷാനിമോള്‍ ഉസ്മാന്റെ വന്‍ വിജയത്തില്‍ മഹിളാ കോണ്‍ഗ്രസ് വഹിച്ച പങ്ക് അങ്ങേയറ്റം ശ്ശാഘനീയമാണെന്നു പ്രസിഡന്റ് അഭിപ്രായപ്പെട്ടു. 55-വര്‍ഷത്തെ ഇടതുപക്ഷ കോട്ട തകര്‍ക്കുവാന്‍ മഹിളാ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി കൈകോര്‍ത്ത് പ്രവര്‍ത്തിച്ച് തങ്ങളുടെ മഹിളാ നേതാവ് ഷാനിമോളെ ജയിപ്പിച്ചതില്‍ അങ്ങേയറ്റം അഹ്ലാദം പ്രകടിപ്പിച്ചു. പ്രത്യേകിച്ച് പ്രതിപക്ഷത്ത് ഒരു വനിത മാത്രമേ നിയമസഭയില്‍ നിലവിലുള്ളൂ എന്നതും എടുത്തുപറയേണ്ടതാണ്. അരൂര്‍ സീറ്റ് ഇനിയും കോണ്‍ഗ്രസ് തന്നെ നിലനിര്‍ത്തട്ടെ എന്നു ആശംസിക്കുകയും അതിനുവേണ്ടി കഠിനാധ്വാനം ചെയ്തവരെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അനുമോദിക്കുകയും ചെയ്തു.