പാര്‍ലമെന്റ് ക്യാന്റീനില്‍ വര്‍ഷങ്ങളായി തുടരുന്ന സബ്‌സിഡി ഒഴിവാക്കാന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ഐക്യകണ്‌ഠേന തീരുമാനമെടുത്തു. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയാണ് അംഗങ്ങള്‍ക്ക് മുന്നില്‍ ഇത്തരമൊരു നിര്‍ദ്ദേശം വെച്ചത്. സ്പീക്കറുടെ നിര്‍ദ്ദേശം നടപ്പാക്കേണ്ടതാണെന്ന് എംപിമാര്‍ ഒറ്റക്കെട്ടായി തീരുമാനിച്ചതോടെയാണ് പാര്‍ലമെന്റ് ക്യാന്റീനിലെ ഭക്ഷ്യ സബ്‌സിഡി അവസാനിച്ചത്.

ലോക്‌സഭയുടെ ബിസിനസ്സ് അഡൈ്വസറി കമ്മിറ്റി അംഗങ്ങളായ എല്ലാ പാര്‍ട്ടികളും കാന്റീന്‍ സബ്‌സിഡി ഒഴിവാക്കുന്നതിനെ അനുകൂലിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഈ തീരുമാനം വഴി വര്‍ഷത്തില്‍ 17 കോടി രൂപയുടെ ലാഭം ഉണ്ടാകുമെന്നാണ് വിവരം. പാര്‍ലമെന്റ് ക്യാന്റീനില്‍ ഇനി ഭക്ഷണം യഥാര്‍ത്ഥ വിലയില്‍ തന്നെ വാങ്ങേണ്ടിവരും.

2015ലാണ് പാര്‍ലമെന്റ് ക്യാന്റീനില്‍ അംഗങ്ങള്‍ക്ക് വന്‍തോതില്‍ സബ്‌സിഡി നിരക്കില്‍ ഭക്ഷണം നല്‍കുന്നതായി വാര്‍ത്ത പുറത്തുവന്നത്. ഇതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളും ഉയര്‍ന്നിരുന്നു. 80% വരെ വില ചുരുക്കിയാണ് പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ഭക്ഷണം ലഭ്യമാക്കിയിരുന്നത്. ആ സമയത്ത് ബിജെഡി ലോക്‌സഭാ എംപിയായിരുന്ന ബൈജയന്ത് ജേ പാണ്ഡ ഈ സബ്‌സിഡി എടുത്ത് കളയുന്നത് നിയമനിര്‍മ്മാതാക്കള്‍ക്ക് മേല്‍ ജനങ്ങളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്ന് ചൂണ്ടിക്കാണിച്ച്‌ കത്തയച്ചിരുന്നു.

അന്ന് ലാഭവും, നഷ്ടവുമില്ലാതെ പ്രവര്‍ത്തിക്കാനാണ് തീരുമാനിച്ചെങ്കിലും ഇപ്പോള്‍ യഥാര്‍ത്ഥ വിലയില്‍ തന്നെ വില്‍ക്കാനാണ് നീക്കം. എന്നിരുന്നാലും പുറത്ത് ലഭിക്കുന്ന ഭക്ഷണത്തേക്കാള്‍ വില കുറവ് തന്നെയാണ് പാര്‍ലമെന്റ് ക്യാന്റീനിലുള്ളത്. നിലവില്‍ 65 രൂപ കൊടുത്താല്‍ ഹൈദരാബാദി ചിക്കന്‍ ബിരിയാണിയും, 45 രൂപയ്ക്കും മട്ടണ്‍ കറി ലഭിക്കുന്നതും അവസാനിക്കും.