പുനലൂര്‍: അമിത പുക പറത്തി ആര്‍ടി ഓഫീസിനു മുന്നിലൂടെ പാഞ്ഞ കെഎസ്‌ആര്‍ടിസി ബസിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദ് ചെയ്തു. പുനലൂര്‍ നെല്ലിപ്പിള്ളിയിലാണ് സംഭവം. മോട്ടോര്‍ വാഹന വകുപ്പ് അധികൃതരാണ് ബസിന്റെ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കേറ്റ് റദ്ദ് ചെയ്തത്.

വേഗപ്പൂട്ട് പ്രവര്‍ത്തിക്കാതിരുന്നതും അമിത പുകയുമാണ് ഉടനടി നടപടിക്ക് കാരണമായത്. പുനലൂര്‍-കായംകുളം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കെഎസ്‌ആര്‍ടിസി കായംകുളം ഡിപ്പോയുടെ ഓര്‍ഡിനറി ബസിന്റെ കാര്യക്ഷമതാ സര്‍ട്ടിഫിക്കറ്റാണ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കിയത്.

കഴിഞ്ഞദിവസമാണ് നെല്ലിപ്പള്ളിയിലെ സബ് ആര്‍ടി ഓഫീസിന് മുന്നിലൂടെ അമിതമായി പുക പറത്തി പാഞ്ഞത്. ഉടനെ അധികൃതര്‍ ബസ് നിര്‍ത്തിച്ച്‌ പരിശോധിച്ചു. അപ്പോഴാണ് സ്പീഡ് ഗവര്‍ണര്‍ വിച്ഛേദിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. പിന്നാലെ ഫിറ്റ്‌നസ് റദ്ദാക്കുകയായിരുന്നു.