വാഷിംഗ്ടണ്‍ ഡി.സി: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാര്‍ നിക്കളാവോസ് തിരുമേനിയോടൊപ്പം ഭദ്രാസന സെക്രട്ടറി ഫാ. ഡോ. വര്‍ഗീസ് എം. ഡാനിയേല്‍, കൗണ്‍സില്‍ അംഗങ്ങളായ ഡോ. ഫിലിപ്പ് ജോര്‍ജ്, സാജന്‍ മാത്യു, സജി പോത്തന്‍, സന്തോഷ് മത്തായി എന്നിവര്‍ ബ്രോങ്ക്‌സ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവക സന്ദര്‍ശിച്ചു.

ഇടവക സന്ദര്‍ശനവും, ഹോളി ട്രാന്‍സ്ഫിഗറേഷന്‍ സെന്ററിന്റെ ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന യോഗത്തില്‍ സഖറിയാ മാര്‍ നിക്കളാവോസ് മെത്രാപ്പോലീത്ത അധ്യക്ഷനായിരുന്നു. ഫാ. ഡോ. വര്‍ഗീസ് എം. ഡാനിയേല്‍ റിട്രീറ്റ് സെന്ററിന്റെ പ്രവര്‍ത്തനത്തെപ്പറ്റി വിവരണങ്ങള്‍ നല്‍കി. കൂടാതെ 47 വര്‍ഷത്തെ പാരമ്പര്യമുള്ള അമേരിക്കന്‍ ഭദ്രാസനത്തിലെ മികച്ച ഇടവകകളില്‍ ഒന്നായ ബ്രോങ്ക്‌സ് ഇടവക ഭദ്രാസനത്തിനു നല്‍കിയിട്ടുള്ള സംഭാവനകള്‍ എടുത്തുപറയുകയും ചെയ്തു.

സാജന്‍ മാത്യു, ഡോ. ഫിലിപ്പ് ജോര്‍ജ് എന്നിവര്‍ റിട്രീറ്റ് സെന്ററിനെ ഏതെല്ലാം രീതിയില്‍ സപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കുമെന്നു അറിയിക്കുകയുണ്ടായി. വികാരി റവ.ഫാ. എം.കെ. ചെറിയാന്റെ ശക്തമായ നേതൃത്വത്തേയും, ഇടവകാംഗങ്ങളുടെ കൂട്ടായ പ്രവര്‍ത്തനത്തേയും കമ്മിറ്റി അഭിനന്ദിക്കുകയും ചെയ്തു.

തിരുമേനി ഇടവകയിലെ സീനിയര്‍ അംഗങ്ങളെ ഫലകങ്ങള്‍ നല്‍കി ആദരിക്കുകയും ചെയ്തു. കൂടാതെ റവ.ഫാ. പോള്‍ ചെറിയാനെ സദസിനു പരിചയപ്പെടുത്തി. പി.എം. മത്തായി പാറയ്ക്കല്‍, ജെയ്‌സണ്‍ തോമസ് എന്നിവര്‍ സംഭാവന നല്‍കി. ഇടവകയോടും കമ്മിറ്റി അംഗങ്ങളോടുമുള്ള നന്ദി കൗണ്‍സില്‍ അംഗങ്ങള്‍ അറിയിച്ചു.