വാഷിംഗ്ടണ്‍: അമേരിക്കയില്‍ തോക്കുകള്‍ വാങ്ങുന്നതിനുള്ള പശ്ചാത്തല പരിശോധന ഈ വര്‍ഷം റെക്കോര്‍ഡിലെത്തി. അടുത്ത തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് ആഹ്വാനം ചെയ്തതിന് ശേഷമാണ് അമേരിക്കക്കാര്‍ ആയുധങ്ങള്‍ വാങ്ങാന്‍ തിരക്കുകൂട്ടുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.
തോക്ക് വാങ്ങുന്നതിനുള്ള പശ്ചാത്തല പരിശോധന സാധാരണയായി തോക്ക് വില്‍പ്പനയുടെ ശക്തമായ സൂചകമായിട്ടാണ് കാണുന്നത്. നവംബര്‍ അവസാനത്തോടെ 25.4 ദശലക്ഷത്തിലധികം പശ്ചാത്തല പരിശോധനകള്‍ എഫ്ബിഐ നടത്തി.  2016 ല്‍ 27.5 ദശലക്ഷമായിരുന്നു. അതും ബരാക് ഒബാമയുടെ അവസാന വര്‍ഷം.
അമേരിക്കയിലെ ഏറ്റവും വലിയ വില്പന ദിനമായ ‘ബ്ലാക്ക് െ്രെഫഡേ’ യില്‍ മാത്രം 202,465 പശ്ചാത്തല പരിശോധനകളാണ് എഫ് ബി ഐ നടത്തിയത്. അമേരിക്കന്‍ ഉപഭോക്താക്കളുടെ ഏറ്റവും വലിയ ഷോപ്പിംഗ് ഇവന്റാണ് ‘ബ്ലാക്ക് െ്രെഫഡേ.’
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പിന് ശേഷം, തോക്ക് വില്‍പ്പനയില്‍ ഇടിവ് നേരിട്ടിട്ടുണ്ട്.  ഇതിനെ ‘ട്രംപ് മാന്ദ്യം’ എന്നാണ് വിശേഷിപ്പിക്കുന്നത്.  ഇത് പല തോക്ക് വ്യാപാരികള്‍ക്കും വില്പന കേന്ദ്രങ്ങള്‍ക്കും ആശങ്കയ്ക്ക് ഇട നല്‍കിയിട്ടുണ്ട്.
2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒരു വര്‍ഷത്തില്‍ താഴെ മാത്രം ശേഷിക്കെ, മിക്കവാറും എല്ലാ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളും തിരഞ്ഞെടുക്കപ്പെട്ടാല്‍ തോക്കുകളുടെ വിപണന നിയന്ത്രണം തോക്ക് ഉടമകള്‍ക്കിടയില്‍ വീണ്ടും ആശങ്കകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
‘ട്രംപ് മാന്ദ്യം’ യാഥാര്‍ത്ഥ്യമാണ്, എന്നാല്‍ തോക്ക് രാഷ്ട്രീയം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അല്പം കുറവാണ്’, ലോസ് ഏഞ്ചല്‍സിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പ്രൊഫസറും സ്‌കൂള്‍ ഓഫ് ലോയില്‍ ‘തോക്കുകളുടെ അവകാശവും രാഷ്ട്രീയവും’ എന്ന വിഷയത്തില്‍ വിദഗ്ദ്ധനുമായ ആദം വിങ്ക്‌ലര്‍ പറയുന്നു.
അമേരിക്കയിലെ തോക്ക് വ്യവസായം അതിന്റെ ഏറ്റവും കഠിനമായ കാലഘട്ടങ്ങളിലൂടെ കടന്നുപോകുകയാണെന്നതിന്റെ തെളിവാണ് റെമിംഗ്ടണ്‍ ആര്‍മ്‌സ് പോലുള്ള ചില തോക്ക് നിര്‍മ്മാതാക്കള്‍ പാപ്പരന്യായം ഫയല്‍ ചെയ്യാന്‍ പ്രേരിതരായത്.   മറ്റൊരു പ്രമുഖ തോക്ക് നിര്‍മ്മാതാക്കളായ കോള്‍ട്ട് എ.ആര്‍ 15 റൈഫിളുകളുടെ ഉത്പാദനം നിര്‍ത്തിവയ്ക്കുമെന്ന് അറിയിച്ചു കഴിഞ്ഞു.
സമീപ വര്‍ഷങ്ങളില്‍ ഉയര്‍ന്ന തോതിലുള്ള കൂട്ട വെടിവയ്പുകള്‍ തോക്ക് നിയന്ത്രണം അനിവാര്യമാണെന്ന ആവശ്യം കൂടി വരികയാണ്. ഓഗസ്റ്റില്‍ നടന്ന 36 കൂട്ട വെടിവയ്പുകളെത്തുടര്‍ന്ന്, അക്രമവുമായി ബന്ധപ്പെട്ട മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും പശ്ചാത്തല പരിശോധന വിപുലീകരിക്കുന്നതിനുമുള്ള നടപടിയെ അനുകൂലിക്കുന്നതായി ട്രംപ് പറഞ്ഞു.
കൂട്ട വെടിവയ്പിന് ശേഷം തോക്ക് നിയന്ത്രണം കൊണ്ടുവരാനുള്ള ശ്രമങ്ങള്‍, നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ (എന്‍ആര്‍എ) നടത്തിയ ശക്തമായ ലോബിയുടെ ശ്രമത്താല്‍ പരാജയപ്പെട്ടു.
തോക്ക് നിയന്ത്രണ ശ്രമങ്ങളെയും സാമ്പത്തികമായി പിന്തുണയ്ക്കുന്ന രാഷ്ട്രീയക്കാരെയും എന്‍ആര്‍എ നിരന്തരം എതിര്‍ക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ട്രംപിനെ വിജയിപ്പിക്കുന്നതിനായി 30 മില്യണ്‍ ഡോളറാണ് ചെലവഴിച്ചത്. 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തോക്ക് അവകാശ ലോബി 54 മില്യണ്‍ ഡോളര്‍ ചെലവഴിച്ചു.
2019 ല്‍ ഇതുവരെ അമേരിക്കയിലുടനീളം നടന്ന കൂട്ട വെടിവയ്പുകളുടെ എണ്ണം 385 ല്‍ എത്തി നില്‍ക്കുന്നു. ഇത് 36,000 മരണങ്ങള്‍ക്കും 27,000 ത്തിലധികം പരിക്കുകള്‍ക്കും കാരണമായതായി തോക്ക് അക്രമ ഗവേഷണ സംഘം റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജ്യത്തെ ഓരോ മാസ് ഷൂട്ടിംഗും നിരീക്ഷിക്കുന്ന ഗണ്‍ വയലന്‍സ് ആര്‍കൈവ് (ജിവിഎ) ഗവേഷണ സംഘം ട്രാക്ക് സൂക്ഷിക്കാന്‍ തുടങ്ങിയ 2014 മുതല്‍ ഓരോ വര്‍ഷത്തേക്കാളും കൂടുതല്‍ മാസ് ഷൂട്ടിംഗ് 2019 ലാണ് ഉണ്ടായിട്ടുള്ളതെന്ന് പറയുന്നു.
ഈ വര്‍ഷം 335ാം ദിവസമായ ഡിസംബര്‍ ഒന്നു വരെ യുഎസില്‍ 385 കൂട്ട വെടിവയ്പുകള്‍ നടന്നിട്ടുണ്ടെന്ന് ജിവിഎയില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു.