മലപ്പുറം: രാജ്യത്ത് ഒരു തരത്തിലുള്ള വിവേചനവും അനുവദിക്കാനാവില്ലെന്നും ദേശീയ പൗരത്വ ബില്ലിനെ ശക്തമായി എതിര്‍ക്കുമെന്നും കോണ്‍ഗ3സ് നേതാവ് രാഹുല്‍ ഗാന്ധി. മോദിയും അമിത് ഷായും ജനങ്ങളുമായി ബന്ധമില്ലാതെയാണ് ജീവിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങളെ കേള്‍ക്കാന്‍ അവര്‍ തയ്യാറാവുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യം ഇപ്പോള്‍ കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലാണെന്ന് രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയതായിരുന്നു അദ്ദേഹം. വയനാട്ടിലെ സര്‍വ്വജന സ്‌കൂളില്‍ പാമ്ബുകടിയേറ്റു മരിച്ച ഷെഹ്‌ല ഷെറിന്റെ വീട് നാളെ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും.

ബത്തേരിയിലെ സര്‍വ്വജന സ്‌കൂളും രാഹുല്‍ സന്ദര്‍ശിക്കുന്നുണ്ട്. ഇന്ന് രാവിലെ കരുവാരക്കുണ്ട് സ്‌കൂള്‍ കെട്ടിടവും എടക്കര പഞ്ചായത്ത് കോംപ്ലക്‌സും ഉദ്ഘാടനം ചെയ്യുന്ന രാഹുല്‍ ഗാന്ധി നിരവധി പരിപാടികളിലാണ് പങ്കെടുക്കുന്നത്.

ഉച്ചയ്ക്ക് നിലമ്ബൂരിലെത്തി യു.ഡി.എഫ് കണ്‍വെന്‍ഷനിലും പങ്കെടുക്കും. മറ്റന്നാള്‍ ദല്‍ഹിയിലേക്ക് മടങ്ങും.