ന്യൂഡല്‍ഹി: പശ്ചിമ ആഫ്രിക്കയില്‍ കടല്‍ക്കൊള്ളക്കാര്‍ ഇന്ത്യക്കാരടങ്ങുന്ന കപ്പല്‍ തട്ടിയെടുത്തു. നെെജീരിയയിലെ ബോണി ദ്വീപിന് സമീപമാണ് സംഭവം. കപ്പലില്‍ 18 ഇന്ത്യക്കാര്‍ കുടുങ്ങിയതായാണ് റിപ്പോര്‍ട്ട്. ഇന്ത്യക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

മേഖലയില്‍ കപ്പലുകളുടെ നീക്കം നിരീക്ഷിക്കുന്ന ഏജന്‍സിയായ എ.ആര്‍.എക്സ് മാരിടൈം ആണ് ഇക്കാര്യം അറിയിച്ചത്. കപ്പലില്‍ സുരക്ഷാ ജീവനക്കാര്‍ ഉണ്ടായിരുന്നില്ല. ജീവനക്കാര്‍ സുരക്ഷിതരാണെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. ഇന്ത്യന്‍ എംബസി നൈജീരിയന്‍ അധികൃതരോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഇന്ത്യക്കാരെ രക്ഷിക്കാന്‍ അവശ്യമായ നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ പറഞ്ഞു.