ബംഗളൂരു: കര്‍ണാടകയിലെ പതിനഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. അയോഗ്യരാക്കപ്പെട്ട പതിനഞ്ച് എം.എല്‍.എമാരുടെ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

അത്താനി, ശിവാജി നഗര്‍, വിജയനഗര, യെല്ലാപൂര്‍, ഗോകക്, ഹിരെകേരൂര്‍, ഹോസകോട്ടെ,ചിക്ബല്ലാപൂര്‍,കൃഷ്ണരാഹപേട്ടെ, മഹാലക്ഷ്മി ലേ ഔട്ട്, റാണിബെന്നൂര്‍, ഹുനസുരു, കാഗ്‌വാഡ്, കെആര്‍ പുര, യശ്വന്ത്പുര്‍ എന്നീ മണ്ഡലങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. അയോഗ്യരാക്കപ്പെട്ട 17 പേരില്‍ 13 പേര്‍ക്കും ബി.ജെ.പി അതേ മണ്ഡലങ്ങളില്‍ സീറ്റ് നല്‍കിയിട്ടുണ്ട്.

15 മണ്ഡലങ്ങളില്‍ ആറിടത്തെങ്കിലും ജയിച്ചാല്‍ മാത്രമേ ബി.എസ് യെദിയൂരപ്പയ്ക്ക് സര്‍ക്കാരിനെ നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. ഭൂരിപക്ഷം ലഭിക്കാത്ത പക്ഷം ജെ.ഡി.എസുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്ന് കോണ്‍ഗ്രസ് നേതാവ് ജി. പരമേശ്വര നേരത്തെ പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പ് കഴിയുന്നതോടെ നിയമസഭയിലെ അംഗങ്ങളുടെ എണ്ണം 222 ആകും ഇതോടെ കേവല ഭൂരിപക്ഷം 112 വേണം. നിലവില്‍ ബി.ജെ.പിക്ക് 106 പേരുടെ പിന്തുണയാണുള്ളത്. കോണ്‍ഗ്രസ് ജെ.ഡി.എസ് സംഖ്യത്തിന് 100 സീറ്റുകളുമാണ് ഉള്ളത്. ഒരു ബി.എസ്.പി എം.എല്‍.എയെ കൂടി ചേര്‍ത്ത് 101 പേരുടെ പിന്തുണയുണ്ടാകും.