വാഷിങ്ടന്‍: കൈയ്യിലെ പണം തീര്‍ന്നതോടെ യുഎസ് പ്രസിഡന്റ് ആകാനുള്ള മോഹം അവസാനിപ്പിച്ച്‌ ഇന്ത്യന്‍ വംശജ കമല ഹാരിസ്. യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാനുള്ള പ്രചാരണവുമായി മുന്നോട്ടുപോകാന്‍ പണമില്ലാത്തതിനാലാണ് ഇന്ത്യന്‍ വംശജയായ ഡെമോക്രാറ്റ് നേതാവ് കമല ഹാരിസ് പിന്മാറിയതെന്ന് അവര്‍ തന്നെ പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു.

ജനങ്ങള്‍ക്കിടയില്‍ കാര്യമായ ചലനമുണ്ടാകാന്‍ കഴിയാതിരുന്നതും പിന്തുണ കുറഞ്ഞതും കൂടി കണക്കിലെടുത്താണു പിന്മാറ്റമെന്നാണ് സൂചന. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജനായ ബോബി ജിന്‍ഡാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി മത്സരത്തില്‍ നിന്നും സമാനമായ രീതിയില്‍ പിന്മാറിയിരുന്നു.

ഇന്ത്യക്കാരിയായ അമ്മയുടെയും ജമൈക്കന്‍ സ്വദേശിയായ അച്ഛന്റെയും മകളായ കമല പിന്മാറുന്നതോടെ ശേഷിക്കുന്ന പ്രമുഖ ഡെമോക്രാറ്റ് മത്സരാര്‍ത്ഥികളെല്ലാം വെളുത്ത വംശജരാണ്. ഇതുവരെ ഒപ്പം നിന്ന അനുയായികള്‍ക്കു നന്ദി പറഞ്ഞു കൊണ്ടുള്ള വീഡിയോ സന്ദേശത്തില്‍, വന്‍തുക ചെലവഴിക്കാന്‍ താന്‍ ശതകോടീശ്വരിയല്ലെന്നു കമല സൂചിപ്പിച്ചു.