പത്തനംതിട്ട: തീവ്രവാദികള്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ശബരിമല കനത്ത നിരീക്ഷണത്തില്‍. ബാബറി മസ്ജിദ് ദിനമായ ഡിസംബര്‍ ആറ് കണക്കിലെടുത്ത് ശബരിമലയില്‍ സുരക്ഷ ശക്തമാക്കി. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെയും ആഭ്യന്തരമന്ത്രാലയത്തിന്റെയും പ്രത്യേക നിര്‍ദേശത്തെത്തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കിയത്.

അയോധ്യ വിധിക്ക് ശേഷം എത്തുന്ന ആദ്യ ബാബറി മസ്ജിദ് ദിനമാണിത്. അതിനാല്‍ അതീവ ജാഗ്രതയിലാണ് ശബരിമല സന്നിധാനം. വനമേഖലയില്‍ കമാന്‍ഡോകളെ ഉള്‍പ്പടെ വിന്യസിച്ചിട്ടുണ്ട്. ശബരീ പാതയിലും കാനനപാതയിലും മരക്കൂട്ടത്തും പുല്‍മേട്ടിലും നിരീക്ഷണം ശക്തമാണെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ എ ശ്രീനിവാസ് വ്യക്തമാക്കി.

ശബരിമലയില്‍ ആയിരത്തിനു മുകളില്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. തിരുമുറ്റത്തും പുറത്തുമുള്ള കമാന്‍ഡോകളുടെ എണ്ണം ഇരട്ടിയാക്കാനാണ് തീരുമാനം. കനത്ത സുരക്ഷാ പരിശോധനകള്‍ക്ക് ശേഷമാണ് അയപ്പഭക്തരെ കടത്തി വിടുന്നത്. ഇരുമുടികെട്ടുകള്‍ ഉള്‍പ്പടെ സ്‌കാന്‍ ചെയ്യുന്നുണ്ട്.

പാലക്കാടുണ്ടായ മാവോയിസ്റ്റ് ഏറ്റുമുട്ടലിന് ശേഷം മാവോയിസ്റ്റ് സാന്നിധ്യവും നിരീക്ഷിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ ആകാശ നിരീക്ഷണവും രഹസ്യ പോലീസ് ബൈനോക്കുലര്‍ നിരീക്ഷണവുമുണ്ട്.