തിരുവനന്തപുരം: മന്ത്രി കെടി ജലീലിന് എതിരായ മാര്‍ക്ക് ദാന ആരോണം വീണ്ടും സജീവ ചര്‍ച്ചയാകുന്നു. എംജി സര്‍വകലാശാല മാര്‍ക്ക് ദാനത്തില്‍ മന്ത്രിക്ക് നേരിട്ട് പങ്കുളളതായി റിപ്പോര്‍ട്ടില്ലെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കിയിട്ടുളളത്. തനിക്ക് മാര്‍ക്ക് ദാനത്തില്‍ പങ്കില്ലെന്നും തനിക്കെതിരെ ഒരു റിപ്പോര്‍ട്ടും ഇല്ലെന്നും കെടി ജലീല്‍ പ്രതികരിച്ചു. ഗവര്‍ണറുടെ സെക്രട്ടറി മന്ത്രിയുടെ ഇടപെടല്‍ നിയമ വിരുദ്ധമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

വിഷയത്തില്‍ ജലീലിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: ‘ മന്ത്രി ശ്രീ കെടി ജലീലിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ചു എന്നാണ് സൈബര്‍ സഖാക്കള്‍ അവകാശവാദമുന്നയിക്കുന്നത് (മന്ത്രിയും അങ്ങിനെ അവകാശപ്പെടുന്നുണ്ട്). എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത്? മന്ത്രിക്കെതിരെ എന്തായിരുന്നു ആരോപണം? സാങ്കേതിക സര്‍വ്വകലാശാലയിലെയും എംജി സര്‍വ്വകലാശാലയിലെയും തോറ്റ വിദ്യാര്‍ത്ഥികള്‍ക്ക് മന്ത്രി ഇടപെട്ട് മാര്‍ക്ക് ദാനം നല്‍കി വിജയിപ്പിച്ചു എന്നായിരുന്നു ആരോപണം.

ഇത്തരമൊരു ആരോപണം പുറത്ത് വന്നപ്പോള്‍ മന്ത്രി പറഞ്ഞത് ഇത് മാര്‍ക്ക് ദാനമല്ല മോഡറേഷന്‍ മാത്രമാണെന്നാണ്. എന്നാല്‍ റിസല്‍ട്ട് പ്രഖ്യാപിക്കുന്നതിനു മുമ്ബേ പരീക്ഷാ ബോര്‍ഡ് ചേര്‍ന്ന് തീരുമാനിക്കുന്നതാണ് മോഡറേഷനെന്നും ഫലം പ്രസിദ്ധീകരിച്ചാല്‍ ബോര്‍ഡിനോ വൈസ് ചാന്‍സലര്‍ക്കോ ഒരു മാര്‍ക്ക് പോലും അധികം നല്‍കാനാവില്ല എന്നാണ് നിയമമെന്നതൊന്നും മന്ത്രി അംഗീകരിച്ചില്ല. മാത്രവുമല്ല താന്‍ ചെയ്തത് മഹത്തായ കാര്യമാണെന്ന് വരെ മന്ത്രി അവകാശപ്പെട്ടു.

ഒടുവിലെന്തായി? ചെയ്തത് തെറ്റാണെന്ന് ബോധ്യമായപ്പോള്‍ (തെറ്റ് കണ്ട് പിടിക്കപ്പെട്ടപ്പോള്‍) രണ്ട് സര്‍വ്വകലാശാലയും നിക്കക്കളളിയില്ലാതെ മാര്‍ക്ക് ദാനം റദ്ധാക്കി. തോറ്റ കുട്ടികള്‍ക്ക് ജയിച്ചു എന്ന് നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചു വാങ്ങി. ഗവര്‍ണറുടെ ഓഫീസ് ഇതേ കുറിച്ച്‌ അന്വേഷണം നടത്തി. ഡപ്യൂട്ടി സെക്രട്ടറി ഗവര്‍ണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയതായി കണ്ടെത്തി.

അവസാനം ഗവര്‍ണറും പറഞ്ഞു മാര്‍ക്ക് ദാനം തെറ്റാണെന്ന്. ചെയ്തത് മഹത്തായ കാര്യമാണെന്ന മന്ത്രിയുടെ വാദം ശരിയായിരുന്നെങ്കില്‍ മാര്‍ക്ക് ദാനം ഗവര്‍ണര്‍ ശരിവെക്കേണ്ടതല്ലേ? സര്‍വ്വകലാശാലകള്‍ തെറ്റ് തിരുത്തിയത് കൊണ്ടും മാര്‍ക്ക് ദാനത്തില്‍ മന്ത്രി നേരിട്ട് ഇടപെട്ടതിന് തെളിവില്ലാത്തത് കൊണ്ടും നടപടിക്ക് നിര്‍വ്വാഹമില്ലെന്ന ഗവര്‍ണറുടെ വിചിത്ര വാദത്തിലാണ് മന്ത്രി തല്‍ക്കാലം തടിയൂരിയത്. കക്കാന്‍ പഠിച്ചവര്‍ നിക്കാനും പഠിക്കുമല്ലോ!’

source: oneindia.com