ഹൈദരാബാദ്: ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തൂക്കിക്കൊല്ലണമെന്ന് ആവശ്യപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ വസതിക്ക് മുന്നില്‍ പ്രതിഷേധം നടത്തിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ പ്രഗതി ഭവനിലെത്തിയ തൃപ്തിയും സംഘവും അദ്ദേഹത്തെ നേരിട്ടുകാണണമെന്ന് ആവശ്യപ്പെട്ടു. തെലങ്കാനയില്‍ ഡോക്ടര്‍ അതിക്രൂരമായി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ മുന്‍കൂട്ടി അനുമതി വാങ്ങാത്തതിനാല്‍ അത് സാധ്യമല്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിക്കുകയും ഇവരെ പറഞ്ഞയക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ തൃപ്തിയും സംഘവും തിരിച്ച്‌ പോകാതെ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധം നടത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഇവരെ ബലംപ്രയോഗിച്ച്‌ മാറ്റുകയായിരുന്നു.

പ്രതികളെ ആറുമാസത്തിനകം തൂക്കിക്കൊല്ലണമെന്നാണ് തൃപ്തി ദേശായിയുടെ ആവശ്യം. സംഭവത്തില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും കാര്യമായി ഇടപെടുന്നില്ലെന്നും പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി. ഡല്‍ഹിയില്‍ പോകാനും വിവാഹത്തില്‍ പങ്കെടുക്കാനും സമയമുള്ള മുഖ്യമന്ത്രി ഇതുവരെ കൊല്ലപ്പെട്ട യുവതിയുടെ വീട്ടുകാരെ സന്ദര്‍ശിച്ചിട്ടില്ലെന്നും അവര്‍ ആരോപിച്ചു.